ഇന്ത്യയുടെ 14ാം ഉപരാഷ്ട്രപതിയായി ജഗ്ദീപ് ധൻകർ തെരഞ്ഞെടുക്കപ്പെട്ടു. ധൻകർ 528 വോട്ടുകൾ നേടിയപ്പോൾ പ്രതിപക്ഷ സ്ഥാനാർത്ഥി മാർഗരറ്റ് ആൽവ നേടിയത് 182 വോട്ടാണ്.
നെടുമ്പാശേരിയിൽ ദേശീയപാതയിലെ കുഴിയില്‍ വീണ് യുവാവ് മരിച്ച സംഭവത്തിൽ ഹൈക്കോടതി ഇടപെടൽ.ദേശീയപാതകളിലെ കുഴികൾ അടയ്ക്കാൻ ദേശീയ പാത അതോറിറ്റി ഓഫ് ഇന്ത്യയുടെ കേരള റീജിയണല്‍ ഓഫീസര്‍ക്കും പാലക്കാട്ടെ പ്രോജക്ട് ഡയറക്ടര്‍ക്കും കേരള ഹൈക്കോടതി ജസ്റ്റിസ് ദേവന് രാമചന്ദ്രന് നിര്‍ദ്ദേശം നല്കി.
പ്രധാനമന്ത്രി വിളിച്ചു ചേർത്തനിതി ആയോഗ് യോഗം ബഹിഷ്ക്കരിച്ച് മുഖ്യമന്ത്രിമാർ. ബിഹാര്‍, തെലങ്കാന മുഖ്യമന്ത്രിമാരാണ് സംസ്ഥാനത്തോട് കേന്ദ്രം വിവേചനം കാട്ടുന്നുവെന്നാരോപിച്ച് വിട്ടുനിൽക്കുന്നത്. ബിജെപിയുമായുള്ള ഭിന്നതയിലാണ് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ യോഗം ബഹിഷ്ക്കരിക്കുന്നത്. നാളെ നടക്കുന്ന യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് പങ്കെടുക്കും. സംസ്ഥാനങ്ങളുടെ സാമ്പത്തിക സ്ഥിതി, കൃഷി, ആരോഗ്യമേഖലകള്‍ എന്നിവയാണ് നാളത്തെ യോഗത്തിന്റെ അവലോകനവിഷയം.
കെഎസ്ആർടിസി ഡീസൽ പ്രതിസന്ധിക്ക് പരിഹാരമായി 20 കോടി രൂപ അനുവദിച്ചതായി ധനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. പണം ബുധനാഴ്ച കെഎസ്ആർടിസിയുടെ അക്കൗണ്ടിൽ എത്തും. 123 കോടി രൂപയാണ് നിലവിൽ കെഎസ്ആർടിസി എണ്ണ കമ്പനികൾക്ക് നൽകാനുള്ളത്.
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിൻറെ ഭാര്യ പ്രിയ വർഗ്ഗീസിനെ അസോസിയേറ്റ് പ്രൊഫസറായി നിയമിച്ച വിഷയത്തില്‍ ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ കണ്ണൂർ വിസിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടു. നിയമനത്തെക്കുറിച്ച് പരാതി കിട്ടി. അതിനെ ക്കുറിച്ച് അന്വേഷിക്കണം. കൂടുതൽ വിവരങ്ങൾ മാധ്യമങ്ങളോട് സംസാരിക്കാന്‍ തയ്യാറല്ലെന്നും ഗവര്‍ണര്‍ പറഞ്ഞു. യു ജി സി ചട്ടപ്രകാരമുള്ള എട്ട് വർഷത്തെ അധ്യാപന പരിചയമില്ലാതെയാണ് പ്രിയ വർഗ്ഗീസിന്റെ നിയമനമെന്നായിരുന്നു പരാതി.
എറണാകുളത്ത് ദേശീയപാതയിലെ കുഴിയിൽ വീണ് മരണം ഉണ്ടായതിനെക്കുറിച്ച് പ്രതിപക്ഷനേതാവ് പറഞ്ഞത് അനൗചിത്യമായിപ്പോയി എന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. പി ഡബ്ല്യു ഡി ഉദ്യോഗസ്ഥർക്കാണ് റോഡിലെ നിർമ്മാണ പ്രവർത്തനം നടത്തേണ്ട ഉത്തരവാദിത്തം എന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞതിനെതിരെ മന്ത്രി പ്രതികരിച്ചു.വിചിത്ര വാദമാണ് പറയുന്നത്, പ്രതിപക്ഷ നേതാവ് അറിയാതെ പറഞ്ഞതാണെങ്കിൽ തിരുത്തണം എന്ന് മുഹമ്മദ് റിയാസ് പറഞ്ഞു.എന്തിനാണ് അദ്ദേഹം ദേശീയപാത അതോറിറ്റിയെ സംരക്ഷിക്കുന്നതെന്നും റിയാസ് ചോദിച്ചു.
നെടുമ്പാശേരിയിൽ ദേശീയപാതയിലെ കുഴിയിൽ വീണ് ഉണ്ടായ അപകടത്തെഹോട്ടൽ ജീവനക്കാരൻ മരിച്ച സംഭവത്തിൽ റോഡിലെ കുഴി അടയ്ക്കാതിരുന്നത് തങ്ങളുടെ ഭാഗത്തെ പിഴവെന്ന് സമ്മതിച്ച് കരാറുകാർ. ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡാണ് എന്ന കമ്പനിയാണ് കരാർ എറ്റെടുത്തത്. മഴ മൂലമാണ് കുഴി സമയബന്ധിതമായി അടയ്ക്കാൻ കഴിയാതിരുന്നത്. രണ്ടു ദിവസത്തിനുള്ളിൽ കുഴികൾ അടയ്ക്കും.മരിച്ചയാളുടെ കുടുംബത്തെ സഹായിക്കുന്ന കാര്യത്തിൽ തീരുമാനം എടുത്തിട്ടില്ല എന്നും കമ്പനി പ്രതിനിധി പറഞ്ഞു.
ഇന്ന് രാവിലെ തുടങ്ങിയ ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചു. 780 എംപിമാരിൽ 725 പേരാണ് വോട്ട് ചെയ്തത്.അഞ്ഞൂറിലധികം വോട്ട് ലഭിക്കാൻ സാധ്യതയുള്ള എൻഡിഎ സ്ഥാനാർത്ഥി ജഗ്ദീപ് ധൻകർ വിജയം ഉറപ്പിച്ചിട്ടുണ്ട്. ഇന്നുതന്നെ ഫലം പ്രഖ്യാപിക്കും. കേവല ഭൂരിപക്ഷത്തിന് 372 വോട്ടാണ് വേണ്ടത്.
പെരുവണ്ണാമുഴി പന്തിരിക്കരയിൽ സ്വർണക്കടത്ത് സംഘം തട്ടിക്കൊണ്ടു പോയ ഇർഷാദ് കൊല്ലപ്പെട്ട സംഭവത്തിൽ ഒന്നാം പ്രതി മുഹമ്മദ് സ്വാലിഹ് എന്ന 916 നാസറിന്റെ ഫോട്ടോപോലീസ് പുറത്തുവിട്ടു. കുടുംബത്തോടൊപ്പം വിദേശത്തേക്ക് കടന്ന സ്വാലിഹിനെ സി ബി ഐ മുഖേന റെഡ് കോർണർ നോട്ടീസ് അയച്ച് നാട്ടിലെത്തിക്കാനാണ് പോലീസിന്റെ നീക്കം.