തൃശൂര്‍ പൂരത്തിന്റെ ഭാഗമായി തിരുവമ്പാടി, പാറമേക്കാവ് വിഭാഗക്കാരുടെ പുലർച്ചെ മൂന്നിന് നടക്കേണ്ട വെടിക്കെട്ട് മണിക്കൂറുകള്‍ വൈകി പൂര്‍ത്തിയായി. കമ്മിഷണറും ദേശക്കാരും തമ്മിലുള്ള തര്‍ക്കം മൂലമാണ് വെടിക്കെട്ട് വൈകിയത്. ആദ്യം പാറമേക്കാവും പിന്നീട് തിരുവമ്പാടിയും പകൽവെളിച്ചത്തിൽ വെടിക്കെട്ട് നടത്തുകയായിരുന്നു. തിരുവമ്പാടി ഭഗവതിയുടെ രാത്രിയിലെ എഴുന്നള്ളിപ്പ് പൂർത്തിയാകും മുമ്പേ ആളുകളെ പൂര പറമ്പിൽ നിന്ന് മാററുകയും, വെടിക്കെട്ട് കമ്മിറ്റിക്കാരിൽ കൂടുതൽ പേരെ മൈതാനത്ത് നിർത്താൻ കമ്മിഷണർ അങ്കിത് അശോക് അനുവദിക്കുകയും ചെയ്തില്ല. ഇതേ ചൊല്ലി, ദേശക്കാരും കമ്മിഷണറും തമ്മിൽ തർക്കമാവുകയും ഒരാനപ്പുറത്ത് എഴുന്നള്ളിപ്പ് നടത്തി തിരുവമ്പാടി ചടങ്ങ് പൂർത്തിയാക്കുകയാണുണ്ടായത് ഇതിനിടെ , നായ്ക്കനാലിൽ പൊലീസ് ലാത്തി വീശിയതിനെ തുടർന്ന് പൊലീസിനെതിരെ ഗോ ബാക്ക് വിളികളുമായി ദേശക്കാരും രംഗത്തെത്തി. പിന്നീട് മന്ത്രി കെ.രാജനുമായി നടത്തിയ ചർച്ചയിൽ വെടിക്കെട്ടു നടത്താൻ ദേവസ്വം അധികൃതർ തയ്യാറാവുകയായിരുന്നു. വെടിക്കെട്ട് വൈകിയത് പൂരത്തിന്റെ മറ്റുചടങ്ങുകളെയും ബാധിക്കും.