ഉപയോക്താക്കള്‍ക്ക് വ്യത്യസ്ഥമായ ഫീച്ചറുമായി എത്തിയിരിക്കുകയാണ് പ്രമുഖ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ഇന്‍സ്റ്റഗ്രാം. ഇത്തവണ ‘ക്വയറ്റ് മോഡ്’ ഫീച്ചറാണ് അവതരിപ്പിച്ചിരിക്കുന്നത്. നോട്ടിഫിക്കേഷനുകള്‍ നിര്‍ത്തിവച്ച് ആപ്പില്‍ നിന്ന് ഇടവേളയെടുക്കാന്‍ ഉപയോക്താവിനെ സഹായിക്കുന്ന ഫീച്ചറാണ് ക്വയറ്റ് മോഡ്. ഇത്തരത്തില്‍ ഇടവേളയെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ക്വയറ്റ് മോഡ് ഓണ്‍ ചെയ്യുന്നതോടെ പിന്നീട് നോട്ടിഫിക്കേഷനുകള്‍ ലഭിക്കുകയില്ല. കൂടാതെ, പ്രൊഫൈല്‍ സന്ദര്‍ശിക്കുന്ന മറ്റ് ഉപയോക്താക്കള്‍ക്ക് നിങ്ങളുടെ അക്കൗണ്ട് ക്വയറ്റ് മോഡിലാണെന്ന് അറിയാനും സാധിക്കും. ആദ്യ ഘട്ടത്തില്‍ യുഎസ്, യുകെ, അയര്‍ലന്‍ഡ്, കാനഡ, ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ് തുടങ്ങിയ രാജ്യങ്ങളില്‍ ഉള്ളവര്‍ക്കാണ് ക്വയറ്റ് മോഡ് ലഭ്യമാക്കിയിട്ടുള്ളത്. ഇന്ത്യ ഉള്‍പ്പെടെയുള്ള മറ്റു രാജ്യങ്ങളിലേക്ക് അധികം വൈകാതെ ഈ ഫീച്ചര്‍ ലഭ്യമാക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. ക്വയറ്റ് മോഡിന് പുറമേ, താല്‍പ്പര്യമില്ലാത്ത ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യാനുള്ള അവസരവും ഉപയോക്താക്കള്‍ക്ക് ലഭ്യമാണ്.