ലക്ഷണങ്ങള്‍ നേരത്തെ തിരിച്ചറിയുന്നത് ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നതിന് സഹായിക്കുന്നു. ഹൃദയാഘാതം സംഭവിച്ചവരില്‍ മൂന്നിലൊന്ന് പേര്‍ക്കും നെഞ്ചുവേദന റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പകരം, ക്ഷീണം, ശ്വാസതടസ്സം അല്ലെങ്കില്‍ ഓക്കാനം തുടങ്ങിയ ലക്ഷണങ്ങള്‍ അവര്‍ക്ക് അനുഭവപ്പെട്ടതായി ന്യൂ ഇംഗ്ലണ്ട് ജേണല്‍ ഓഫ് മെഡിസിനില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. ചെറിയ വ്യായാമത്തിനിടയിലോ വിശ്രമത്തിലോ പോലും ശ്വസിക്കാന്‍ ബുദ്ധിമുട്ടുന്നത് ഹൃദയം കാര്യക്ഷമമായി പമ്പ് ചെയ്യുന്നില്ല എന്നതിന്റെ സൂചനയാകാം. ധമനികള്‍ അടഞ്ഞുപോകുന്നതിനാല്‍ രക്തയോട്ടം കുറയുമ്പോള്‍ ശരീരത്തിന് ഓക്‌സിജന്‍ ലഭിക്കുന്നത് കുറയുകയും ശ്വാസതടസ്സം ഉണ്ടാകുകയും ചെയ്യുന്നു. സ്ഥിരമായതോ പെട്ടെന്നുള്ളതോ ആയ ക്ഷീണം, ഹൃദയസ്തംഭനത്തെ സൂചിപ്പിക്കുന്നു. രക്തചംക്രമണം തകരാറിലാകുമ്പോള്‍, പേശികള്‍ക്കും അവയവങ്ങള്‍ക്കും ആവശ്യമായ ഓക്‌സിജന്‍ ലഭിക്കാതെ വരും. ഇത് ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ ക്ഷീണത്തിലേക്ക് നയിക്കുന്നു. നെഞ്ചില്‍ നിന്ന് തോളിലേക്കോ, കൈകളിലേക്കോ, താടിയെല്ലിലേക്കോ, കഴുത്തിലേക്കോ, പുറകിലേക്കോ വ്യാപിക്കുന്ന വേദനമാണ് മറ്റൊരു ലക്ഷണം. ഇത് പലപ്പോഴും പേശി പിരിമുറുക്കമോ നാഡി വേദനയോ ആയി തെറ്റിദ്ധരിക്കപ്പെടുന്നു. പെട്ടെന്ന് അകാരണമായി വിയര്‍ക്കുന്നതാണ് മറ്റൊരു ലക്ഷണം. വ്യായാമമൊന്നും ചെയ്യാതെ തന്നെ വിയര്‍പ്പ് അനുഭവപ്പെടുന്നത് ഹൃദയ സംബന്ധമായ അസ്വസ്ഥതയെ സൂചിപ്പിക്കാം. ഹൃദയധമനികളിലെ തടസ്സങ്ങള്‍ മൂലം തലച്ചോറിലേക്കുള്ള രക്തപ്രവാഹം അപര്യാപ്തമാകുന്നതിന്റെ ലക്ഷണമായിരിക്കാം തലകറക്കം, അല്ലെങ്കില്‍ ഓക്കാനം. ധമനികളിലെ തടസ്സം മൂലമുണ്ടാകുന്ന ഓക്‌സിജന്‍ ലഭ്യതക്കുറവ് മൂലം ഹൃദയമിടിപ്പ്, വിറയല്‍, ഹൃദയമിടിപ്പ് കൂടല്‍ തുടങ്ങിയ ക്രമരഹിതമായ ഹൃദയമിടിപ്പ് ഉണ്ടാകാം. ഹൃദയം ഫലപ്രദമായി പമ്പ് ചെയ്യാന്‍ കഴിയാതെ വരുമ്പോള്‍ അവയവങ്ങളില്‍ ദ്രാവകം അടിഞ്ഞുകൂടുകയും വീക്കം ഉണ്ടാക്കുകയും ചെയ്യും. ഇത് പലപ്പോഴും കണ്‍ജസ്റ്റീവ് ഹാര്‍ട്ട് ഫെയിലറുമായി ബന്ധപ്പെട്ടിരിക്കുന്നു.