ആലുവ ആസ്ഥാനമായ ഫെഡറല്‍ ബാങ്ക് 2022-23 സാമ്പത്തിക വര്‍ഷത്തെ അവസാന പാദമായ ജനുവരി – മാര്‍ച്ചില്‍ 67 ശതമാനം വളര്‍ച്ചയോടെ 903 കോടി രൂപ അറ്റാദായം രേഖപ്പെടുത്തി. ബാങ്കിന്റെ ചരിത്രത്തിലെ എക്കാലത്തെയും ഉയര്‍ന്ന അറ്റാദായമാണിത്. 2021-22 സാമ്പത്തിക വര്‍ഷം സമാന പാദത്തില്‍ 540 കോടി രൂപയായിരുന്നു അറ്റാദായം. പ്രവര്‍ത്തന ലാഭം ഇക്കാലയളവില്‍ 67.20 ശതമാനം വര്‍ധിച്ച് 1,334.58 കോടി രൂപയായി. മുന്‍ വര്‍ഷത്തെ സമാനപാദത്തില്‍ ഇത് 798.20 കോടി രൂപയായിരുന്നു. പ്രവര്‍ത്തന ലാഭവും സര്‍വകാല റെക്കോഡിലാണ്. നാലാം പാദത്തില്‍ അറ്റ പലിശ വരുമാനം 25.18 ശതമാനം വര്‍ധിച്ച് 1909.29 കോടി രൂപയായി. മുന്‍ വര്‍ഷം ഇതേ പാദത്തില്‍ 1525.21 രൂപയായിരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ ബാങ്കിന്റെ അറ്റാദായം 59.31 ശതമാനം വളര്‍ച്ചയോടെ 3010.59 കോടി രൂപയായി. പ്രവര്‍ത്തനം ലാഭം ഇക്കാലയളവില്‍ 27.58 ശതമാനം വളര്‍ച്ചയോടെ 4794.40 കോടിയും അറ്റ പലിശ വരുമാനം 21.31 ശതമാനം വളര്‍ച്ചയോടെ 7232.16 കോടിയുമായി. അറ്റ വരുമാനം 18.77 ശതമാനം വളര്‍ച്ചയോടെ 9,562.16 കോടി രൂപയുമായി. 2023 മാര്‍ച്ച് 31 വരെയുള്ള കണക്കനുസരിച്ച് ബാങ്കിന്റെ മൊത്തം ബിസിനസ് 3.87 ലക്ഷം കോടി രൂപയായി. തൊട്ടു മുന്‍ വര്‍ഷമിത് 3.26 കോടി രൂപയായിരുന്നു. 18.74 ശതമാനമാണ് വളര്‍ച്ച. ബാങ്കിന്റെ മൊത്ത നിക്ഷേപം മാര്‍ച്ച് 31 വരെയുള്ള കണക്കനുസരിച്ച് 17.44 ശതമാനം വര്‍ധിച്ച് 2,13,386.04 രൂപയായി. ആകെ വായ്പകള്‍ 20.14 ശതമാനം വര്‍ധിച്ച് 1.77 ലക്ഷം കോടിയിലെത്തി. കറന്റ് അക്കൗണ്ട് -സേവിംഗ്സ് അക്കൗണ്ട് നിക്ഷേപങ്ങള്‍ 69740.98 കോടി രൂപയാണ്. 2023 മാര്‍ച്ച് 31 വരെയുള്ള കണക്കനുസരിച്ച് 1355 ശാഖകളും 1914 എ.ടി.എമ്മുകളുമാണ് ഫെഡറല്‍ ബാങ്കിനുള്ളത്.