റെഡ് മീറ്റും കാര്ബ്സുമൊക്കെ അടങ്ങിയ ഭക്ഷണമാണ് ബര്‍ഗര്‍. അതുകൊണ്ടുതന്നെ, ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്ന ഭക്ഷണമായാണ് ബര്‍ഗറിനെ പലപ്പോഴും വിശേഷിപ്പിക്കാറ്. എന്നാല്‍ ചില മാറ്റങ്ങളോടെ ആരോഗ്യകരമായി ബര്‍ഗര്‍ തയ്യാറാക്കുകയാണെങ്കില്‍ സമീകൃത ഭക്ഷണത്തിനൊപ്പം ഇത് ഉള്‍പ്പെടുത്താമെന്ന് ഗവേഷകര്‍ പറയുന്നു. എല്‍ഡിഎല്‍ കൊളസ്ട്രോളിന്റെ അളവ് കൂടുന്നത് ഹൃദ്രോഗം, പക്ഷാഘാതം എന്നിവയ്ക്ക് സാധ്യത കൂട്ടും. അതുകൊണ്ട് കലോറിയും കൊഴുപ്പും കുറഞ്ഞ 80 ശതമാനം ലീന്‍ മീറ്റ് ഉപയോഗിച്ച് ബര്‍ഗര്‍ തയ്യാറാക്കാം. ഇങ്ങനെ വീട്ടില്‍ തന്നെ തയ്യാറാക്കിയെടുക്കുന്ന ബര്‍ഗര്‍ പാറ്റി പൂരിത കൊഴുപ്പും കലോറുയും കുറയ്ക്കാന്‍ സഹായിക്കും. വൈറ്റ് ബ്രെഡ് ബണ്‍ ആണ് പൊതുവെ ബര്‍ഗര്‍ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നത്. പ്രോസസ് ചെയ്ത ഈ ബണ്ണില്‍ കലോറി കൂടുതലായതിനാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടാന്‍ കാരണമാകും. നാരുകളും പോഷകങ്ങളും ഉള്‍പ്പെട്ട മുഴുധാന്യം ഉപയോഗിച്ചുള്ള ബണ്‍ വീട്ടില്‍ തയാറാക്കുന്നത് ആരോഗ്യകരമാണ്. പ്രോസസ് ചെയ്യപ്പെടാത്ത റെഡ്മീറ്റ് ഒരു ദിവസം 85 ഗ്രാം കഴിക്കുന്നത് ആരോഗ്യത്തിന് ദോഷം ചെയ്യില്ലെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. പ്രോസസ് ചെയ്യാത്ത റെഡ് മീറ്റ് ദിവസവും ചെറിയ അളവില്‍ കഴിക്കുന്നത് ആരോഗ്യത്തെ ദോഷകരമായി ബാധിക്കില്ലെന്നാണ് പഠനങ്ങള്‍ പറയുന്നത്. ബര്‍ഗര്‍ പാറ്റി തയ്യാറാക്കാന്‍ ഫ്രഷ് ഇറച്ചി ഉപയോഗിക്കുന്നതാണ് നല്ലത്. ഇതില്‍ പ്രോട്ടീന്‍, വിറ്റാമിന്‍ ബി12, സിങ്ക് എന്നിവയും അടങ്ങിയിട്ടുണ്ട്.