sivan 1

പൊതുവിദ്യാഭ്യാസ മേഖലയില്‍ സ്വതന്ത്ര സോഫ്റ്റ്വെയറുകളേ ഉപയോഗിക്കാവൂവെന്നും ഉടമസ്ഥാവകാശമുള്ള സോഫ്റ്റ്വെയറുകള്‍ ഉപയോഗിച്ചാല്‍ നടപടിയെടുക്കുമെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി. പൊതുജനങ്ങള്‍ക്കും സ്വതന്ത്ര സോഫ്റ്റ്വെയറില്‍ പരിശീലനം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ കലാപം. മുഖ്യമന്ത്രി അശോക് ഗെലോട്ടിനേയും സച്ചിന്‍ പൈലറ്റിനേയും സോണിയാഗാന്ധി ഡല്‍ഹിക്കു വിളിപ്പിച്ചു. അശോക് ഗെലോട്ട് എഐസിസി പ്രസിഡന്റാകാനിരിക്കേ, ഒഴിവുവരുന്ന മുഖ്യമന്ത്രി സ്ഥാനത്തേക്ക് സച്ചിന്‍ പൈലറ്റിനെ പരിഗണിച്ചാല്‍ രാജിയെന്ന് ഗെലോട്ട് പക്ഷത്തെ 92 എംഎല്‍എമാര്‍. പുതിയ മുഖ്യമന്ത്രി ആരെന്ന തീരുമാനം ഹൈക്കമാന്‍ഡിനു വിടാനുള്ള പ്രമേയം പാസാക്കാന്‍ എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ നിര്‍ദ്ദേശം നല്‍കി. നിയമസഭാകക്ഷി യോഗം റദ്ദാക്കി. അട്ടിമറി നീക്കങ്ങള്‍ക്കു പിറകില്‍ താനല്ലെന്ന് അശോക് ഗെലോട്ട്. മുഖ്യമന്ത്രി ആരാകണമെന്ന ചര്‍ച്ച കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിനു ശേഷം മതിയെന്നാണു ഗെലോട്ട് വിഭാഗത്തിന്റെ നിലപാട്.

സൂര്യകുമാര്‍ യാദവും വിരാട് കോലിയും തകര്‍ത്തടിച്ചു. ഓസ്ട്രേലിയക്കെതിരെയുള്ള പരമ്പര ടീം ഇന്ത്യക്ക് സ്വന്തം. അവസാനത്തേയും മൂന്നാമത്തേയും ട്വന്റി20 മത്സരത്തില്‍ ഓസ്ട്രേലിയക്കെതിരെ ഇന്ത്യക്ക് ആറ് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം. ടിം ഡേവിഡിന്റേയും കാമറോണ്‍ ഗ്രീനിന്റേയും മികവില്‍ ഓസ്ട്രേലിയ നേടിയ 186 റണ്‍സിനെതിരെ ബാറ്റിംഗിനിറങ്ങിയ ഇന്ത്യ ഒരു പന്ത് ബാക്കി നില്‍ക്കേയാണ് വിജയക്കൊടി പാറിച്ചത്. 36 പന്തില്‍ 69 റണ്‍സ് നേടിയ സൂര്യകുമാര്‍ യാദവിനെ കളിയിലെ താരമായി തിരഞ്ഞെടുത്തു. കോലി 48 പന്തില്‍ 63 റണ്‍സ് നേടി. അക്ഷര്‍ പട്ടേലാണ് പരമ്പരയുടെ താരം.

ചൈനയിലെ നിരവധി ആഭ്യന്തര വിമാന – ട്രയിന്‍ സര്‍വീസുകള്‍ റദ്ദാക്കി. പ്രസിഡന്റ് ഷി ജിന്‍ പിങിനെ പട്ടാളം വീട്ടു തടങ്കലിലാക്കിയെന്ന പ്രചാരണം നിലനില്‍ക്കേയാണ് വിമാന, ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കിയത്. അട്ടിമറി അഭ്യൂഹത്തില്‍ ചൈന പ്രതികരിച്ചിട്ടില്ല. പ്രസിഡന്റിനെതിരെ രാഷ്ട്രീയ നീക്കം നടത്തിയെന്നാരോപിച്ച് ഒരു ഉന്നത ഉദ്യോഗസ്ഥനു വധശിക്ഷ നല്‍കിയെന്ന വാര്‍ത്തയും പുറത്തു വന്നിട്ടുണ്ട്.

സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് തങ്ങള്‍ ആവശ്യപ്പെട്ട രേഖകള്‍ തന്നില്ലെന്ന് കേന്ദ്ര റെയില്‍വേ മന്ത്രാലയം കേരള ഹൈക്കോടതിയില്‍. അലൈന്‍മെന്‍ിന് ആവശ്യമായ സ്വകാര്യഭൂമി, റെയില്‍വേ ഭൂമി തുടങ്ങിയവയുടെ വിശദാംശങ്ങള്‍ ഇതുവരെ കേരള റെയില്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ തന്നില്ലെന്നാണ് റെയില്‍വേ മന്ത്രാലയം കോടതിയെ അറിയിച്ചത്.

പോപ്പുലര്‍ ഫ്രണ്ടിന്റെ ഹര്‍ത്താലിനിടെ അക്രമങ്ങള്‍ നടത്തിയതിന് 274 പേരെകൂടി അറസ്റ്റു ചെയ്തു. സംസ്ഥാനത്ത് ഇതുവരെ 308 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. വിവിധ അക്രമങ്ങളില്‍ അറസ്റ്റിലായവരുടെ എണ്ണം 1,287 ആയി. 834 പേരെ കരുതല്‍ തടങ്കലിലാക്കിയിരുന്നു.

കെഎസ്ആര്‍ടിസിയിലെ ഓപ്പറേഷന്‍ വിഭാഗം ജീവനക്കാര്‍ക്കുള്ള കളക്ഷന്‍ ഇന്‍സെന്റീവ് പുനക്രമീകരിക്കും. വരുമാനം അടിസ്ഥാനപ്പെടുത്തി അഞ്ച് സ്ലാബുകളാക്കി തിരിച്ചാണ് ഇനി ഇന്‍സെന്റീവ് നല്‍കുക. അക്കൗണ്ട്സ് ജീവനക്കാരുടെ പ്രവര്‍ത്തിസമയം രാവിലെ ആറു മുതല്‍ ഉച്ചയ്ക്കു രണ്ടുവരെയാക്കാനും തീരുമാനിച്ചു. ഡ്രൈവറും കണ്ടക്ടറും അടക്കം ഓപ്പറേഷന്‍സ് വിഭാഗം ജീവനക്കാര്‍ക്ക് ശമ്പളത്തിനു പുറമെ ഓരോ സര്‍വീസിന്റെയും വരുമാനത്തിന് അനുപാതികമായി നല്‍കുന്ന ഇന്‍സെന്റീവാണ് പുനക്രമീകരിക്കുന്നത്.

അന്തരിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍മന്ത്രിയുമായ ആര്യാടന്‍ മുഹമ്മദിന്റെ സംസ്‌കാരം ഇന്നു രാവിലെ ഒമ്പതിന് മുക്കട്ട വലിയ ജുമാ മസ്ജിദില്‍. ഔദ്യോഗിക ബഹുമതികളോടെയാകും സംസ്‌കാരം. ഏഴു പതിറ്റാണ്ട് കോണ്‍ഗ്രസിന്റെ നേതൃനിരയിലുണ്ടായിരുന്ന നേതാവാണ് ആര്യാടന്‍ മുഹമ്മദ്.

കണ്ണൂരില്‍ പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുള്ള വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധനയുമായി പോലീസ്. താണയിലെ ബി മാര്‍ട്ട് എന്ന സ്ഥാപനത്തില്‍ റെയ്ഡ് നടത്തി കമ്പ്യൂട്ടര്‍, മൊബൈല്‍ ഫോണ്‍, ഫയല്‍ എന്നിവ പിടിച്ചെടുത്തു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *