ഭക്ഷ്യോത്പന്നങ്ങളുടെയും അവശ്യ വസ്തുക്കളുടെയും വില താഴ്ന്നതോടെ രാജ്യത്തെ വിലക്കയറ്റത്തോത് റെക്കോഡ് താഴ്ച്ചയില്‍. കേരളം ഒഴികെയുള്ള സംസ്ഥാനങ്ങളില്‍ വിലക്കയറ്റം താഴ്ന്നത് ജനങ്ങള്‍ക്ക് പ്രത്യക്ഷത്തില്‍ അനുഭവിക്കാനായി. ചില്ലറ വില സൂചിക അടിസ്ഥാനമാക്കിയ നാണയപ്പെരുപ്പം ഒക്ടോബറില്‍ 0.25 ശതമാനത്തിലേക്കാണ് താഴ്ന്നത്. സംസ്ഥാനങ്ങളിലെ വിലക്കയറ്റത്തോതില്‍ കേരളം ഒന്നാം സ്ഥാനത്താണ്. 8.56 ശതമാനമാണ് ഇവിടത്തെ വിലക്കയറ്റം. രണ്ടാംസ്ഥാനത്തുള്ള ജമ്മു കശ്മീരില്‍ ഇത് 2.95 ശതമാനം മാത്രമാണ്. ബിഹാര്‍ (1.97), ഉത്തര്‍പ്രദേശ് (1.71) സംസ്ഥാനങ്ങളിലാണ് വിലക്കുറവ് ഏറ്റവും കൂടുതലായി അനുഭവപ്പെടുന്നത്. തുടര്‍ച്ചയായ നാലാം മാസമാണ് വിലക്കയറ്റം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണക്കുകൂട്ടലിന് താഴെ നില്ക്കുന്നത്. ഭക്ഷ്യോത്പന്നങ്ങളുടെ വില കഴിഞ്ഞ വര്‍ഷം ഒക്ടോബറിനെ അപേക്ഷിച്ച് 5.02 ശതമാനമാണ് താഴ്ന്നത്. സെപ്റ്റംബറില്‍ ഇത് 2.33 ശതമാനമായിരുന്നു. ഗ്രാമമേഖലകളില്‍ 4.85 ശതമാനവും നഗരങ്ങളില്‍ 5.18 ശതമാനവും ഭക്ഷ്യവസ്തുക്കളുടെ വിലയിടിഞ്ഞു. പച്ചക്കറി ഉത്പന്നങ്ങളുടെ വിലയില്‍ ഒക്ടോബറില്‍ 27.57 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്.
വിലക്കയറ്റത്തോത് റെക്കോഡ് താഴ്ച്ചയില്‍
