ചാറ്റ്ജി.പി.ടി പ്രവര്‍ത്തിപ്പിക്കുന്നതിന് വെള്ളമോ? സെക്കന്‍ഡുകള്‍ കൊണ്ട് വലിയ ലേഖനങ്ങളും പൈത്തണ്‍ കോഡുകളും സൃഷ്ടിച്ചു തരുന്ന ചാറ്റ്ജി.പി.ടി പ്രവര്‍ത്തിപ്പിക്കുന്നതിനായി ഡാറ്റാ സെന്ററുകള്‍ക്ക് ആവശ്യം വരുന്ന ജലത്തിന്റെ അളവ് നമുക്ക് വിശ്വസിക്കാന്‍ പറ്റാത്തത്രയും വലുതാണെന്ന് പഠനം. യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയ റിവര്‍സൈഡും യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസ് ആര്‍ലിംഗ്ടണിലെ ഗവേഷകരും ചേര്‍ന്ന് നടത്തിയ പഠനം പറയുന്നത്, 20 മുതല്‍ 50 വരെയുള്ള ചോദ്യങ്ങളും ഉത്തരങ്ങളുമുള്ള ലളിതമായ സംഭാഷണത്തിനായി ചാറ്റ്ജി.പി.ടി പ്രവര്‍ത്തിപ്പിക്കുന്നതിന് ഡാറ്റാ സെന്ററുകള്‍ 500 മില്ലീ ലിറ്റര്‍ വെള്ളം ഉപയോഗിക്കുന്നുണ്ടെന്നാണ്. ഡാറ്റാ സെന്ററുകള്‍ അവരുടെ സെര്‍വറുകള്‍ക്ക് വൈദ്യുതി നല്‍കുന്നതിനും ചാറ്റ്ജി.പി.ടി പോലുള്ള എ.ഐ മോഡലുകള്‍ പ്രവര്‍ത്തിപ്പിക്കുമ്പോള്‍ ആ സെര്‍വറുകള്‍ തണുപ്പിക്കുന്നതിനും വേണ്ടിയാണ് വലിയ അളവില്‍ വെള്ളം ഉപയോഗിക്കുന്നത്. മൈക്രോസോഫ്റ്റിന്റെ ജിപിടി-3 മോഡലിന്റെ പരിശീലനത്തിന് വേണ്ടി മാത്രമായി 370 ബി.എം.ഡബ്ല്യു അല്ലെങ്കില്‍ 320 ടെസ്ല കാറുകള്‍ നിര്‍മ്മിക്കുന്നതിന് ആവശ്യമായ ശുദ്ധജലം വേണ്ടിവരുമെന്നും പഠനം കണ്ടെത്തി. അതായത് 700,000 ലിറ്റര്‍ (185,000 ഗാലന്‍) വെള്ളം. ചാറ്റ്ജി.പി.ടിയുടെ സൃഷ്ടാക്കളായ ഓപണ്‍എ.ഐയുമായി സഹകരിക്കുന്ന മൈക്രോസോഫ്റ്റ് കമ്പനിയില്‍ 10 ബില്യണ്‍ ഡോളര്‍ നിക്ഷേിപ്പിച്ചിട്ടുണ്ട്. ഗൂഗിളിന്റെ ലാംഡ പോലുള്ള മറ്റ് എ.ഐ മോഡലുകളും ദശലക്ഷക്കണക്കിന് ലിറ്റര്‍ വെള്ളം ഉപയോഗിച്ചാണ് പ്രവര്‍ത്തിപ്പിക്കുന്നത്. ആഗോള ജലക്ഷാമം നേരിടുന്ന ഈ സാഹചര്യത്തില്‍ എ.ഐ മോഡലുകള്‍ പ്രവര്‍ത്തിപ്പിക്കുന്ന കമ്പനികള്‍ അതിന്റെ സാമൂഹിക ഉത്തരവാദിത്തം ഏറ്റെടുക്കാനും ജലക്ഷാമത്തെ നേരിടാനുള്ള കൂട്ടായ ശ്രമങ്ങളില്‍ പങ്കാളികളാകാനും ഗവേഷകര്‍ പഠനത്തില്‍ നിര്‍ദേശിച്ചു.