ബേസില്‍ ജോസഫ്, ദര്‍ശന രാജേന്ദ്രന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്ന പുതിയ ചിത്രമാണ് ‘ജയ ജയ ജയ ജയ ഹേ’. വിപിന്‍ ദാസാണ് ചിത്രം സംവിധാനം ചെയ്യന്നത്. വിപിന്‍ ദാസും നാഷിദ് മുഹമ്മദ് ഫാമി ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍. ചിരിക്കാനും ചിന്തിക്കാനും വകയുള്ള ചിത്രമായിരിക്കും എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. ഒക്ടോബര്‍ 28ന് ചിത്രം തിയറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തും. അജു വര്‍ഗീസ്, അസീസ് നെടുമങ്ങാട്, സുധീര്‍ പരവൂര്‍, മഞ്ജു പിള്ള, ശരത് സഭ, ഹരീഷ് പെങ്ങന്‍ എന്നിവരാണ് ജയ ജയ ജയ ജയ ഹേയിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഐശ്വര്യ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആദ്യമായി രജനികാന്ത് നായകന്‍. നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്യുന്ന ജയിലര്‍ പൂര്‍ത്തിയാക്കിയശേഷം രജനികാന്ത് ഐശ്വര്യയുടെ ചിത്രത്തില്‍ അഭിനയിക്കുമെന്നാണ് വിവരം. രജനി നായകനായി അഭിനയിച്ച ദര്‍ബാര്‍ എന്ന സിനിമയുടെ നിര്‍മ്മാതാക്കളാണ് ഐശ്വര്യയുടെ ചിത്രം നിര്‍മ്മിക്കുന്നത്. ഐശ്വര്യ സംവിധാനം ചെയ്യുന്ന മൂന്നാമത് ചിത്രമാണിത്. ധനുഷിനെ നായകനാക്കി മൂന്ന് എന്ന ചിത്രം ആണ് ഐശ്വര്യയുടെ ആദ്യ സംവിധാന സംരംഭം. രജനിയുടെ ഇളയ മകളായ സൗന്ദര്യ സംവിധാനം ചെയ്ത കൊച്ചടയാന്‍ എന്ന ചിത്രത്തില്‍ രജനികാന്ത് നായകനായി അഭിനയിച്ചിരുന്നു.

ഗൂഗിളിന്റെ അറ്റാദായത്തില്‍ കനത്ത ഇടിവ്. ഗൂഗിളിന്റെ മാതൃസ്ഥാപനമായ ആല്‍ഫബെറ്റിന്റെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഗൂഗിളിന്റെ വരുമാനത്തിലെ ഇടിവ് കണക്കാക്കിയിരിക്കുന്നത്. രണ്ടാം പാദത്തില്‍ 13.9 ബില്യണ്‍ അറ്റാദായമാണ് കമ്പനി നേടിയത്. എന്നാല്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 27 ശതമാനം ഇടിവാണ് അറ്റാദായത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. യുട്യൂബ് വരുമാനം 7.21 ബില്യണില്‍ നിന്ന് രണ്ട് ശതമാനം കുറഞ്ഞ് 7.07 ബില്യണ്‍ ഡോളറായി. അതേസമയം പരസ്യ വില്പന 4 ശതമാനം വര്‍ദ്ധിച്ച് 39.5 ബില്യണ്‍ ഡോളറിലെത്തി. ആല്‍ഫബെറ്റിന് യുട്യൂബില്‍ നിന്നും ലഭിക്കുന്ന പരസ്യ വരുമാനം 1.9 ശതമാനം ഇടിഞ്ഞു.

ഡോവ് ഉള്‍പ്പെടെ ചില ബ്രാന്‍ഡുകള്‍ തിരിച്ചുവിളിച്ച് പ്രമുഖ എഫ്എംസിജി കമ്പനി യൂണിലിവര്‍. കാന്‍സറിന് കാരണമാകുന്ന രാസവസ്തു അടങ്ങിയിരിക്കുന്നു എന്ന അമേരിക്കയിലെ ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഡോവിന്റേത് അടക്കം വിവിധ ബ്രാന്‍ഡുകള്‍ക്ക് കീഴിലുള്ള ഡ്രൈ ഷാമ്പൂ ഉല്‍പ്പന്നങ്ങളാണ് തിരിച്ചുവിളിച്ചത്. ഇതില്‍ അടങ്ങിയിരിക്കുന്ന ബെന്‍സീന്‍ എന്ന രാസവസ്തു കാന്‍സറിന് കാരണമാകുമെന്ന എഫ്ഡിഎയുടെ കണ്ടെത്തലിനെ തുടര്‍ന്നാണ് നടപടി. നെക്സസ്, സുവേ, ട്രെസെമ്മെ, ടിഗി എന്നിവയാണ് തിരിച്ചുവിളിച്ച മറ്റു ബ്രാന്‍ഡുകള്‍. 2021 ഒക്ടോബറിന് മുന്‍പ് നിര്‍മ്മിച്ച ഉല്‍പ്പന്നങ്ങളാണ് തിരിച്ചുവിളിച്ചത്.

ഹോണ്ടയുടെ സ്‌പോര്‍ട്സ് ബൈക്കായ ആഫ്രിക്ക ട്വിന്‍ പുത്തന്‍ മോഡലില്‍ ഉപഭോക്താക്കള്‍ക്കായി കാത്തിരിക്കുന്നത് ഫ്രണ്ട് കാമറ ഉള്‍പ്പെടെ അത്യാധുനിക ഫീച്ചറുകള്‍. ഓഫ്-റോഡുകളിലെ റൈഡിംഗിന് റൈഡറെ സഹായിക്കുംവിധമാണ് കാമറ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. ഹെഡ്ലൈറ്റിന് തൊട്ടുതാഴെയാണ് കാമറയുടെ സ്ഥാനം. വൈകാതെ ഹോണ്ടയുടെ ഗോള്‍ഡ് വിംഗ് ശ്രേണിയിലും സ്‌കൂട്ടറുകളിലും കാമറകള്‍ ഇടംപിടിച്ചേക്കുമെന്നാണ് സൂചനകള്‍. ബൈക്കുകളില്‍ കാമറ ഇടംനേടുന്നത് ആദ്യമല്ല. ബെനെലി ടി.ആര്‍.കെ 702യിലും കാമറയുണ്ട്. ഡുകാറ്റി മള്‍ട്ടിസ്ട്രാഡ, ഓസ്ട്രേലിയന്‍ ബ്രാന്‍ഡായ കെ.ടി.എം എന്നിവ ഉപയോഗിക്കുന്നത് ആധുനിക റഡാര്‍ ടെക്നോളജിയാണ്.

ഒരു ചുവട് ഒരു ചുവട് മാത്രമല്ല. ഒറ്റയ്ക്കു നടക്കുന്നയാള്‍ ഒറ്റയ്ക്കല്ല. എല്ലാ ദൂരങ്ങളും ഇരു കാലില്‍ താണ്ടിയ, വഴിയൊക്കെ നടവഴി മാത്രമായ ആളുകളുടെ, സംഭവങ്ങളുടെ, കാലങ്ങളുടെ ഓര്‍മപ്പെടുത്തലാണ് ഓരോ നടത്തവും. ഏതു വഴിക്കും ചരിത്രമുണ്ട്. ഏതു നാടിന്റെയും ചരിത്രം നടത്തത്തിന്റെയും വഴിയുടെയും ചരിത്രം കൂടിയാണ്. ‘നടക്കുമ്പോള്‍’. ഇ പി രാജഗോപാലന്‍. മനോരമ ബുക്‌സ്. വില 185 രൂപ.

സ്തനാര്‍ബുദത്തെക്കുറിച്ചുള്ള അവബോധം വര്‍ദ്ധിക്കുന്നത് വളരെ പ്രധാനമാണ്. തുടക്കത്തില്‍ തന്നെ കണ്ടെത്തിയാല്‍ മാറ്റാവുന്ന ഒരു രോഗമാണ് ഇതെന്ന് വിദഗ്ധര്‍ പറയുന്നു. സ്തനങ്ങളില്‍ ഉണ്ടാവുന്ന ചെറിയ മാറ്റങ്ങള്‍ പോലും നിരീക്ഷിച്ചാല്‍ വളരെ നേരത്തേതന്നെ സ്തനാര്‍ബുദം കണ്ടെത്താന്‍ സാധിക്കും. എല്ലാ മാസവും കഴിവതും ആര്‍ത്തവ ദിവസങ്ങള്‍ കഴിഞ്ഞ് ആദ്യത്തെ 10 ദിവസത്തിനുള്ളില്‍ ഒരു കണ്ണാടിയുടെ മുന്നില്‍ നിന്ന് സ്വയം സ്തന പരിശോധന നടത്തേണ്ടത് പ്രധാനമാണ്. സ്തനത്തിലെ വേദനയില്ലാത്ത, കഠിനമായ വീക്കമാണ് സ്തനാര്‍ബുദത്തിന്റെ ആദ്യ ലക്ഷണമായി പലപ്പോഴും ശ്രദ്ധിക്കപ്പെടുന്നത്. അത്തരം മുഴകള്‍ മിക്കവയും ക്യാന്‍സറല്ലെങ്കിലും അവ പരിശോധിക്കേണ്ടത് പ്രധാനമാണ്. വലിപ്പം, ആകൃതി, നിറവ്യത്യാസം എന്നിവ സ്തനത്തിന്റെ ശാരീരിക രൂപത്തിലുള്ള ഏതൊരു മാറ്റവും ലക്ഷണമാകാം. സ്തനങ്ങളില്‍ നിറവ്യത്യാസം കണ്ടാല്‍ ഉടന്‍ തന്നെ ഒരു ഡോക്ടര്‍ കണ്ട് പരിശോധിക്കേണ്ടത് പ്രധാനമാണ്. ആര്‍ത്തവ ദിവസങ്ങളില്‍ സ്ത്രീകള്‍ക്ക് സ്തനങ്ങളില്‍ വേദനയുണ്ടാവുന്നത് സാധാരണയാണ്. ഇത് തെറ്റിദ്ധരിക്കേണ്ടതില്ല. ആര്‍ത്തവ ആരംഭത്തിന് മുമ്പ് തന്നെ തുടങ്ങുന്ന ഇത്തരം വേദന അടുത്ത ആര്‍ത്തവചക്രം തുടങ്ങി ഉടന്‍ തന്നെ ഇല്ലാതാവും. എന്നാല്‍ ഇതല്ലാതെ മറ്റു തരത്തില്‍ വേദനയുണ്ടാവുന്നുണ്ടെങ്കില്‍ പരിശോധന ആവശ്യമാണ്. സ്തനത്തിന് മുകളിലുള്ള ചര്‍മ്മത്തിലെ മാറ്റമാണ് മറ്റൊരു ലക്ഷണം. മുലക്കണ്ണില്‍ നിന്നും ഡിസ്ചാര്‍ജ് വരുന്നത് ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട മറ്റൊരു ലക്ഷണമാണ്. കുടുംബത്തില്‍ സ്തനാര്‍ബുദത്തിന്റെ ചരിത്രമുള്ള സ്ത്രീകള്‍ക്ക് സ്തനാര്‍ബുദം വരാനുള്ള സാധ്യത കൂടുതലാണ്. കൂടാതെ, പൊണ്ണത്തടി, മദ്യപാനം, ആര്‍ത്തവവിരാമം എന്നിവയും രോഗം വികസിപ്പിക്കാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *