ഓസ്‌കറില്‍ തന്റെ ആദ്യ വോട്ട് രേഖപ്പെടുത്തി അക്കാദമി അംഗം കൂടിയായ സൂര്യ ശിവകുമാര്‍. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലാണ് ഈ വര്‍ഷത്തെ ഓസ്‌കര്‍ അവാര്‍ഡില്‍ വോട്ട് ചെയ്ത കാര്യം സൂര്യ പ്രേക്ഷകരെ അറിയിച്ചത്. ഓസ്‌കര്‍ കമ്മിറ്റിയില്‍ അംഗമാകുന്ന ആദ്യ തെന്നിന്ത്യന്‍ അഭിനേതാവാണ് സൂര്യ. ബോളിവുഡ് താരം കജോള്‍, സംവിധായകരായ സുഷ്മിത് ഘോഷ്, റിന്റു തോമസ് (റൈറ്റിങ് വിത്ത് ഫയര്‍ ഫെയിം), എഴുത്തുകാരിയും ചലച്ചിത്ര നിര്‍മാതാവുമായ റീമ കഗ്തി എന്നിവരെയും അക്കാദമിയില്‍ അംഗമാകാന്‍ ഇത്തവണ ക്ഷണിച്ചിരുന്നു. ഇന്ത്യന്‍ ചലച്ചിത്ര മേഖലയില്‍നിന്ന് ഓസ്‌കര്‍ ജേതാവ് എ.ആര്‍. റഹ്മാന്‍, അമിതാഭ് ബച്ചന്‍, സൂപ്പര്‍താരങ്ങളായ ഷാറുഖ് ഖാന്‍, വിദ്യാ ബാലന്‍, ആമിര്‍ ഖാന്‍, സല്‍മാന്‍ ഖാന്‍, അലി അഫ്സല്‍ എന്നിവരും നിര്‍മാതാക്കളായ ആദിത്യ ചോപ്ര, ഗുനീത് മോംഗ, ഏക്താ കപൂര്‍, ശോഭ കപൂര്‍ എന്നിവരും മുന്‍പേ തന്നെ അക്കാദമിയിലെ അംഗങ്ങളാണ്. മാര്‍ച്ച് 13ന് ഇന്ത്യന്‍ സമയം പുലര്‍ച്ചെയാണ് ഓസ്‌കര്‍ അവാര്‍ഡ് പ്രഖ്യാപനം. മികച്ച ഒറിജിനല്‍ സോങ് വിഭാഗത്തില്‍ ആര്‍ആര്‍ആറിലെ ‘നാട്ടു നാട്ടു’വാണ് ഇന്ത്യയുടെ പ്രധാന പ്രതീക്ഷ. ഷൗനക് സെന്‍ സംവിധാനം ചെയ്ത ഓള്‍ ദാറ്റ് ബ്രീത്ത്സ്, കാര്‍ത്തികി ഗോണ്‍സാല്‍വസിന്റെ ദ് എലിഫെന്റ് വിസ്പേഴ്സ് എന്നീ ഡോക്യുമെന്ററികളാണ് ഓസ്‌കറില്‍ മത്സരിക്കുന്ന മറ്റ് ഇന്ത്യന്‍ ചിത്രങ്ങള്‍.