വില്പന ആരംഭിച്ച ആദ്യദിനത്തില്‍ തന്നെ ഇന്ത്യയില്‍ ഐഫോണ്‍ 15 സീരീസിന്റെ വന്‍ വില്പന നടന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം ഐഫോണ്‍ 14 പുറത്തിറക്കിയ ആദ്യ ദിനത്തില്‍ ഓഫ്ലൈന്, ഓണ്‍ലൈന്‍ സ്റ്റോറുകളിലൂടെ നടന്ന വില്പനയേക്കാള് ഇരട്ടി വില്പന ഐഫോണ്‍ 15 സീരീസിന്റെ ആദ്യ വില്പന ദിനത്തില്‍ നടന്നു. സെപ്തംബര്‍ 22 നാണ് ഐഫോണ്‍ 15 സീരീസ് ഉള്‍പ്പെടെയുള്ള ആപ്പിള്‍ ഗാഡ്ജറ്റുകളുടെ വില്പന ആരംഭിച്ചത്. ഇന്ത്യയില്‍ നിര്‍മ്മിച്ച ഐഫോണുകളും വില്പനയ്ക്കെത്തിയിരുന്നു. ഐഫോണ്‍ 15 സീരീസിന് വേണ്ടിയുള്ള പ്രീ-ഓര്‍ഡറുകളില്‍ മുന്‍വര്‍ഷത്തേക്കാള്‍ 50 ശതമാനം വര്‍ദ്ധനവുണ്ടായി. മുന്‍കൂട്ടി ഓര്‍ഡര്‍ ചെയ്ത ഉപയോക്താക്കള്‍ക്ക് പോലും മണിക്കൂറുകളോളം വരിനിന്ന ശേഷമാണ് ഫോണ്‍ വാങ്ങാന്‍ കഴിഞ്ഞത്. ഇന്ത്യയില്‍ ആപ്പിള്‍ ഔദ്യോഗിക സ്റ്റോറുകള്‍ തുറന്നതാണ് വില്പന കൂടാന്‍ കാരണമായതെന്ന് വിലയിരുത്തപ്പെടുന്നു. മുംബയിലും ഡല്‍ഹിയിലുമുള്ള ആപ്പിളിന്റെ ഔദ്യോഗിക റീട്ടെയില്‍ സ്റ്റോറുകളില്‍ വന്‍തിരക്കാണ് ആദ്യദിനത്തില്‍ അനുഭവപ്പെട്ടത്. വില കൂടുതലുള്ള ഐഫോണുകള്‍ വാങ്ങാന്‍ ക്രെഡിറ്റ് സൗകര്യങ്ങളും ഇ.എം.ഐ ഓഫറുകളും ഒരുക്കിയതിനാല്‍ കൂടുതല്‍ ആളുകള്‍ക്ക് എളുപ്പത്തില്‍ സ്വന്തമാക്കാന്‍ സാധിക്കുന്നതും വില്പന കൂടാന്‍ കാരണമാകുന്നുണ്ട്. കഴിഞ്ഞ വര്‍ഷം വിറ്റഴിച്ച ഐഫോണ്‍ 14 സീരീസില്‍ 85 ശതമാനവും 14, 14 പ്ലസ് മോഡലുകളായിരുന്നു. ഇത്തവണ ഐഫോണ്‍ 15 പ്രോമാക്സിന് കൂടുതല്‍ ആവശ്യക്കാരുണ്ട്.
ആദ്യദിനം തന്നെ ഇന്ത്യയില്‍ ഐഫോണിന് ഇരട്ടി വില്പന
