നിര്‍മിത ബുദ്ധി, റോബോട്ടിക്സ് സാങ്കേതിക വിദ്യയില്‍ പലപ്പോഴും ഫാന്റസികളായി അവതരിപ്പിക്കാറുള്ളതാണ് എ.ഐ അധിഷ്ഠിത സൈന്യം എന്ന സങ്കല്പം. ഇനി മുതല്‍ അത് കേവലമൊരു സങ്കല്പമല്ല. യഥാര്‍ഥ സൈനികര്‍ക്കൊപ്പം യുദ്ധഭൂമിയില്‍ പൊരുതുന്ന, അതിര്‍ത്തിയില്‍ കാവലിരിക്കുന്ന ഹ്യൂമനോയിഡ് സൈന്യം ഇന്ത്യന്‍ ആര്മിയിലുമുണ്ടാകും. ഇതുസംബന്ധിച്ച ഗവേഷണം പുരോഗമിക്കുകയാണ് രാജ്യത്തിന്റെ പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡി.ആര്.ഡി.ഒയില്‍. നിലവില്‍ റോബോട്ടുകള്‍ സൈന്യത്തിന്റെ ഭാഗമാണ്. എന്നാല്‍, കൃത്യമായ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രം പ്രവര്‍ത്തിക്കുന്നവയാണവ. പുതിയ ഗവേഷണത്തിലൂടെ വികസിപ്പിക്കാന്‍ ശ്രമിക്കുന്നത്, സ്വന്തമായി തീരുമാനങ്ങള്‍ എടുക്കാന്‍ കഴിവുള്ള റോബോട്ടുകളെയാണ്. സൈനികരുടെ ജീവന് ആപത്തിലാകാന്‍ സാധ്യതയുള്ള ദൗത്യങ്ങളില്‍ അവര്‍ക്ക് മുന്നില്‍ നിന്ന് സൈനികരുടെ നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ച് പോരാടാനുള്ള സവിശേഷത ഇവക്കുണ്ടാകും. സൈനിക ദൗത്യങ്ങള്‍ വളരെ സമ്മര്‍ദ്ദരഹിതമാക്കി മാറ്റാനും സൈനികരുടെ ജീവന് അപകടത്തിലാകുന്നത് കുറക്കാനും ഇതിലൂടെ സാധിക്കുമെന്നാണ് ഡി.ആര്.ഡി.ഒയുടെ പ്രതീക്ഷ.
ഹ്യൂമനോയിഡ് സൈന്യം ഇന്ത്യന്‍ ആര്‍മിയിലും!
