നവംബര്‍ മാസത്തില്‍ ആഭ്യന്തര വിമാന യാത്രക്കാരുടെ എണ്ണത്തിലുണ്ടായത് റെക്കോഡ് വളര്‍ച്ച. ഇന്‍ഡിഗോ, എയര്‍ ഇന്ത്യ, ആകാശ് എയര്‍ എന്നീ കമ്പനികളാണ് പ്രധാനമായും ഈ കുതിപ്പില്‍ മുന്നില്‍ നിന്നത്. ഈ മൂന്ന് എയര്‍ലൈനുകളിലുമായി 1.25 കോടി യാത്രക്കാരാണ് ആഭ്യന്തര യാത്ര നടത്തിയത്. ഒരു മാസത്തില്‍ ഒരു കോടി യാത്രക്കാരുമായി പറന്ന ഇന്ത്യയിലെ ആദ്യ വിമാന കമ്പനിയെന്ന സ്ഥാനം കരസ്ഥമാക്കിയിരിക്കുകയാണ് ഇന്‍ഡിഗോ. നവംബറില്‍ ഒരു കോടി യാത്രക്കാരാണ് ഇന്‍ഡിഗോ ഉപയോഗിച്ചത്. ഇതില്‍ 90 ലക്ഷം പേര്‍ ആഭ്യന്തര യാത്രക്കാരായിരുന്നു. കമ്പനിയുടെ 18 വര്‍ഷത്തെ ചരിത്രത്തില്‍ ഏറ്റവും ഉയര്‍ന്ന കണക്കുകളാണിത്. വിസ്താര എയര്‍ലൈനുമായുള്ള ലയനം എയര്‍ ഇന്ത്യക്ക് നേട്ടമായി. നവംബറില്‍ 34.7 ലക്ഷം പേരാണ് എയര്‍ ഇന്ത്യയിലും എയര്‍ ഇന്ത്യ എക്സ്പ്രസിലുമായി യാത്ര ചെയ്തത്. 30 ലക്ഷത്തില്‍ കൂടുതല്‍ യാത്രക്കാരെ ഒരു മാസത്തില്‍ എയര്‍ഇന്ത്യക്ക് ലഭിക്കുന്നത് ആദ്യമാണ്. 6.74 ലക്ഷം യാത്രക്കാരുമായി പറന്ന ആകാശ എയറാണ് ആഭ്യന്തര യാത്രക്കാരുടെ എണ്ണത്തില്‍ മൂന്നാമത്. 2024 മെയ് മാസത്തിലെ 6.64 ലക്ഷം യാത്രക്കാരുടെ എണ്ണത്തെയാണ് മറികടന്നത്.