ഇന്ത്യയുടെ വിദേശ നാണയശേഖരം ഫെബ്രുവരി 17ന് അവസാനിച്ച ആഴ്ചയില്‍ 570 കോടി ഡോളര്‍ ഇടിഞ്ഞ് 56,127 കോടി ഡോളറായെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കി. തുടര്‍ച്ചയായ മൂന്നാം ആഴ്ചയാണ് ശേഖരം ഇടിയുന്നത്. വിദേശ കറന്‍സി ആസ്തിയിലെ (എഫ്.സി.എ) ഇടിവാണ് പ്രധാന തിരിച്ചടി. 450 കോടി ഡോളര്‍ താഴ്ന്ന് 49,607 കോടി ഡോളറാണ് വിദേശ കറന്‍സി ആസ്തി. കരുതല്‍ സ്വര്‍ണശേഖരം 100 കോടി ഡോളര്‍ ഇടിഞ്ഞ് 4,182 കോടി ഡോളറായി. ഡോളറിനെതിരെ രൂപയുടെ മൂല്യത്തകര്‍ച്ചയുടെ ആക്കംകുറയ്ക്കാന്‍ വിദേശ നാണയശേഖരത്തില്‍ നിന്ന് വന്‍തോതില്‍ ഡോളര്‍ വിറ്റൊഴിയാന്‍ റിസര്‍വ് ബാങ്ക് നിര്‍ബന്ധിതരായിട്ടുണ്ട്. ഡോളറിലാണ് രേഖപ്പെടുത്തുന്നതെങ്കിലും വിദേശ നാണയശേഖരത്തില്‍ യൂറോ, യെന്‍, പൗണ്ട്, സ്വര്‍ണം, ഐ.എം.എഫിലെ കരുതല്‍ ശേഖരം തുടങ്ങിയവയുണ്ട്. ജനുവരി 27ലെ കണക്കുപ്രകാരം ഇന്ത്യയുടെ വിദേശ നാണയശേഖരം 9.4 മാസത്തെ ഇറക്കുമതിച്ചെലവിന് തുല്യമാണ്.