ഇസ്രായേല്‍-ഹമാസ് യുദ്ധ പശ്ചാത്തലത്തില്‍ കത്തിക്കയറി സ്വര്‍ണവില. കേരളത്തില്‍ ഇന്ന് രേഖപ്പെടുത്തിയത് റെക്കോര്‍ഡ് വര്‍ധന. ഒറ്റ ദിവസം 1120 രൂപയാണ് ഒരു പവന്റെ വിലയില്‍ വര്‍ധിച്ചത്. ഒരു ദിവസം ഒറ്റത്തവണയുണ്ടാകുന്ന ഏറ്റവും ഉയര്‍ന്ന വര്‍ധനവാണ് ഇന്നത്തേത്. ഇതോടെ പവന് 44്320 രൂപയിലാണ് ഇന്ന് സ്വര്‍ണവില്‍പന നടക്കുന്നത്. ഗ്രാമിന് 5540 രൂപയാണ് ഇന്നത്തെ വില. ഒരു ഗ്രാം സ്വര്‍ണത്തിന് 140 രൂപയാണ് ഇന്ന് വര്‍ധിച്ചത്. നേരത്തെ ഒരു ദിവസം 150 രൂപ വര്‍ധിച്ചിട്ടുണ്ടെങ്കിലും അത് രണ്ട് തവണയായാണ് വര്‍ധിച്ചത്. എന്നാല്‍ ഇന്ന് രാവിലെ സ്വര്‍ണ വില ഗ്രാമിന് 140 രൂപ വര്‍ധിച്ചത് ഒറ്റത്തവണയായതിനാലാണ് റെക്കോര്‍ഡ് വര്‍ധനവായി കണക്കാക്കുന്നത്. ഇന്നലെ 5400 രൂപയിലായിരുന്നു ഒരു ഗ്രാം സ്വര്‍ണം വിപണനം ചെയ്തത്. പവന് 43200 രൂപയായിരുന്നു വില. യുദ്ധ പശ്ചാത്തലത്തില്‍ ആഗോള മൂലധന വിപണി നേരിടുന്ന ആശങ്കകള്‍മൂലം സുരക്ഷിത നിക്ഷേപമെന്നോണം നിക്ഷേപകര്‍ സ്വര്‍ണത്തിലേക്ക് ചുവടുമാറ്റുന്നതാണ് വിലക്കുതിപ്പ് സൃഷ്ടിക്കുന്നത്. ഓഹരി, കടപ്പത്ര വിപണികളില്‍ നിന്ന് നിക്ഷേപം വന്‍തോതില്‍ സ്വര്‍ണത്തിലേക്ക് മാറ്റി സുരക്ഷിതമാക്കുകയാണ് നിക്ഷേപകര്‍. കഴിഞ്ഞവാരം ഔണ്‍സിന് 1,868 ഡോളറായിരുന്ന രാജ്യാന്തര സ്വര്‍ണവില ഇതോടെ 1,932 ഡോളറിലേക്ക് ഇരച്ചുകയറി. 24 മണിക്കൂറിനിടെ മാത്രം വില വര്‍ധിച്ചത് 62 ഡോളര്‍. വില വൈകാതെ 1,960 ഡോളര്‍ ഭേദിച്ചേക്കുമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍. ഡോളറിനെതിരെ രൂപയുടെ മൂല്യത്തിലുണ്ടാകുന്ന കുറവുമൂലം ഇറക്കുമതിച്ചെലവ് വര്‍ധിക്കുന്നതും സ്വര്‍ണവില കൂടാനിടയാക്കുന്നുണ്ട്. അമേരിക്കയുടെ കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് അടിസ്ഥാന പലിശനിരക്കില്‍ ഉടന്‍ മാറ്റംവരുത്തിയേക്കില്ലെന്ന സൂചനകളെ തുടര്‍ന്ന് കടപ്പത്ര യീല്‍ഡിലുണ്ടായ കുറവും സ്വര്‍ണവില കൂടാന്‍ കളമൊരുക്കുകയാണ്.