തുടര്‍ച്ചയായ രണ്ടാഴ്ച പിന്നിടുമ്പോഴും ഇന്ത്യയുടെ വിദേശ നാണയശേഖരം വര്‍ധനവ് രേഖപ്പെടുത്തി. ക്രൂഡോയില്‍, മറ്റ് കമ്മോഡിറ്റികള്‍ എന്നിവയുടെ വിലക്കുറവാണ് പ്രധാനമായും ഗുണമായത്. നാണയപ്പെരുപ്പ ഭീഷണി അയഞ്ഞതോടെ ഡോളറിന്റെ കുതിപ്പിന് മങ്ങലേല്‍ക്കുകയും രൂപ മേലോട്ട്് കയറുകയും ചെയ്തു. പലിശനിരക്ക് കുത്തനെ കൂട്ടുന്നതില്‍ നിന്ന് അമേരിക്കന്‍ കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് പിന്മാറുന്നതും ഇന്ത്യയ്ക്ക് നേട്ടമാവുന്നു. നവംബര്‍ 18ന് സമാപിച്ച ആഴ്ചയില്‍ 254 കോടി ഡോളര്‍ ഉയര്‍ന്ന് 54,725 കോടി ഡോളറാണ് വിദേശ നാണയശേഖരമെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കി. നവംബര്‍ 11ന് സമാപിച്ചവാരം 1,473 കോടി ഡോളറിന്റെ വര്‍ദ്ധനയുണ്ടായിരുന്നു. കഴിഞ്ഞ ഒരുവര്‍ഷത്തിനിടയിലെ ഏറ്റവും വലിയ വര്‍ദ്ധനയായിരുന്നു അത്. വിദേശ കറന്‍സി ആസ്തി 176 കോടി ഡോളര്‍ മെച്ചപ്പെട്ട് 48,429 കോടി ഡോളറായി. കരുതല്‍ സ്വര്‍ണശേഖരം 31.5 കോടി ഉയര്‍ന്ന് 4,001 കോടി ഡോളറിലുമെത്തി.