ആലുവ ആസ്ഥാനമായ പ്രമുഖ സ്വകാര്യ ബാങ്കായ ഫെഡറല്‍ ബാങ്ക് നടപ്പ് സാമ്പത്തിക വര്‍ഷത്തെ (2023-24) ഒക്ടോബര്‍-ഡിസംബര്‍ പാദത്തില്‍ 25.28 ശതമാനം വളര്‍ച്ചയോടെ 1006.74 കോടി രൂപയുടെ ലാഭം രേഖപ്പെടുത്തി. ബാങ്കിന്റെ എക്കാലത്തെയും ഉയര്‍ന്ന ലാഭമാണിത്. മാത്രമല്ല 1000 കോടി രൂപയെന്ന നാഴികക്കല്ലും ഇതോടെ ബാങ്ക് മറികടന്നു. മുന്‍ വര്‍ഷത്തെ സമാനപാദത്തില്‍ ലാഭം 803.61 കോടി രൂപയായിരുന്നു. നടപ്പു വര്‍ഷം ജൂലൈ-സെപ്റ്റബറില്‍ 953.82 കോടി രൂപയായിരുന്നു ലാഭം. ബാങ്കിന്റെ മൊത്ത വരുമാനം മുന്‍ വര്‍ഷത്തെ സമാനപാദത്തിലെ 4,967.25 കോടി രൂപയില്‍ നിന്ന് 32.72 ശതമാനം വര്‍ധിച്ച് 6,592.66 കോടി രൂപയായി. ബാങ്കിന്റെ പ്രവര്‍ത്തന ലാഭവും എക്കാലത്തെയും ഉയരത്തിലെത്തി. മുന്‍വര്‍ഷത്തിലെ സമാനപാദത്തിലെ 1,274.21 കോടി രൂപയില്‍ നിന്ന് ഇക്കുറി 1,437.33 കോടി രൂപയായാണ് ഉയര്‍ന്നത്. അറ്റ പലിശ വരുമാനം കൂടിയതും ബാങ്കിന് ഗുണമായി. മുന്‍ വര്‍ഷത്തെ സമാനപാദത്തിലെ 1,956.63 കോടി രൂപയില്‍ നിന്ന് 2,123.36 കോടി രൂപയായി 8.53 ശതമാനമാണ് വളര്‍ച്ച. ബാങ്കിന്റെ മൊത്ത വരുമാനം 32.72 ശതമാനം വളര്‍ച്ചയോടെ 6,592.66 കോടി രൂപയായി. ബാങ്കിന്റെ മൊത്തം നിഷ്ക്രിയ ആസ്തി 2.43 ശതമാനത്തില്‍ നിന്ന് 2.29 ശതമാനത്തിലേക്കും അറ്റനിഷ്ക്രിയ ആസ്തി 0.73 ശതമാനത്തില്‍ നിന്ന് 0.64 ശതമാനത്തിലേയ്ക്കും വാര്‍ഷികാടിസ്ഥാനത്തില്‍ കുറഞ്ഞു. ബാങ്കിന്റെ മൊത്തം നിക്ഷേപം 2.01 ലക്ഷം കോടി രൂപയില്‍ നിന്ന് 2.39 ലക്ഷം കോടി രൂപയിലേക്കും വായ്പകള്‍ 1.68 ലക്ഷം കോടി രൂപയില്‍ നിന്ന് 1.99 ലക്ഷം കോടി രൂപയിലേക്കും വര്‍ധിച്ചു.
എക്കാലത്തെയും ഉയര്‍ന്ന ലാഭം നേടി ഫെഡറല്‍ ബാങ്ക്
