ജനുവരി 12ന് നടന്ന ഓട്ടോ എക്സ്പോയില്‍ മാരുതി സുസുക്കി അവതരിപ്പിച്ച 5-ഡോര്‍ ജിംനിയും ഫ്രോങ്സും ഇതുവരെ 30,000ത്തിലധികം ബുക്കിംഗുകള്‍ നേടിയതായി കമ്പനി. മാരുതിയുടെ നെക്സ റീട്ടെയില്‍ ഔട്ട്ലെറ്റുകള്‍ മുഖാന്തരമാണ് ജിംനിയും ഫ്രോങ്സും വില്‍ക്കുക. ജിംനിക്ക് 20,000 ഓര്‍ഡറുകള്‍ ലഭിച്ചപ്പോള്‍, ഫ്രോങ്സിന് ഇതുവരെ ലഭിച്ചത് 10,000 ഓര്‍ഡറുകളാണ്. രണ്ട് എസ്യുവികളുടെ വില പ്രഖ്യാപനവും, ഉപഭോക്തൃ ഡെലിവറിയും മാര്‍ച്ച് അവസാനമോ ഏപ്രില്‍ ആദ്യമോ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. സിഗ്മ, ഡെല്‍റ്റ, ഡെല്‍റ്റ+, സീറ്റ, ആല്‍ഫ എന്നീ അഞ്ച് വകഭേദങ്ങളാണ് ഫ്രോങ്സിന് നല്‍കിയിരിക്കുന്നത്. ജിംനിയാവട്ടെ സീറ്റ, ആല്‍ഫ വേരിയന്റുകളില്‍ ലഭ്യമാവും. വിലയുടെ കാര്യത്തില്‍, മാരുതി സുസുക്കി ജിംനി 9 ലക്ഷം മുതല്‍ 13 ലക്ഷം രൂപ (എക്സ്-ഷോറൂം) വരെയും, മാരുതി സുസുക്കി ഫ്രോങ്‌സിന് 6.50 ലക്ഷം മുതല്‍ 11 ലക്ഷം രൂപ (എക്സ്-ഷോറൂം) വരെയും ആവാനാണ് സാധ്യത.