ഇരുപത്തിയേഴാമത് ഐഎഫ്എഫ്കെ വേദിയിൽ ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ രഞ്ജിത്തിന് കാണികളുടെ കൂവൽ. ഐഎഫ്എഫ്കെ സമാപന വേദിയിൽ സ്വാഗത പ്രസംഗത്തിന് രഞ്ജിത്ത് എത്തിയപ്പോഴായിരുന്നു കാണികൾ കൂവിയത്.
തിരുവനന്തപുരത്തെ ഒരു മാധ്യമ സുഹൃത്ത് ഞാൻ സംസാരിക്കാൻ വരുമ്പോൾ കൂവാൻ ഒരു ഗ്രൂപ്പ് തീരുമാനിച്ചിട്ടുണ്ടെന്ന് പറഞ്ഞിരുന്നു. ഞാൻ പറഞ്ഞു നല്ല കാര്യം. കൂവി തെളിയുക തന്നെ വേണം. ഈ ചടങ്ങിൽ ഞാൻ വന്നത് എന്റെ ഭാര്യയുമായിട്ടാണ്. ഭർത്താവിനെ കൂവുന്ന ഒരു വേദിയിലേക്ക് സാക്ഷിയാകാൻ വരുന്ന ഭാര്യയോട് നമുക്കത് ഒരുമിച്ച് ആസ്വദിക്കാം എന്ന് പറഞ്ഞു. കൂവൽ ഒന്നും എനിക്ക് പുത്തരിയല്ല. 1976ൽ എസ്എഫ്ഐയിൽ തുടങ്ങിയതാണ് ജീവിതം. അതുകൊണ്ട് ഇതൊന്നും ഒരു വിഷയം അല്ല. അതിന് ആരും ശ്രമിച്ച് പരാജയപ്പെടുകയും വേണ്ട എന്ന് രഞ്ജിത്ത് പറഞ്ഞു.
ഐഎഫ്എഫ്കെയിൽ പ്രതിഷേധിച്ചതുമായി ബന്ധപ്പെട്ട് ആയിരുന്നു ചെയർമാൻ രഞ്ജിത്തിനെതിരെ കാണികൾ കൂവിയത്. ഐഎഫ്എഫ്കെയിൽ പ്രതിഷേധിച്ചവർക്കെതിരെ അക്കാദമി പരാതി നൽകിയിട്ടില്ലെന്നായിരുന്നു രഞ്ജിത്ത് വിഷയത്തില്‍ പ്രതികരിച്ചത്.