സമീപകാലത്തായി ഇന്ത്യന്‍ മഹാസമുദ്രപഠനങ്ങള്‍ ധാരാളമായി വന്നുകൊണ്ടിരിക്കുന്നുണ്ട്. അക്കാദമികസമ്മേളനങ്ങളിലൂടെയും മറ്റും ആ മേഖല വലിയതോതില്‍ ആശയസമ്പുഷ്ടമാവുകയും ചെയ്തിട്ടുണ്ട്. എന്നാലും ഇന്ത്യന്‍ മഹാസമുദ്രപഠനങ്ങളെ സംബന്ധിച്ച് രണ്ടു വെല്ലുവിളികള്‍ നിലനില്ക്കുന്നു. ഒന്ന്, വ്യത്യസ്ത സമൂഹങ്ങളുമായും ഭാഷകളുമായും ആ ഭാഷകളിലെ ചരിത്രരേഖകളുമായും ബന്ധപ്പെട്ടുകിടക്കുന്നതാണ് ഈ പഠനമേഖല. അതുകൊണ്ടുതന്നെ ഗവേഷകര്‍ക്ക് എല്ലാ ഭാഷകളിലെയും മൂലരേഖകള്‍ പരിശോധിക്കാന്‍ കഴിയാറില്ല. രണ്ട്, ചില പ്രദേശങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം കിട്ടിയപ്പോള്‍ മറ്റു ചില ദേശങ്ങള്‍ പാടെ അവഗണിക്കപ്പെട്ടു. ഇന്ത്യയുടെ തെക്കുപടിഞ്ഞാറന്‍ തീരപ്രദേശങ്ങള്‍ സമീപകാലംവരെ ഏറക്കുറെ അവഗണിക്കപ്പെട്ടു കിടക്കുകയായിരുന്നു. മലബാര്‍ മേഖലയുമായി ബന്ധപ്പെട്ടതോ മലബാറില്‍നിന്നുള്ളതോ ആയ അറിയപ്പെടാത്തതും അധികം വെളിപ്പെടാത്തതുമായ ചരിത്രസ്രോതസ്സുകളുടെ വിവര്‍ത്തനങ്ങളിലൂടെ ഇത്തരം വെല്ലുവിളികളെ അഭിമുഖീകരിക്കുകയാണ് ഈ പുസ്തകത്തിന്റെ ലക്ഷ്യം. ‘ഇന്ത്യന്‍ മഹാസമുദ്രവും മലബാറും’. എഡിറ്റര്‍മാര്‍ – മഹ്മൂദ് കൂരിയ, മൈക്കല്‍ നയ്ലര്‍ പിയേഴ്സണ്‍. വിവര്‍ത്തനം: വി. അബ്ദുല്‍ ലത്തീഫ്. ഡിസി ബുക്സ്. വില 470 രൂപ.