കുതിപ്പ് തുടര്‍ന്ന് സ്വര്‍ണ വില. ഇന്ന് ഗ്രാമിന് 70 രൂപ ഉയര്‍ന്ന് 5,640 രൂപയും പവന് 560 രൂപ കൂടി 45,120 രൂപയുമായി. കഴിഞ്ഞ മൂന്നു ദിവസമായി പവന് 1,160 രൂപയുടെ കയറ്റമാണുണ്ടായത്. ആഗോള വിപണിയില്‍ സ്വര്‍ണം കുതിപ്പ് തുടരുകയാണ്. ഇന്നലെ ഔണ്‍സിന് 1,948 ഡോളറായിരുന്ന രാജ്യാന്തര വില 1,979.39 ഡോളറിലെത്തി. രാവിലെ 1,977 ഡോളറിലായിരുന്നു. കയറ്റം തുടരാനാണ് സാധ്യതയെന്ന് വിപണി വിദഗ്ധര്‍ വിലയിരുത്തുന്നു. ഇസ്രയേല്‍ – ഹമാസ് സംഘര്‍ഷം രൂക്ഷമായതോടെ രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില കുത്തനെ ഉയരുകയാണ്. സുരക്ഷിത നിക്ഷേപമായി സ്വര്‍ണത്തിന്റെ കാണുന്നതോടെ യുദ്ധ സാഹചര്യങ്ങളില്‍ സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് കൂടുന്നതാണ് കാരണം. കഴിഞ്ഞവാരം ഔണ്‍സിന് 1,919 ഡോളറായിരുന്നു. പിന്നീടാണ് കയറ്റിറക്കങ്ങളിലൂടെ നിലവിലെ വിലയിലേക്ക് എത്തിയത്. കേരളത്തിലും ആഗോള വിപണിയുടെ പ്രതിഫലനങ്ങളാണ് ഉണ്ടായത്. ഈ വര്‍ഷം ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന നിരക്ക് രേഖപ്പെടുത്തിയത് മേയ് അഞ്ചിനാണ്. പവന് 45,760 രൂപയായിരുന്നു അന്ന്. പിന്നീട് 45,000 രൂപ നിരക്കില്‍ മേയ് 22 വരെ തുടര്‍ന്ന സ്വര്‍ണം തിരികെയിറങ്ങി. എന്നാല്‍ നിലവിലെ വിലക്കയറ്റം തുടര്‍ന്നാല്‍ താമസിയാതെ സ്വര്‍ണം പുതിയ റെക്കോര്‍ഡ് കുറിച്ചേക്കാം. 18 കാരറ്റ് സ്വര്‍ണത്തിനും ഏതാനും ദിവസങ്ങളായി വിലക്കയറ്റമാണ്. ഇന്ന് ഗ്രാമിന് 60 രൂപ വര്‍ധിച്ച് 4,683 രൂപയായി. വെള്ളി വിലയില്‍ ഇന്നും വര്‍ധന ഉണ്ടായില്ല. സാധാരണ വെള്ളിക്ക് ഗ്രാമിന് 78 രൂപയും ഹോള്‍മാര്‍ക്ക്ഡ് വെള്ളി വില 103 രൂപയുമാണ് വില.