ഇന്ത്യയുടെ വിദേശ നാണയശേഖരം മൂന്നാഴ്ചത്തെ നേട്ടത്തിന് വിരാമമിട്ട് വീണ്ടും നഷ്ടത്തിലേക്ക് വീണു. ഫെബ്രുവരി മൂന്നിന് അവസാനിച്ചവാരം 149.4 കോടി ഡോളര്‍ ഇടിഞ്ഞ് ശേഖരം 57,526.7 കോടി ഡോളറായെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കി. തൊട്ടുമുമ്പത്തെ ആഴ്ചയില്‍ 303 കോടി ഡോളറിന്റെ വര്‍ദ്ധനയുണ്ടായിരുന്നു. വിദേശ കറന്‍സി ആസ്തി (എഫ്.സി.എ) 132.3 കോടി ഡോളര്‍ ഇടിഞ്ഞ് 50,769.5 കോടി ഡോളറായി. തുടര്‍ച്ചയായ വര്‍ദ്ധനയ്ക്ക് ഇടവേള നല്കി കരുതല്‍ സ്വര്‍ണശേഖരം 24.6 കോടി ഡോളറും ഇടിഞ്ഞു. ഇപ്പോഴിത് 4,378.1 കോടി ഡോളറാണ്. ഡോളറിലാണ് രേഖപ്പെടുത്തുന്നതെങ്കിലും ഇന്ത്യയുടെ വിദേശ നാണയശേഖരത്തില്‍ യെന്‍, പൗണ്ട്, യൂറോ, സ്വര്‍ണം, ഐ.എം.എഫിലെ കരുതല്‍ധനം തുടങ്ങിയവയുണ്ട്. 2021 ഒക്ടോബറിലെ 64,500 കോടി ഡോളറാണ് ഇന്ത്യയുടെ വിദേശ നാണയശേഖരം കുറിച്ച എക്കാലത്തെയും ഉയരം.
വിദേശ നാണയശേഖരം വീണ്ടും നഷ്ടത്തിലേക്ക്
