വെറുപ്പും ഭിന്നിപ്പുമാണ് തനിക്കു പിതാവിനെ നഷ്ടപ്പെടാന്‍ കാരണമെന്ന് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. വെറുപ്പിലൂടെ നാടിനെ നഷ്ടപ്പെടാന്‍ അനുവദിക്കില്ല. വെറുപ്പിനെതിരേ സ്നേഹം പൊരുതി ജയിക്കും. പ്രതീക്ഷ ഭയത്തെ കീഴടക്കും. വെല്ലുവിളികളെ ഒറ്റക്കെട്ടായി മറികടക്കാനാകുമെന്നും രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു. ഭാരത് ജോഡോ യാത്രക്കു മുന്നോടിയായി ശ്രീപെരുമ്പുതൂരിലെ രാജീവ് ഗാന്ധി സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ ചിത്രം പങ്കുവച്ചായിരുന്നു രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്. പെരുമ്പുതൂരിലെ ചടങ്ങില്‍ നൂറുകണക്കിനു നേതാക്കള്‍ പങ്കെടുത്തു.
കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ഗാന്ധി കന്യാകുമാരി മുതല്‍ കാഷ്മീര്‍വരെ നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക് ഇന്നു തുടക്കം. ഇന്നു വൈകുന്നേരം അഞ്ചിന് കന്യാകുമാരിയിലാണ് യാത്രയുടെ ഉദ്ഘാടനം. അഞ്ചു മാസം നീളുന്ന പദയാത്രയില്‍ 118 പേരാണു സ്ഥിരാംഗങ്ങള്‍.
ഓണമൊരുക്കാന്‍ മഴയിലും ചോരാത്ത ആവേശവുമായി ഉത്രാടപ്പാച്ചില്‍. നാളെ തിരുവോണം. കോവിഡ്മൂലം രണ്ടു വര്‍ഷം ഓണം അടച്ചുപൂട്ടിയ നിലയിലായിരുന്നു. ഇത്തവണ ഓണത്തോടനുബന്ധിച്ച് നാടുനീളെ സാംസ്‌കാരിക പരിപാടികള്‍ ഒരുക്കിയിട്ടുണ്ട്.
സ്‌കൂളുകളുടെ ഗുണനിലവാരം അളക്കാനും മെച്ചപ്പെടുത്താനും സര്‍വകലാശാലാ മാതൃകയില്‍ ഗ്രേഡിംഗ് സമ്പ്രദായം വേണമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ദേശീയ അധ്യാപക ദിനത്തിന്റെ ഭാഗമായി കണ്ണൂരില്‍ സംഘടിപ്പിച്ച സംസ്ഥാനതല അധ്യാപക ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. അക്കാദമിക്, അക്കാദമിക് ഇതര പ്രവര്‍ത്തനങ്ങള്‍, സാമൂഹിക പ്രതിബദ്ധതയുള്ള പ്രവര്‍ത്തനങ്ങള്‍ എന്നിങ്ങനെയുള്ള മാനദണ്ഡങ്ങളാകാം. അധ്യാപകരുടെ സ്ഥാനക്കയറ്റത്തിന് അക്കാദമിക് കഴിവും പരിഗണിക്കപ്പെടണമെന്നും മന്ത്രി നിര്‍ദേശിച്ചു.
പേ വിഷ പ്രതിരോധ വാക്സീന്റെ ഗുണനിലവാര പരിശോധനാ റിപ്പോര്‍ട്ടിനായി കാത്തിരിക്കുയാണു കേരളം. ഇമ്യൂണോ ഗ്ലോബുലിനും പേ വിഷ പ്രതിരോധ വാക്സീനും പരിശോധിക്കും. ഇതിനായി പേ വിഷ പ്രതിരോധ വാക്സീന്‍ എടുത്തിട്ടും മരണം സംഭവിച്ചവര്‍ക്ക് നല്‍കിയ ഇമ്യൂണോ ഗ്ലോബുലിന്റേയും പ്രതിരോധ വാക്സീന്റേയും അതത് ബാച്ചുകളാണ് ഗുണനിലവാര പരിശോധനക്ക് അയക്കുന്നത്. ഹിമാചല്‍ പ്രദേശിലെ കസൗളിയിലെ സെന്‍ട്രല്‍ ഡ്രഗ്സ് ലാബിലാണ് പരിശോധന.
എംജി സര്‍വകലാശാല സ്‌കൂള്‍ ഓഫ് ഗാന്ധിയന്‍ തോട്സ് ആന്റ് ഡവലപ്മെന്റ് സ്റ്റഡീസിലെ അസിസ്റ്റന്റ് പ്രൊഫസറായി രേഖാരാജിനെ നിയമിച്ചതു റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ എംജി സര്‍വകലാശാലയും രേഖാരാജും സുപ്രീം കോടതിയില്‍. റാങ്ക് പട്ടികയില്‍ രണ്ടാമതെത്തിയ നിഷ വേലപ്പന്‍ നായര്‍ക്ക് നിയമനം നല്‍കണമെന്നു ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഉത്തരവ് സര്‍വകലാശാല നടപ്പാക്കിയില്ലെന്ന് ആരോപിച്ച് നിഷ ഹൈക്കോടതിയില്‍ കോടതിയലക്ഷ്യ ഹര്‍ജി നല്‍കിയിരിക്കേയാണ് രേഖാരാജും സര്‍വകലാശാലയും സുപ്രിം കോടതിയെ സമീപിച്ചത്.
കേരളത്തില്‍ 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ മഴ മുന്നറിയിപ്പില്ല.
കേരളത്തില്‍ ഹിന്ദു വോട്ടുകള്‍ ഏകീകരിക്കാന്‍ സാധ്യതകളുണ്ടെങ്കിലും സാധിക്കുന്നില്ലെന്ന് ബിജെപി റിപ്പോര്‍ട്ട്. ക്രൈസ്തവ വോട്ടര്‍മാരുടെ വിശ്വാസം നേടാന്‍ കഴിയുന്നില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. കേരളം സന്ദര്‍ശിച്ചു പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കിയ വിവിധ കേന്ദ്രമന്ത്രിമാര്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങള്‍.
പാലക്കാട് കൂറ്റനാട് മരണയോട്ടം നടത്തിയ ബസ് ജീവനക്കാര്‍ക്കെതിരെ പട്ടാമ്പി ജോയിന്റ് ആര്‍ടിഒ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. ഡ്രൈവറുടെയും കണ്ടക്ടറുടെയും ലൈസന്‍സ് റദ്ദാക്കാനാണു നീക്കം. ബസ് ഉടന്‍ ജോയിന്റ് ആര്‍ടിഒ ഓഫീസില്‍ ഹാജരാക്കാന്‍ ഉടമയ്ക്കും നിര്‍ദേശം നല്‍കി. അമിത വേഗത്തില്‍ സ്‌കൂട്ടറില്‍ ഇടിക്കാന്‍ ശ്രമിച്ച ബസിനെ കൂറ്റനാട് ചാലിശേരിയില്‍ സാന്ദ്ര എന്ന യുവതി തടഞ്ഞുനിര്‍ത്തി താക്കീതു ചെയ്യുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരുന്നു.