രജനികാന്തിന്റേതായി അണിയറയില്‍ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം ‘ജയിലറു’ടെ ക്യാരക്ടര്‍ വീഡിയോ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍. രജനികാന്തിന്റെ പിറന്നാളിനോട് അനുബന്ധിച്ചാണ് വീഡിയോ റിലീസ് ചെയ്തിരിക്കുന്നത്. ‘മുത്തുവേല്‍ പാണ്ഡ്യന്‍’ എന്നാണ് നടന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. നെല്‍സണ്‍ ദിലീപ് കുമാര്‍ ആണ് ജയിലര്‍ സംവിധാനം ചെയ്യുന്നത്. രമ്യാ കൃഷ്ണനും ചിത്രത്തില്‍ കരുത്തുറ്റ കഥാപാത്രമായി എത്തും. അടുത്ത വര്‍ഷമാകും ചിത്രം റിലീസ് ചെയ്യുക. ‘പടയപ്പ’ എന്ന വന്‍ ഹിറ്റിന് ശേഷം 23 വര്‍ഷങ്ങള്‍ കഴിഞ്ഞാണ് രജനികാന്തും രമ്യാ കൃഷ്ണനും ഒന്നിക്കുന്നത്. മലയാളി താരം വിനായകനും കന്നഡ താരം ശിവരാജ് കുമാറും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ‘ബീസ്റ്റ്’ എന്ന വിജയ് ചിത്രത്തിന് ശേഷം നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ജയിലര്‍. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ജയിലറുടെ വേഷത്തിലാണ് രജനീകാന്ത് ചിത്രത്തില്‍ എത്തുന്നത്. അനിരുദ്ധ് രവിചന്ദര്‍ സംഗീതം പകരുന്ന ചിത്രത്തിന് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് വിജയ് കാര്‍ത്തിക് കണ്ണന്‍ ആണ്.