തൊടുപുഴയിൽ അധ്യാപകനായ ടി.ജെ.ജോസഫിന്റെ കൈവെട്ടിയ കേസിലെ ഒന്നാം പ്രതി സവാദ് എട്ടുവർഷമായി കേരളത്തിലുണ്ടായിരുന്നെന്ന് കണ്ടെത്തി. സവാദിന്റെ കുട്ടിയുടെ ജനന സർട്ടിഫിക്കറ്റ് ആണ് തെളിവായത്. ഷാജഹാൻ എന്ന് പേര് മാറ്റിയെങ്കിലും ജനന സർട്ടിഫിക്കറ്റിൽ സവാദ് എന്നുതന്നെയാണ് പേര് ചേർത്തിരുന്നത്.വളപട്ടണം, വിളക്കോട്, ബേരം എന്നിവിടങ്ങളിൽ ഷാജഹാൻ എന്ന പേരിൽ താമസിച്ചു വരികയായിരുന്നു സവാദ്.
പ്രതി സവാദ്കുറ്റകൃത്യം നടത്തുന്ന സമയത്ത് ശരീരത്തിൽ മുറിവുകൾ ഉണ്ടായിരുന്നു. ഈ മുറിവുകളുടെ പാടുകളും പ്രതിയെ തിരിച്ചറിയാൻ സഹായിച്ചു. എട്ടുവർഷം മുൻപ് കാസർഗോഡ് നിന്ന് ഒരു എസ്ഡിപിഐ നേതാവിന്റെ മകളെ സവാദ് വിവാഹം കഴിച്ചിരുന്നു. വിവാഹശേഷം കേരളത്തിന് പുറത്തു പോകാതെ കുടുംബവുമായി താമസം ആരംഭിച്ചു. രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് എൻ ഐ എ സവാദിനെ കണ്ടെത്തി. എൻ ഐ എയുടെ റെയ്‌ഡിൽ സവാദിനെ കണ്ടെത്തി ചോദ്യം ചെയ്തെങ്കിലും തന്റെ ഐഡന്റിറ്റി വെളിപ്പെടുത്താൻ സവാദ് തയ്യാറായിരുന്നില്ല. തുടർന്നുള്ള എൻ ഐഎയുടെ ചോദ്യം ചെയ്യലിൽ സവാദ് കുറ്റം സമ്മതിക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. കൂടുതൽ തെളിവുകൾക്കായുള്ള അന്വേഷണത്തിലാണ് എൻഐഎ.