വരും വര്‍ഷങ്ങളിലും അതിവേഗം വളരുന്ന രാജ്യം എന്ന ലേബല്‍ ഇന്ത്യ നിലനിര്‍ത്തുമെന്ന് ലോകബാങ്ക് അനുമാനം. നടപ്പുസാമ്പത്തികവര്‍ഷം അടക്കം മൂന്ന് വര്‍ഷം ഇന്ത്യ സ്ഥിരതയാര്‍ന്ന വളര്‍ച്ച രേഖപ്പെടുത്തും. 6.7 ശതമാനം വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നതെന്നും ലോകബാങ്ക് റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ സാമ്പത്തികവര്‍ഷത്തെ വളര്‍ച്ചാ അനുമാനം ലോകബാങ്ക് പുതുക്കി നിശ്ചയിച്ചു. ജനുവരിയില്‍ 6.3 ശതമാനം വളര്‍ച്ചയാണ് പ്രതീക്ഷിച്ചിരുന്നത്. പുതുക്കിയ അനുമാനം അനുസരിച്ച് കഴിഞ്ഞ സാമ്പത്തികവര്‍ഷം ഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 8.2 ശതമാനമായി ഉയരുമെന്നും ലോകബാങ്ക് റിപ്പോര്‍ട്ടില്‍ പറയുന്നു. 2024ല്‍ ആഗോള വളര്‍ച്ചയില്‍ കാര്യമായ മാറ്റം ഉണ്ടാവില്ല. 2.6 ശതമാനമായി വളര്‍ച്ചയില്‍ സ്ഥിരത പുലര്‍ത്തും. അടുത്ത സാമ്പത്തികവര്‍ഷത്തില്‍ ഇത് 2.7 ശതമാനമായി ഉയരുമെന്നാണ് ലോകബാങ്കിന്റെ കണക്കുകൂട്ടല്‍. കോവിഡിന് മുന്‍പുള്ള പതിറ്റാണ്ടില്‍ രേഖപ്പെടുത്തിയിരുന്ന 3.1 ശതമാനത്തില്‍ താഴെയാണിത്. 2024ല്‍ ദക്ഷിണേഷ്യയുടെ വളര്‍ച്ചാനിരക്ക് 6.2 ശതമാനമായിരിക്കും. 2023ല്‍ 6.3 ശതമാനമായിരുന്നു. ഉയര്‍ന്ന നിരക്കില്‍ നിന്ന് ഇന്ത്യന്‍ സാമ്പത്തിക വളര്‍ച്ചാനിരക്ക് സ്ഥിരതയിലേക്ക് മാറുന്നതാണ് ഇതിന് കാരണം. നിക്ഷേപം മന്ദഗതിയിലായതാണ് ഉയര്‍ന്ന വളര്‍ച്ചാനിരക്കില്‍ നിന്ന് ഇന്ത്യയുടെ വളര്‍ച്ചാ അനുമാനം കുറയ്ക്കാന്‍ കാരണമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.