പോഷകസമൃദ്ധമായ പ്രഭാതഭക്ഷണം കഴിക്കുന്ന ആളുകള്‍ക്ക് മികച്ച മാനസിക ജാഗ്രതയും ശ്രദ്ധയും ഉണ്ടെന്ന് ഗവേഷണങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. പ്രത്യേകിച്ച് കുട്ടികളില്‍, പ്രഭാതഭക്ഷണം അവരില്‍ മികച്ച അക്കാദമിക് പ്രകടനവുമായും ഓര്‍മശക്തി, ഏകാഗ്രത എന്നിവയുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. മധുരം, കാര്‍ബോഹൈഡ്രേറ്റുകള്‍ കൂടുതലായി അടങ്ങിയ ഭക്ഷണങ്ങള്‍ പെട്ടെന്നുള്ള ഊര്‍ജ്ജ വര്‍ധനവിന് കാരണമാകുകയും തുടര്‍ന്ന് പെട്ടെന്ന് ഊര്‍ജ്ജം താഴാനും കാരണമാകും. ഇത് ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലും മാനസികാവസ്ഥയില്‍ മാറ്റമുണ്ടാകാനും ക്ഷീണം തോന്നാനും കാരണമാകും. രാവിലെ എഴുന്നേല്ക്കുമ്പോള് തന്നെ കാപ്പി, ചായ അത്ര നല്ല തിരിഞ്ഞെടുപ്പല്ല. രാവിലെ 8 മണിക്കും 9 മണിക്കും ഇടയില്‍, ശരീരം സ്വാഭാവികമായും ഉയര്‍ന്ന അളവില്‍ കോര്‍ട്ടിസോള്‍ ഉത്പാദിപ്പിക്കുന്നു. ഇത് നമ്മെ ഉണര്‍ത്താന്‍ സഹായിക്കുന്ന ഒരു ഹോര്‍മോണാണ്. ഈ സമയത്ത് കഫീന്‍ കുടിക്കുന്നത് ശരീരത്തെ അമിതമായി ഉത്തേജിപ്പിക്കുകയും പരിഭ്രാന്തിയിലേക്ക് നയിക്കുകയും ചെയ്യും. കോര്‍ട്ടിസോളിന്റെ അളവ് കുറയാന്‍ തുടങ്ങുന്ന, രാവിലെ 9.30 നും 11.30 നും ഇടയില്‍ കാപ്പി അല്ലെങ്കില്‍ ചായ കുടിക്കുന്നതായിരിക്കും നല്ലതെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു.