രക്തസമ്മര്‍ദം കുറയ്ക്കാന്‍ ഐസോമെട്രിക് വ്യായാമം ചെയ്യുന്നത് ഫലപ്രദമെന്ന് പുതിയ പഠനം. ഐസോമെട്രിക് വ്യായാമങ്ങള്‍ എന്നറിയപ്പെടുന്ന വാള്‍ സിറ്റ്, വാള്‍ സ്‌ക്വാട്ട് തുടങ്ങിയ ലളിതമായ എക്‌സര്‍സൈസുകള്‍ രക്തസമ്മര്‍ദത്തിന്റെ തോത് കുറയ്ക്കാന്‍ ഫലപ്രദമാണെന്ന് ബ്രിട്ടീഷ് ജേര്‍ണല്‍ ഓഫ് സ്‌പോര്‍ട്‌സ് മെഡിസിനില്‍ പ്രസിദ്ധീക്കരിച്ച പഠനത്തില്‍ കണ്ടെത്തി. ബ്രിട്ടനിലെ കാന്റര്‍ബറി ക്രൈസ്റ്റ് ചര്‍ച്ച് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് പഠനത്തിനു പിന്നില്‍. തീവ്രമായ ചലനങ്ങളില്ലാത്ത വ്യായാമമുറകളാണ് ഐസോമെട്രിക് വ്യായാമങ്ങള്‍. ആഴ്ചയില്‍ മൂന്ന് തവണ എട്ടു മിനിറ്റ് വീതം ഐസോമെട്രിക് വ്യായാമങ്ങള്‍ ചെയ്യുന്നതിലൂടെ രക്തസമ്മര്‍ദം കുറയ്ക്കാന്‍ സഹായിക്കും. ഐസോമെട്രിക് വ്യായാമം ചെയ്യുമ്പോള്‍, സങ്കോചിച്ച പേശികളിലേക്കുള്ള രക്തചംക്രമണത്തിന്റെ തോത് താല്‍ക്കാലികമായി പരിമിതപ്പെടുകയും രക്തധമനികള്‍ക്ക് വിശ്രമിക്കാനുള്ള അവസരം ലഭിക്കുകയും വഴി രക്തസമ്മര്‍ദത്തിന്റെ തോത് കുറയ്ക്കാനാവും. കൂടാതെ പേശികളുടെ ദൃഢതയ്ക്കും ഇത്തരം വ്യായാമങ്ങള്‍ ഫലപ്രദമാണ്. പ്ലാങ്ക്‌സ്, ഡെഡ് ഹാങ്‌സ്, ഐസോമെട്രിക് ബൈസെപ് കേള്‍സ്, ഗ്ലൂട്ട് ബ്രിഡ്ജസ്, വാള്‍ സ്‌ക്വാട്ട്‌സ് തുടങ്ങിയവ ഐസോമെട്രിക് വ്യായാമങ്ങള്‍ക്ക് ഉദാഹരണങ്ങളാണ്. പ്ലാങ്ക്‌സ് – നിലത്ത് കൈകളിലും കാലുകളിലും ഭാരം നല്‍കി നിവര്‍ന്നുകിടക്കുക. തലമുതല്‍ പാദംവരെ നേര്‍രേഖ പോലെയായിരിക്കണം. മുപ്പതുസെക്കന്റോളം ഈ പൊസിഷനില്‍ കിടക്കുക. ശേഷം വീണ്ടും ആവര്‍ത്തിക്കുക. വാള്‍ സിറ്റ് – ചുമരിന് രണ്ടടി മുന്നില്‍ നില്‍ക്കുക, തുടര്‍ന്ന് പാദങ്ങള്‍ തോളിനൊപ്പം വീതിയില്‍ അകറ്റിവെക്കുക. പുറംഭാഗം ചുമരില്‍ ചേര്‍ന്നുകിടക്കുന്ന രീതിയില്‍ പതുക്കെ ശരീരം ഇരിക്കുന്ന പൊസിഷനിലേക്ക് ആക്കുക. കസേരയില്‍ ഇരിക്കുന്നതുപോലെ 90 ഡിഗ്രിയില്‍ മുട്ടുകള്‍ വളയ്ക്കുക. പറ്റുന്നത്ര സമയം ഇതേ പൊസിഷനില്‍ ഇരിക്കുക. ഗ്ലൂട്ട് ബ്രിഡ്ജ് – നിലത്തു നിവര്‍ന്നുകിടന്ന് കാല്‍മുട്ടുകള്‍ ഉയര്‍ത്തിവെക്കുക. ഇനി കൈപ്പത്തി കുത്തി അരക്കെട്ടിന്റെ ഭാഗം മാത്രം പൊക്കുക. ഇത് ഇടയ്ക്കിടെ ചെയ്യുക. ഐസോമെട്രിക് സ്‌ക്വാട്ട് – ഷോള്‍ഡറിന്റെ അകലത്തില്‍ കാലുകള്‍ വെക്കുക. പതിയെ മുട്ടുവളച്ച് അരക്കെട്ട് പുറകിലേക്ക് ആക്കി ഇരിക്കുന്ന പൊസിഷനിലേക്ക് വരാം. ബാലന്‍സിനായി കൈകള്‍ മുന്നിലേക്ക് പിടിക്കാം.