മുത്തങ്ങ ഭൂസമരത്തിന്‍റെ ഇരുപതാം വാർഷികത്തോടനുബന്ധിച്ച് വയനാട്ടിൽ ഇന്ന് വിവിധ പരിപാടികൾ.മുത്തങ്ങ തകരപ്പാടിയിലെ ജോഗി സ്മൃതി മണ്ഡപത്തിൽ ഗദ്ദിക അരങ്ങേറും. ആദിവാസി ഗോത്രമഹാസഭയുടെ നേതൃത്വത്തിൽ പ്രകടനം നടത്തും. വൈകിട്ട് ബത്തേരിയിൽ ജോഗി അനുസ്മരണ സമ്മേളനം നടക്കും. സമരനേതാവ് എം. ഗീതാനന്ദന്‍റെ നേതൃത്വത്തിലുള്ള രാഷ്ട്രീയ മഹാസഭ പുന:സംഘടിപ്പിക്കും. സി.കെ ജാനുവില്ലാതെയാണ് രാഷ്ട്രീയ മഹാസഭ പുനഃസംഘടിപ്പിക്കുന്നത്. മുത്തങ്ങ ചരിത്ര രചന പാനൽ രൂപീകരണവും ബത്തേരിയിൽ വെച്ച് നടക്കും. വിവിധ ഗോത്ര കലാപരിപാടികളും അരങ്ങേറും.
ജനിച്ച മണ്ണിൽ അഭയാർത്ഥികളാകേണ്ടി വന്നവരെ അതിക്രൂരമായി അടിച്ചമർത്തിയെങ്കിലും മുത്തങ്ങയിൽ ഉയർന്ന ചോദ്യങ്ങൾ ഇന്നും അന്തരീക്ഷത്തിലുണ്ട്. ആദിവാസികളോടുള്ള സമീപനത്തിൽ മാറി മാറി വന്ന സർക്കാരുകൾക്ക് ഒരു മാറ്റവുമുണ്ടായില്ല.
2003 ഫെബ്രുവരി 19, ആദിവാസികളുടെ ചരിത്രത്തിലെ ഏറ്റവും വലിയ സംഘടിത ഭൂസമരം. മണ്ണിന് വേണ്ടി പോരാടിയവർക്ക് നേരെ പൊലീസ് വെടിയുതിർത്തു. സമരമുഖത്തുണ്ടായിരുന്ന ജോഗി വെടിയേറ്റു മരിച്ചു. പിഞ്ചുകുഞ്ഞുങ്ങളെ മാറോടടുക്കി സ്ത്രീകൾ കാട്ടിലലഞ്ഞു. വസ്ത്രവും ഭക്ഷണവും ഇല്ലാതെ ഒട്ടേറെ പേർ കൊടിയ മർദനങ്ങൾക്കിരയായി. ജനാധിപത്യത്തിന്‍റെ കറുത്ത ദിനമായിരുന്നു അന്ന്.