വാഹന പ്രേമികളുടെ ഇലക്ട്രിക് ഹോണ്ട എസ് യുവിക്കായുള്ള കാത്തിരിപ്പ് അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ അവസാനിക്കും. ജപ്പാന്‍ മൊബിലിറ്റി ഷോയില്‍ ഏറ്റവും പുതിയ ഇലക്ട്രിക് എസ്യുവിയുടെ പ്രോട്ടോടൈപ്പ് പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ഹോണ്ട മോട്ടോര്‍ കമ്പനി അവതരിപ്പിച്ചു. ഹോണ്ട സീറോ ആല്‍ഫ എന്ന് പേരിട്ടിരിക്കുന്ന മോഡല്‍ ഹോണ്ടയുടെ സീറോ സീരീസ് ഇവികളിലെ ആദ്യ വാഹനമാണ്. 2027 ല്‍ ഇതിന്റെ ഉല്‍പ്പാദനത്തിലേക്ക് കമ്പനി കടക്കും. അതേ വര്‍ഷം തന്നെ ഇന്ത്യയിലും ഇത് ലോഞ്ച് ചെയ്യാനാണ് ലക്ഷ്യമിടുന്നത്. ഇറക്കുമതി ചെയ്യുന്നതിന് പകരം ഇന്ത്യയിലാകും മോഡലിന്റെ ഉല്‍പ്പാദനം നടക്കുക. ബാറ്ററി 50-70 കിലോവാട്ട്അവര്‍ പരിധിയിലായിരിക്കാന്‍ സാധ്യതയുണ്ട്. ഇത് ഹോണ്ടയുടെ എസ്യുവിയെ മറ്റ് കാര്‍ നിര്‍മ്മാതാക്കളുടെ മോഡലുകളുമായി മത്സരിക്കാന്‍ സഹായിക്കും. ഒറ്റ ചാര്‍ജില്‍ 400 മുതല്‍ 500 കിലോമീറ്റര്‍ വരെ ദൂരം പിന്നിടാന്‍ കഴിയുന്ന തരത്തിലുള്ള ബാറ്ററി പായ്ക്ക് അവതരിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. മുന്നിലെ ഗ്രില്ലിലാണ് ഇല്യൂമിനേറ്റഡ് ഹോണ്ട ലോഗോയും ചാര്‍ജിംഗ് പോര്‍ട്ടും നല്‍കിയിരിക്കുന്നത്. കനം കൂടിയ ബോഡി ക്ലാഡിംഗും പുറത്തേക്ക് തള്ളിനില്‍ക്കുന്ന വീല്‍ ആര്‍ച്ചുകളും 19 ഇഞ്ച് 5 സ്‌പോക്ക് അലോയ് വീലുകളുമാണ് മറ്റു പ്രത്യേകതകള്‍.
സീറോ ആല്‍ഫ മോഡല്‍ അവതരിപ്പിച്ച് ഹോണ്ട
