ആഗോള മേഖലയിലെ അനുകൂല ചലനങ്ങളുടെയും ആഭ്യന്തര സാമ്പത്തിക വളര്‍ച്ചയുടെയും കരുത്തില്‍ ഇന്ത്യന്‍ ഓഹരി വിപണിയിലേക്ക് വിദേശ നിക്ഷേപകരുടെ റെക്കോഡ് പണമൊഴുക്ക്. നടപ്പു വര്‍ഷം ഇതുവരെ വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്ന് വാങ്ങിയത് ഒന്നര ലക്ഷം കോടി രൂപയുടെ ഓഹരികളാണെന്ന് എക്സ്ചേഞ്ചില്‍ നിന്നുള്ള കണക്കുകള്‍ വൃക്തമാക്കുന്നു. ആറു വര്‍ഷത്തിനിടെയിലെ ഏറ്റവും മികച്ച പ്രതിവാര മുന്നേറ്റവുമായാണ് സെന്‍സെക്സും നിഫ്റ്റിയും വെള്ളിയാഴ്ച വ്യാപാരം പൂര്‍ത്തിയാക്കിയത്. പലിശ വര്‍ദ്ധന നടപടികള്‍ക്ക് വിരാമമായെന്ന അമേരിക്കന്‍ ഫെഡറല്‍ റിസര്‍വിന്റെയും ബാങ്ക് ഒഫ് ഇംഗ്ളണ്ടിന്റെയും യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കിന്റെയും നിലപാടുകളാണ് കഴിഞ്ഞ വാരം ഇന്ത്യയിലേക്ക് വന്‍തോതില്‍ നിക്ഷേപം ഒഴുക്കാന്‍ വിദേശ നിക്ഷേപകരെ പ്രേരിപ്പിച്ചത്. കഴിഞ്ഞ അഞ്ച് വ്യാപാര ദിനങ്ങളിലും വിദേശ നിക്ഷേപകര്‍ സജീവമായി ഓഹരികള്‍ വാങ്ങിക്കൂട്ടി. ഇക്കാലയളവില്‍ 18,858.5 കോടി രൂപയുടെ നിക്ഷേപമാണ് നടത്തിയത്. യു.എസ് കടപ്പത്രങ്ങളുടെ മൂല്യത്തിലുണ്ടായ കനത്ത ഇടിവ് മൂലം മികച്ച വരുമാന സാദ്ധ്യത തുറന്നിടുന്ന ഇന്ത്യ ഉള്‍പ്പെടെയുള്ള എമര്‍ജിംഗ് സാമ്പത്തിക മേഖലകളില്‍ വിദേശ നിക്ഷേപകര്‍ ഏറെ താത്പര്യം പ്രകടിപ്പിക്കുന്നു. ഐ.ടി, ലോഹങ്ങള്‍, പൊതുമേഖലാ ബാങ്കുകള്‍ തുടങ്ങിയവയിലാണ് നിക്ഷേപ താത്പര്യം മികച്ച തോതില്‍ ദൃശ്യമായത്.