ഇന്ത്യയുടെ പ്രതിശീര്‍ഷ വരുമാനം 2030 ഓടെ 70 ശതമാനം വര്‍ദ്ധിക്കുമെന്ന് സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് ബാങ്ക് റിപ്പോര്‍ട്ട്. 2023 സാമ്പത്തിക വര്‍ഷത്തിലെ 2,450 ഡോളറില്‍ നിന്ന് 2030 സാമ്പത്തിക വര്‍ഷത്തോടെ 4,000 യുഎസ് ഡോളറിലെത്തുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പ്രധാനമായും വളര്‍ച്ചയുടെ ഗതി നിയന്ത്രിക്കുക വിദേശ വ്യാപരമായിരിക്കും. ഇത് ഏകദേശം ഇരട്ടിയാകാന്‍ സാധ്യതയുണ്ട്. 2023 സാമ്പത്തിക വര്‍ഷത്തിലെ 1.2 ട്രില്യണ്‍ ഡോളറില്‍ നിന്ന് 2030 ഓടെ 2.1 ട്രില്യണ്‍ ഡോളറായി ഇത് ഉയരും. കൂടാതെ, ഗാര്‍ഹിക ഉപഭോഗവും പ്രധാന പങ്ക് വഹിക്കുമെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ഗാര്‍ഹിക ഉപഭോഗം ഇപ്പോള്‍ ജി.ഡി.പിയുടെ 57 ശതമാനമാണ്. നിലവില്‍ 2.1 ട്രില്യണ്‍ ഡോളറുള്ള ഗാര്‍ഹിക ഉപഭോഗം 2030 സാമ്പത്തിക വര്‍ഷത്തോടെ 3.4 ട്രില്യണ്‍ ഡോളറായി ഉയരുമെന്നാണ് പ്രതീക്ഷ. ആളോഹരി വരുമാനത്തില്‍ 4,000 ഡോളര്‍ ഉള്ള ഉയര്‍ന്ന ഇടത്തരം വരുമാനമുള്ളതായി ഒമ്പത് സംസ്ഥാനങ്ങള്‍ വളരുമെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു, നിലവില്‍ പ്രതിശീര്‍ഷ വരുമാന പട്ടികയില്‍ 2,75,443 രൂപ (3,360 ഡോളര്‍)യുമായി തെലങ്കാനയാണ് മുന്നില്‍. കര്‍ണാടക (2,65,623 രൂപ), തമിഴ് നാട് (2,41,131 രൂപ), കേരളം (2,30,601 രൂപ), ആന്ധ്രാപ്രദേശ് (2,07,771 രൂപ) എന്നിവയാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളിലുള്ളത്. എന്നാല്‍ 2030 ഓടെ പ്രതിശീര്‍ഷ വരുമാനത്തില്‍ ഗുജറാത്ത് മുന്നിലെത്തുമെന്നും സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് ബാങ്ക് റിപ്പോര്‍ട്ട് പറയുന്നു. മഹാരാഷ്ട്ര, തമിഴ്നാട്, കര്‍ണാടക, ഹരിയാന, തെലങ്കാന, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളായിരിക്കും തൊട്ടുപിന്നിലുണ്ടാകുക.