ഫുട്ബോള്‍ കളിക്കാര്‍ക്ക് മറ്റുള്ളവരെ അപേക്ഷിച്ച് മറവി രോഗം വരാനുള്ള സാധ്യത ഒന്നര മടങ്ങ് അധികമാണെന്ന് പഠനം. സ്വീഡനിലെ കരോലിന്‍സ്‌ക ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകരാണ് ഇത് സംബന്ധിച്ച പഠനം നടത്തിയത്. ലാന്‍സെറ്റ് പബ്ലിക് ഹെല്‍ത്ത് ജേണലില്‍ ഗവേഷണഫലം പ്രസിദ്ധീകരിച്ചു. 1924നും 2019നും ഇടയില്‍ നടത്തിയ പഠനത്തിന്റെ ഭാഗമായി ആറായിരത്തോളം എലൈറ്റ് ഫുട്ബോള്‍ കളിക്കാരുടെ ആരോഗ്യവിവരങ്ങള്‍ ഫുട്ബോള്‍ കളിക്കാത്ത 56,000 പേരുടെ ആരോഗ്യവിവരങ്ങളുമായി താരതമ്യപ്പെടുത്തി. സ്വീഡിഷ് ടോപ് ഡിവിഷനില്‍ കളിക്കുന്ന പുരുഷ ഫുട്ബോളര്‍മാരില്‍ 9 ശതമാനത്തിനും നാഡീവ്യൂഹം ക്ഷയിക്കുന്ന ന്യൂറോഡീജനറേറ്റീവ് രോഗങ്ങള്‍ നിര്‍ണ്ണയിക്കപ്പെട്ടതായി ഗവേഷകര്‍ കണ്ടെത്തി. ഫുട്ബോള്‍ കളിക്കാത്ത കണ്‍ട്രോള്‍ ഗ്രൂപ്പില്‍ ഇത് ആറ് ശതമാനമായിരുന്നു. എന്നാല്‍ ഫുട്ബോള്‍ കളിക്കുന്നവരില്‍ മോട്ടോര്‍ ന്യൂറോണ്‍ രോഗത്തിന്റെ സാധ്യത അധികം കണ്ടെത്താന്‍ സാധിച്ചില്ല. നിരന്തരം ബോള്‍ ഹെഡ് ചെയ്യുന്നതാകാം ഫുട്ബോള്‍ കളിക്കാരില്‍ മറവിരോഗ സാധ്യത ഉയര്‍ത്തുന്നതെന്ന് ഗവേഷകര്‍ അനുമാനിക്കുന്നു. ഗോള്‍കീപ്പര്‍മാരെ അപേക്ഷിച്ച് മറ്റു കളിക്കാര്‍ക്ക് ന്യൂറോഡീജനറേറ്റീവ് രോഗ സാധ്യത 1.4 മടങ്ങ് അധികമാണെന്നത് ഈ നിഗമനങ്ങളെ സാധൂകരിക്കുന്നു. മറ്റ് കളിക്കാരെ അപേക്ഷിച്ച് ഗോള്‍ കീപ്പര്‍മാര്‍ക്ക് ബോള്‍ ഹെഡ് ചെയ്യേണ്ടി വരുന്ന അവസരങ്ങള്‍ കുറവാണെന്നതാകാം കാരണം. സ്‌കോട്ലന്‍ഡില്‍ മുന്‍പ് നടത്തിയ ഒരു പഠനവും ഫുട്ബോള്‍ കളിക്കാരില്‍ ന്യൂറോഡീജനറേറ്റീവ് രോഗ സാധ്യത 3.5 മടങ്ങ് അധികമാണെന്ന് കണ്ടെത്തിയിരുന്നു. ഈ കണ്ടെത്തലുകളെ തുടര്‍ന്ന് ചില രാജ്യങ്ങളിലെ ഫുട്ബോള്‍ അസോസിയേഷനുകള്‍ പ്രായം കുറഞ്ഞ വിഭാഗങ്ങളിലെ കളിക്കാര്‍ ഹെഡ് ചെയ്യുന്നത് പരമാവധി കുറയ്ക്കണമെന്ന നിര്‍ദ്ദേശം നല്‍കിയിരുന്നു.