ലോകത്തെ ഏറ്റവും വേഗം വളരുന്ന വലിയ സമ്പദ്വ്യവസ്ഥയായി അടുത്ത രണ്ടുവര്‍ഷക്കാലവും ഇന്ത്യ തന്നെ തുടരുമെന്ന് അന്താരാഷ്ട്ര നാണയനിധിയുടെ റിപ്പോര്‍ട്ട്. 2023-24ല്‍ ഇന്ത്യ 6.7 ശതമാനം വളരുമെന്നാണ് ഐ.എം.എഫിന്റെ പുതിയ റിപ്പോര്‍ട്ടിലുള്ളത്. നേരത്തേ വിലയിരുത്തിയ 6.3 ശതമാനത്തില്‍ നിന്ന് ഇന്ത്യയുടെ വളര്‍ച്ചാ അനുമാനം ഇക്കുറി ഐ.എം.എഫ് ഉയര്‍ത്തി. ഏപ്രില്‍-മാര്‍ച്ച് സാമ്പത്തിക വര്‍ഷം അടിസ്ഥാനമാക്കിയാണ് ഇന്ത്യയുടെ വളര്‍ച്ചാപ്രതീക്ഷ ഐ.എം.എഫ് വിലയിരുത്തിയിട്ടുള്ളത്. 2024-25ലും 2025-26ലും ഇന്ത്യ 6.5 ശതമാനം വീതം വളരുമെന്നും ഐ.എം.എഫ് പറയുന്നു. കലണ്ടര്‍ വര്‍ഷം അടിസ്ഥാനമാക്കിയാല്‍ 2024ല്‍ ഇന്ത്യയുടെ വളര്‍ച്ചാപ്രതീക്ഷ 5.7 ശതമാനമാണെന്നും 2025ല്‍ ഇത് 6.8 ശതമാനത്തിലേക്ക് കുതിച്ചുയരുമെന്നും റിപ്പോര്‍ട്ടിലുണ്ട്. ലോകത്തെ ഏറ്റവും വേഗം വളരുന്ന വലിയ സമ്പദ്ശക്തിയായി ഇന്ത്യ തുടരുമെന്ന ഐ.എം.എഫിന്റെ റിപ്പോര്‍ട്ട് ബജറ്റിന് തൊട്ടുമുമ്പ് എത്തിയത് കേന്ദ്രത്തിന് ആശ്വാസമാണ്. എന്നാലും, കേന്ദ്രത്തിന്റെ വളര്‍ച്ചാപ്രതീക്ഷയേക്കാള്‍ ഏറെക്കുറവാണെന്ന തിരിച്ചടിയുമുണ്ട്. നടപ്പുവര്‍ഷം (2023-24) 7.3 ശതമാനവും അടുത്തവര്‍ഷം (2024-25) 7 ശതമാനവും വളര്‍ച്ചയാണ് കേന്ദ്രം പ്രതീക്ഷിക്കുന്നത്. ആഭ്യന്തര ഡിമാന്‍ഡ് മെച്ചപ്പെടുന്നതും നിയന്ത്രണ പരിധിക്കുള്ളില്‍ നില്‍ക്കുന്ന പണപ്പെരുപ്പവും ഇന്ത്യയുടെ വളര്‍ച്ചയ്ക്ക് വലിയ കരുത്താകുമെന്ന് ഐ.എം.എഫ് ചൂണ്ടിക്കാട്ടുന്നു. ധനക്കമ്മി നിയന്ത്രണവും നേട്ടമാണ്.