ആരോഗ്യം, ടൂറിസം മേഖലകളിലെ മികച്ച പ്രകടനം കാഴ്ചവച്ച സംസ്ഥാനത്തിനുള്ള ഇന്ത്യ ടുഡേയുടെ 2022ലെ ബഹുമതി കേരളത്തിന് ലഭിച്ചു. കഴിഞ്ഞ കൊല്ലവും ടൂറിസം രംഗത്തിൽ കേരളം ഒന്നാം സ്ഥാനത്ത് എത്തിയിരുന്നു. തുടർച്ചയായി മൂന്നാം തവണയാണ് ആരോഗ്യ രംഗത്ത് കേരളത്തിന് ഈ ബഹുമതി ലഭിക്കുന്നത്. പൊതുജനാരോഗ്യ രംഗത്തെ പ്രവർത്തനം വിലയിരുത്താനയുള്ള വിവിധ മാനദണ്ഡങ്ങളിൽ കേരളം നടത്തിയ മികച്ച പ്രവര്‍ത്തനങ്ങളെ വിലയിരുത്തിയാണ് ഇന്ത്യ ടുഡേയുടെ അംഗീകാരം.
ആരോഗ്യരംഗത്ത് സംസ്ഥാന സർക്കാർ ചെലവാക്കുന്ന പ്രതിശീര്‍ഷ തുക ദേശീയ ശരാശരിയുടെ മൂന്നിരട്ടിയാണെന്ന് ഇന്ത്യ ടുഡേ നിരീക്ഷിച്ചു. 1284 സർക്കാർ ആശുപത്രികളും 6,355 ഡോക്ടർമാരും, 21,421 പാരാമെഡിക്കൽ സ്റ്റാഫുകളുമുൾപ്പെട്ട വിപുലമായ ഒരു പൊതുജനാരോഗ്യ സംവിധാനം കേരളത്തിനുണ്ട്. രാജ്യത്തെ ഏറ്റവും കുറഞ്ഞ ശിശുമരണ നിരക്കും ഏറ്റവും കുറഞ്ഞ മാതൃമരണ നിരക്കും കേരളത്തിന്റേതാണ്. ജനിച്ച കുട്ടികളിൽ 0.1% ശിശുക്കൾ മാത്രമേ കേരളത്തിൽ വൈദ്യപരിചരണമില്ലാതെ ജനിക്കുക്കുന്നുള്ളൂ. കോവിഡ്-19 മഹാമാരി നിയന്ത്രിക്കുന്നതിൽ കേരളം നടത്തിയ പ്രവർത്തനത്തെയും ഇന്ത്യ ടുഡേ പ്രശംസിച്ചിട്ടുണ്ട്. ആയുര്‍ദൈര്‍ഘ്യം, ശരാശരി രോഗികള്‍, സര്‍ക്കാര്‍ ആശുപത്രിയിലെ കിടക്കകള്‍, എന്നിങ്ങനെയുള്ള വിവിധ പാരാമീറ്ററുകളും വിലയിരുത്തലിൽ ഉപയോഗിച്ചിട്ടുണ്ട്.
പൊതുജനാരോഗ്യ മേഖലയിൽ കൂടുതൽ വികസനപ്രവർത്തനങ്ങളുമായി മുന്നേറുകയാണ് എൽഡിഎഫ് സർക്കാർ. നിലവിലുള്ള ആരോഗ്യ സംവിധാനങ്ങളെ നവീകരിച്ചും കോവിഡാനന്തര രോഗങ്ങളെ ചികിൽസിക്കാനായി ആവശ്യമായ സജ്ജീകരണങ്ങളും ഇപ്പോൾ ആരോഗ്യ വകുപ്പ് തയ്യാറാക്കുകയാണ്. കോവിഡിന് സമാനമായ സാംക്രമിക രോഗങ്ങളെ പ്രതിരോധിക്കാൻ സംസ്ഥാനത്തെ എല്ലാ നിയോജക മണ്ഡലങ്ങളിലും ഐസൊലേഷൻ വാർഡുകൾ തയ്യാറാക്കുന്ന പദ്ധതിയും സർക്കാർ തുടങ്ങിയിട്ടുണ്ട്. കോവിഡാനന്തര ടൂറിസത്തിൽ നടത്തിയ മികച്ച മുന്നേറ്റമാണ് ടൂറിസം രംഗത്തെ ബഹുമതിക്ക് അർഹമാക്കിയത്. കാരവാൻ ടൂറിസം, ലിറ്റററി സര്‍ക്യൂട്ട്, ബയോഡൈവേഴ്സിറ്റി സര്‍ക്യൂട്ട് തുടങ്ങിയ നൂതന പദ്ധതികള്‍ ആവിഷ്ക്കരിച്ചതിനെ മികച്ച ചുവടുവെപ്പുകളായി വിശേഷിപ്പിച്ചാണ് കേരളത്തെ ടൂറിസത്തെ അവാര്‍ഡിനായി തെരഞ്ഞെടുത്തത്.