നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ തൊഴിലധിഷ്ടിത കോഴ്സുകള്‍ നടത്തുന്നുവെന്ന് വ്യാജ പ്രചാരണം. സിയാലിന്‍റെ പേരില്‍ രണ്ട് യുവാക്കള്‍ തദ്ദേശ സ്ഥാപനങ്ങളില്‍ നേരിട്ടെത്തിയാണ് ജനപ്രതിനിധികളെയടക്കം കബളിപ്പിച്ചത്. സംഭവുമായി ബന്ധമില്ലെന്ന് സിയാല്‍ വാര്‍ത്താകുറിപ്പ് ഇറക്കിയതോടെയാണ് തട്ടിപ്പ് വ്യക്തമായത്. വിമാനത്താവളത്തിനു
സമീപത്തെ ശ്രീമൂലനഗരം, കാഞ്ഞൂര്‍, കാലടി, നെടുമ്പാശ്ശേരി പഞ്ചായത്തുകളും അങ്കമാലി നഗരസഭയും കേന്ദ്രീകരിച്ചായിരുന്നു വ്യാജപ്രചാരണം. സിയാല്‍ നിയോഗിച്ചതെന്ന പേരില്‍ ഐഡി കാര്‍ഡടക്കം ധരിച്ച് രണ്ടു പേര്‍ തദ്ദേശ സ്ഥാപനങ്ങളിലെത്തുകയും ആദ്യം സെക്രട്ടറിയെയും പിന്നെ ജനപ്രതിനിധികളെയും കണ്ടു. തുടർന്ന് തദ്ദേശ മേഖലകളിലെ തൊഴില്‍ രഹിതരായ യുവതി യുവാക്കള്‍ക്ക് സോളര്‍ ടെക്നീഷുന്‍, ഹെല്‍ത്ത് കെയര്‍ എന്നീ സര്‍ട്ടിഫിക്കറ്റ് കോഴ്സുകള്‍ നടത്തുന്നുവെന്നും സ്വകാര്യ കമ്പനിയെയാണ് കോഴ്സ് നടത്താന്‍ ചുമതലപ്പെടുത്തിയതെന്നും കോഴ്സ് പൂര്‍ത്തിയാക്കിയാല്‍ ജോലി ഉറപ്പാണെന്നും വാഗ്ദാനം ചെയ്യുകയായിരുന്നു. ഇതിനിടെ സിയാല്‍ തന്നെ സംഭവം വ്യാജമാണെന്ന് പ്രസ്താവന ഇറക്കിയതോടെ വന്‍ തട്ടിപ്പിനുള്ള നീക്കമായിരുന്നുവെന്ന് തിരിച്ചറിഞ്ഞതോടെ സന്ദേശങ്ങളും പരസ്യങ്ങളുമെല്ലാം പിന്‍വലിച്ച് തദ്ദേശ സ്ഥാപനങ്ങള്‍ ഖേദം പ്രകടിപ്പിച്ചു.