ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉല്‍പ്പാദന വളര്‍ച്ചാനിരക്ക് രണ്ടുവര്‍ഷത്തെ ഏറ്റവും താഴ്ന്നനിലയില്‍. നടപ്പുവര്‍ഷത്തെ രണ്ടാംപാദമായ ജൂലൈ-സെപ്റ്റംബറില്‍ 5.4 ശതമാനത്തിലേക്കാണ് വളര്‍ച്ചാനിരക്ക് കൂപ്പുകുത്തിയത്. കഴിഞ്ഞ 21 മാസത്തിനിടയിലെ ഏറ്റവും മോശം വളര്‍ച്ചയാണിതെന്ന് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ട് വ്യക്തമാക്കി. ഉല്‍പ്പാദന, ഖനന രംഗങ്ങളില്‍ ഉണ്ടായ മോശം പ്രകടനമാണ് വളര്‍ച്ചാനിരക്ക് കുറയാന്‍ കാരണം. മുന്‍വര്‍ഷം സമാന കാലയളവില്‍ 8.1 ശതമാനം വളര്‍ച്ച ഉണ്ടായിരുന്ന സ്ഥാനത്താണ് ഈ താഴ്ച. നടപ്പുസാമ്പത്തികവര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ 6.7 ശതമാനമായിരുന്നു വളര്‍ച്ച. 2022ലെ ഒക്ടോബര്‍- ഡിസംബര്‍ പാദത്തിലാണ് ഇതിന് മുന്‍പ് ഏറ്റവും താഴ്ന്ന വളര്‍ച്ചാനിരക്ക് രേഖപ്പെടുത്തിയത്. അന്ന് 4.3 ശതമാനമായിരുന്നു വളര്‍ച്ചാനിരക്ക്. നഗരങ്ങളില്‍ ഉപഭോക്തൃച്ചെലവഴിക്കലുകള് ഇടിഞ്ഞതും മധ്യവര്‍ഗ കുടുംബങ്ങള്‍ നേരിട്ട സാമ്പത്തിക ഞെരുക്കവുമാണ് ജിഡിപി വളര്‍ച്ചയെ ബാധിച്ചതെന്നാണ് വിലയിരുത്തലുകള്‍. ഉല്‍പ്പാദന മേഖല ഒരു വര്‍ഷം മുന്‍പത്തെ 14.3 ശതമാനത്തില്‍ നിന്ന് 2.2 ശതമാനമായി താഴ്ന്നതാണ് ജിഡിപിയെ ബാധിച്ചത്.
ജിഡിപി രണ്ടുവര്‍ഷത്തെ ഏറ്റവും താഴ്ന്നനിലയില്‍
