മാസങ്ങളായി നേര്‍ക്കുനേര്‍ പോരടിച്ചിരുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും ഒരേ വേദിയില്‍. ദേശീയപാതാ വികസന പദ്ധതികളുടെ ഉദ്ഘാടന ചടങ്ങില്‍ മുഖ്യമന്ത്രിയും ഗവര്‍ണറും ഒന്നിച്ചാണ് ദീപം തെളിയിച്ചത്. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി വിളക്ക് ഇരുവരുടെയും കൈകളിലേക്കു വച്ചുകൊടുക്കുകയായിരുന്നു. തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററിലായിരുന്നു ചടങ്ങ്.
കേരളത്തില്‍ റോഡു വികസനത്തിനു ഭൂമി ഏറ്റെടുക്കാന്‍ ബുദ്ധിമുട്ടാണെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. പുതിയ ദേശീയപാതകള്‍ വരുന്നതോടെ, 2025 ആകുമ്പോഴേക്കും കേരളത്തിന്റെ മുഖച്ഛായ മാറുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ 45,536 കോടി രൂപയുടെ ദേശീയപാത പദ്ധതികള്‍ക്കു തിരുവനന്തപുരത്തു തറക്കല്ലിട്ടു സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കേന്ദ്രവും സംസ്ഥാനവും ചര്‍ച്ച ചെയ്തു പരിഹരിക്കുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി ഗഡ്കരി പറഞ്ഞു.