ജാപ്പനീസ് ജനപ്രിയ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹോണ്ട ഇന്ത്യയില്‍ പുതിയ ഇരുചക്ര വാഹനങ്ങളെ അവതരിപ്പിക്കുന്നു. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഇന്ത്യന്‍ വിപണിയില്‍ പെട്രോളില്‍ ഓടുന്ന ചില ഇരുചക്ര വാഹനങ്ങളുടെ പേറ്റന്റ് ഫയല്‍ ചെയ്ത കമ്പനി ഇപ്പോള്‍ രണ്ട് പുതിയ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളുടെ പേരുകള്‍ക്കും പേറ്റന്റ് ഫയല്‍ ചെയ്തിട്ടുണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഡാക്‌സ് ഇ, സൂമര്‍ ഇ എന്നിങ്ങനെയാണ് ഇവയുടെ പേരുകള്‍ എന്നാണ് വിവരം. 2023 ജനുവരി 10-ന്, ഹോണ്ട അതിന്റെ ഐക്കണിക് മോഡലുകളുടെ മാതൃകയിലുള്ള ഡാക്‌സ്, സൂമര്‍, കബ് എന്നീ മൂന്ന് ഇലക്ട്രിക് ഇരുചക്രവാഹനങ്ങള്‍ ചൈനീസ് വിപണിയില്‍ അവതരിപ്പിച്ചിരുന്നു. തുടക്കത്തില്‍ ചൈനീസ് വിപണിയില്‍ ലോഞ്ച് ചെയ്ത ഈ ആകര്‍ഷകമായ ഇലക്ട്രിക് മോപ്പഡുകളില്‍ രണ്ടെണ്ണമായിരിക്കും ഇന്ത്യയില്‍ എത്തുക എന്നാണ് റിപ്പോര്‍ട്ടുകള്‍. ഹോണ്ട ഡാക്‌സ് ഇ, ഹോണ്ട സൂമര്‍ ഇ എന്നിവ ചെറിയ വലിപ്പത്തിലുള്ള ഇലക്ട്രിക് സ്‌കൂട്ടറുകളാണ്. ഈ രണ്ട് മോഡലുകളും ഐക്കണിക് സൂമര്‍ സ്‌കൂട്ടറിനെയും ഡാക്സ് മിനി ബൈക്കിനെയും അനുസ്മരിപ്പിക്കുന്ന സ്‌റ്റൈലിംഗ് ഫീച്ചര്‍ ചെയ്യുന്നു. ഒറ്റ ചാര്‍ജില്‍ ഇത് 80 കിലോമീറ്റര്‍ വരെ ഓടും. മണിക്കൂറില്‍ 25 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഇലക്ട്രിക് സ്‌കൂട്ടറിന് കഴിയും.