വെളിച്ചം കാണാത്ത നിയമം
ഒരിക്കലും വെളിച്ചം കാണില്ലെന്ന് ഉറപ്പുള്ള ഒരു നിയമം പാസാക്കുന്ന തിരക്കിലാണു നമ്മുടെ നിയമസഭ. നിയമസഭാ സമാജികര്‍ കൂട്ടംകൂടിയിരുന്നു ചര്‍ച്ചയോടു ചര്‍ച്ച. കേരളത്തിലെ സര്‍വകലാശാലകളുടെ ചാന്‍സലര്‍ പദവിയില്‍നിന്ന് ഗവര്‍ണറെ നീക്കംചെയ്യുന്ന നിയമമാണ് പാസാക്കുന്നത്. 14 സര്‍വകലാശാകലകളില്‍നിന്ന് ഗവര്‍ണറുടെ നിയന്ത്രണം ഇല്ലാതാക്കണം. സ്വയംഭരണാവകാശമുണ്ടെന്നു സങ്കല്‍പമുള്ള സര്‍വകലാശാലകളുടെ പൂര്‍ണ നിയന്ത്രണം സര്‍ക്കാരിന്റെ കൈയിലാക്കണം. വൈസ് ചാന്‍സലര്‍ നിയമനം മുതല്‍ ശിപായി നിയമനം വരെ, കെട്ടിട നിര്‍മാണം മുതല്‍ പര്‍ച്ചേയ്‌സ് വരെ, കാമ്പസുകളിലെ കലാ കായിക മല്‍സരങ്ങള്‍ മുതല്‍ പാഠ്യപദ്ധതി വരെ എല്ലാം കൈപ്പിടിയിലൊതുക്കണം. അതിനുവേണ്ടിയാണ് ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്തുനിന്നു നീക്കം ചെയ്യുന്നത്. പകരം ആജ്ഞാനുവര്‍ത്തികളെ ആകര്‍ഷകമായ ശമ്പളവും ആനുകൂല്യങ്ങളും നല്‍കി ചാന്‍സലര്‍മാരായി നിയമിക്കാന്‍ ഒരുങ്ങുന്നത്. കല്‍പിത സര്‍വകലാശാലയായ കലാണ്ഡലത്തില്‍ ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്തുനിന്നു നീക്കി പ്രശസ്ത നര്‍ത്തകി മല്ലിക സാരാഭായിയെ ചാന്‍സലറായി നിയമിച്ചു. ഐഐഎമ്മില്‍നിന്നു എംബിഎയും ഗുജറാത്ത് സര്‍വകലാശാലയില്‍നിന്ന് ഡോക്ടറേറ്റും നേടിയ മല്ലിക സാരാഭായിയെ രാജ്യം പത്മഭൂണ്‍ നല്‍കി ആദരിച്ചിട്ടുമുണ്ട്.

യൂണിവേഴ്‌സിറ്റി ഗ്രാന്റ് കമ്മീഷന്റെ പരിധിയില്‍ വരാത്ത കലാമണ്ഡലം കല്‍പിത സര്‍വകലാശാലയ്ക്കു ലഭിച്ച മികച്ച ചാന്‍സലര്‍തന്നെയാണ് മല്ലിക സാരാഭായ്. നിയമനത്തിനു നിയമതടസങ്ങള്‍ ഉണ്ടാകില്ല. എന്നാല്‍ യുജിസിക്കു കീഴിലുള്ള സര്‍വകലാശാലകളില്‍ അതു നടക്കില്ല. ഗവര്‍ണറെ ചാന്‍സലര്‍ പദവിയില്‍നിന്നു നീക്കം ചെയ്യുന്ന പുതിയ നിയമത്തിലെ വ്യവസ്ഥകള്‍ യുജിസി ചട്ടങ്ങള്‍ക്കു വിരുദ്ധമാണ്. കേന്ദ്ര നിയമത്തിനും സുപ്രീം കോടതി വിധിക്കും എതിരായ വ്യവസ്ഥകളും നിയമത്തിലുണ്ട്. യുജിസിയുടെ നിര്‍ദേശങ്ങള്‍ക്കു വിരുദ്ധമായി സംസ്ഥാന നിയമം ഉണ്ടെങ്കില്‍ യുജിസി നിയമമാണ് നടപ്പാക്കേണ്ടതെന്നു സുപ്രീം കോടതി ഉത്തരവുണ്ട്. കേന്ദ്ര നിയമത്തിനു വിരുദ്ധമായി സംസ്ഥാന നിയമം നില്‍ക്കില്ല. അതുകൊണ്ടാണ് സുപ്രീംകോടതി വിധിയെ തുടര്‍ന്ന് വൈസ് ചാന്‍സലര്‍ക്കു പുറത്തു പോകേണ്ടിവന്നത്. ചാന്‍സലറുടെ ഒഴിവുണ്ടായാല്‍ താല്‍ക്കാലികമായി പ്രോ വൈസ് ചാന്‍സലര്‍ക്ക് അധികാരം നല്‍കാമെന്നാണ് പുതിയ ബില്ലില്‍ പറയുന്നത്. ചാന്‍സലറുടെ കാലാവധിയില്‍ മാത്രമേ പ്രോ വൈസ് ചാന്‍സലര്‍ക്ക് അധികാരത്തില്‍ ഇരിക്കാന്‍ കഴിയൂ എന്നാണ് യുജിസി നിയമം. ചാന്‍സലര്‍ ഇല്ലാതായാല്‍ പ്രോവൈസ് ചാന്‍സലറും ഇല്ലാതാകും.

പുതുതായി നിയമിക്കപ്പെടുന്ന ചാന്‍സലറുടെ കാര്യാലയം സര്‍വകലാശാല ആസ്ഥാനമായിരിക്കുമെന്നാണ് ബില്ലില്‍ പറയുന്നത്. ചാന്‍സലറുടെ നിയമന അധികാരി മന്ത്രിസഭയാണ്. ചാന്‍സലറെ നിയമിക്കുന്ന സര്‍ക്കാരിലെ മന്ത്രി പ്രോ ചാന്‍സലര്‍ ആകുമ്പോള്‍ ചാന്‍സലര്‍ക്കു താഴെയാകും. ബില്‍ പ്രകാരം ഉന്നതവിദ്യാഭ്യാസ മന്ത്രി ചാന്‍സലറുടെ കീഴിലാണ് വരുന്നത്. ചാന്‍സലര്‍ക്കു കാബിനറ്റ് പദവി നല്‍കേണ്ടിവരും. ചാന്‍സലര്‍ നിയമനത്തിനുള്ള തിരഞ്ഞെടുപ്പ് പ്രക്രിയ ബില്ലില്‍ പറയുന്നില്ല. വിദ്യാഭ്യാസം, കൃഷി, വൈദ്യം, സാമൂഹികരംഗം, ചരിത്രം, പൊതുഭരണം, നിയമം, കല എന്നിവയില്‍ വിദഗ്ധരായ ആരെയും നിയമിക്കാമെന്നാണ് ബില്ലില്‍ പറയുന്നത്. ഓരോ സര്‍വകലാശാലയിലും നിയമിക്കേണ്ട ചാന്‍സലറുടെ യോഗ്യതകള്‍ പ്രത്യേകം പറയുന്നില്ല. ചാന്‍സലറുടെ ഓഫിസ് ചെലവുകള്‍ സര്‍വകലാശാലയുടെ ഫണ്ടില്‍നിന്ന് ചെലവാക്കും. ശമ്പളം, ആനുകൂല്യങ്ങള്‍ തുടങ്ങിയ ഇനങ്ങളില്‍ ഓരോ സര്‍വകലാശാലയും വര്‍ഷം മൂന്നു മുതല്‍ അഞ്ചുവരെ കോടി രൂപയെങ്കിലും ചെലവാക്കേണ്ടിവരും. ബില്ലിന്റെ ഫിനാഷ്യല്‍ മെമ്മോറാണ്ടത്തില്‍ ഇക്കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടില്ല. മെമ്മോറാണ്ടം അപൂര്‍ണമായ ബില്‍ നിയമപരമായി നിലനില്‍ക്കില്ല.

സ്വന്തം കാലില്‍ നില്‍ക്കാന്‍ കെല്‍പില്ലാത്ത ബില്ലാണിത്. എന്തുകൊണ്ടാണ് ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്തുനിന്നു നീക്കം ചെയ്യുന്നതെന്ന് ആമുഖത്തില്‍തന്നെ വിവരിക്കണം. അങ്ങനെയൊരു വിവരണമില്ല. നിലവിലുള്ള സംവിധാനത്തിലെ പിഴവുകള്‍ ചൂണ്ടിക്കാണിക്കാതെ അനേകം ചാന്‍സലര്‍മാരെ സൃഷ്ടിക്കുന്ന നിയമം കോടതിയിലും നിലനില്‍ക്കാന്‍ പ്രയാസമാണ്. എന്തുകൊണ്ടു ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്തുനിന്നു നീക്കം ചെയ്യുന്നുവെന്ന വിശദീകരണം ഇല്ലാത്തതു ബില്ലിനെ ദുര്‍ബലമാക്കുമെന്നു ചൂണ്ടിക്കാട്ടിയ സീനിയര്‍ ഐഎഎസ് ഉദ്യോഗസ്ഥനെതിരേ നടപടിയെടുക്കാനാണ് മന്ത്രിസഭ ശുപാര്‍ശ ചെയ്തത്. ഇങ്ങനെ ചാപിള്ളയാകുന്ന ഒരു നിയമം നിയമസഭ പാസാക്കിയാലും നിയമമാകണമെങ്കില്‍ ഗവര്‍ണര്‍ ഒപ്പിടണം. ഒപ്പിടാതെ എത്രകാലം വേണമെങ്കിലും രാജ്ഭവനിലെ മേശയ്ക്കടിയിലേക്കു മാറ്റിയിടാന്‍ ഗവര്‍ണര്‍ക്കു കഴിയും. രാഷ്ട്രീയ മുതലെടുപ്പിനായി നിയമവിരുദ്ധമായി നിയമസഭ പാസാക്കിയ ബില്ലാണെന്ന ആമുഖത്തോടെ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയച്ചാലും പാസാകില്ല. ജനങ്ങളുടെ നികുതിപ്പണം ധൂര്‍ത്തടിച്ച് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നിയമയുദ്ധം നടത്തിയാലും സര്‍ക്കാരിന്റെ മോഹം നടക്കില്ലെന്നു സാരം. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ വിദ്യാര്‍ത്ഥികളുടെ ഭാവിയെ ഇങ്ങനെയെല്ലാം സമ്പന്നമാക്കുന്ന സര്‍ക്കാരിന് നമോവാകം അര്‍പ്പിച്ചുകൊണ്ട് ഈ വാരത്തെ ഫ്രാങ്ക്‌ലി സ്പീക്കിംഗ് സമാപിക്കുന്നു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *