ആഗോളതലത്തില്‍ സ്ത്രീകളില്‍ ഏറ്റവും കൂടുതലായി സ്ഥിരീകരിക്കപ്പെടുന്ന അര്‍ബുദമാണ് സ്തനാര്‍ബുദം. ലോകമെമ്പാടുമുള്ള സ്ത്രീകളില്‍ 20 പേരില്‍ ഒരാള്‍ക്ക് 2050-ഓടെ സ്തനാര്‍ബുദം സ്ഥിരീകരിക്കപ്പെടാമെന്നാണ് ഇപ്പോള്‍ ലോകാരോഗ്യ സംഘടന പറയുന്നത്. 2050 ആകുമ്പോഴേക്കും പ്രതിവര്‍ഷം 32 ലക്ഷം സ്തനാര്‍ബുദ കേസുകളിലേക്കെത്തുമെന്നും ലോകാരോഗ്യ സംഘടന പുതുതായി പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. മാനവ വികസന സൂചിക കുറഞ്ഞ രാജ്യങ്ങളെയാണ് ഇത് സാരമായി ബാധിക്കുകയെന്നും റിപ്പോര്‍ട്ടിലുണ്ട്. അഞ്ച് ഭൂഖണ്ഡങ്ങളില്‍ നിന്നുള്ള ക്യാന്‍സര്‍ നിരക്കുകളും ലോകാരോഗ്യ സംഘടനയുടെ മരണനിരക്കിന്റെ ഡേറ്റയുമൊക്കെ പരിശോധിച്ചാണ് ഇത്തരമൊരു വിലയിരുത്തല്‍. ആഗോളതലത്തില്‍ ഓരോ മിനിറ്റും നാല് പേരില്‍ സ്തനാര്‍ബുദം സ്ഥിരീകരിക്കുന്നുവെന്നും ഒരാള്‍ രോഗബാധിതയായി മരിക്കുന്നുവെന്നും ഐ.എ.ആര്‍.സിയിലെ ഗവേഷകനായ ഡോ. ജോവാന്‍ കിം പറഞ്ഞു. സ്തനങ്ങളില്‍ മുഴ, സ്തനങ്ങളുടെ ആകൃതിയില്‍ മാറ്റം വരുക, ഒരു സ്തനത്തിന് മാത്രമായി വലിപ്പം വയ്ക്കുക, ഞരമ്പുകള്‍ തെളിഞ്ഞു കാണുക, സ്തന ചര്‍മ്മത്തിന് മാറ്റമുണ്ടാവുക, മുലക്കണ്ണിനു ചുറ്റുമുള്ള ചര്‍മ്മങ്ങള്‍ ഇളകിപ്പോകുക, മുലക്കണ്ണില്‍ നിന്ന് രക്തം പുറത്തുവരുന്ന അവസ്ഥ, മുലക്കണ്ണ് അകത്തേക്ക് വലിഞ്ഞ് പോകുന്ന അവസ്ഥ, സ്തനങ്ങളിലോ മുലക്കണ്ണിലോ വേദന, സ്തനങ്ങളിലെ ചര്‍മ്മത്തില്‍ തീരെ ചെറിയ കുഴികള്‍ പോലെ കാണപ്പെടുക, സ്തനങ്ങളില്‍ ചുറ്റും ചൊറിച്ചില്‍ അനുഭവപ്പെടുക തുടങ്ങിയവയെല്ലാം ചിലപ്പോള്‍ സ്തനാര്‍ബുദ്ദത്തിന്റെ ലക്ഷണങ്ങളാകാം. ശരീരത്തില്‍ പ്രകടമാകുന്ന ഇത്തരത്തിലുള്ള സ്തനാര്‍ബുദ സൂചനകള്‍ ആരംഭത്തിലെ കണ്ടെത്താന്‍ സ്വയം പരിശോധന നടത്താം. ഇതിനായി കണ്ണാടിക്ക് മുമ്പില്‍ നിന്നു കൊണ്ട് ഇരു മാറുകളും പരിശോധിക്കാം. തടിപ്പുകളോ കല്ലിപ്പോ മുഴകളോ ഉണ്ടോ എന്നാണ് പരിശോധിക്കേണ്ടത്. സ്ത്രീകള്‍ ആറ് മാസത്തിലൊരിക്കലോ, വര്‍ഷത്തിലൊരിക്കലെങ്കിലും സ്തനാര്‍ബുദമില്ലെന്ന് മെഡിക്കല്‍ പരിശോധനയിലൂടെ ഉറപ്പ് വരുത്തുന്നതും നല്ലതാണ്.