കരളിലെ കൊഴുപ്പ് തലച്ചോറിനെയും ബാധിക്കുമെന്ന് പഠനം. ഇത്തരത്തിലുള്ള നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ രോഗം തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെതകിടം മറിക്കും. കരളിലെ കൊഴുപ്പ് തലച്ചോറിലെ ഓക്‌സിജന്റെ തോതിനെ കുറയ്ക്കുകയും ഇവിടുത്തെ കോശ സംയുക്തങ്ങള്‍ക്ക് നീര്‍ക്കെട്ടും അണുബാധയും ഉണ്ടാക്കുകയും ചെയ്യും. ലണ്ടന്‍ കിങ്‌സ് കോളജിലെ റോജര്‍ വില്യംസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെപ്പറ്റോളജിയിലെയും സ്വിറ്റ്‌സര്‍ലന്‍ഡിലെ ലൊസാന്‍ സര്‍ലകലാശാലയിലെയും ശാസ്ത്രജ്ഞരാണ് എലികളില്‍ ഗവേഷണം നടത്തിയത്. ജനസംഖ്യയില്‍ 25 ശതമാനത്തെയും ബാധിക്കുന്ന രോഗമാണ് നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ ഡിസീസ്. രോഗബാധിതരില്‍ 80 ശതമാനം പേരും അമിതവണ്ണമുള്ളവരും ആയിരിക്കും. എലികളെ രണ്ട് വിഭാഗമായി തിരിച്ചാണ് പുതിയ പഠനങ്ങള്‍ നടത്തിയത്. 16 ആഴ്ചകള്‍ക്ക് ശേഷം ഈ ഭക്ഷണക്രമം കരളിലും തലച്ചോറിലും ഉണ്ടാക്കിയ പ്രഭാവം ഗവേഷകര്‍ താരതമ്യം ചെയ്തു. ഉയര്‍ന്ന തോതിലുള്ള കൊഴുപ്പ് ഭക്ഷണം നല്‍കിയ എലികളില്‍ അമിതഭാരം, ഫാറ്റിലിവര്‍ രോഗം, ഇന്‍സുലിന്‍ പ്രതിരോധം, തലച്ചോറിന്റെ പ്രവര്‍ത്തന തകരാര്‍ പോലുള്ള പ്രശ്‌നങ്ങള്‍ കണ്ടെത്തി. ഈ എലികളുടെ തലച്ചോറിലെ ഓക്‌സിജന്‍ തോതും കുറവാണെന്ന് ഗവേഷകര്‍ നിരീക്ഷിച്ചു. തലച്ചോറിലെ രക്തധമനികളുടെ എണ്ണത്തെയും കട്ടിയെയും രോഗം ബാധിക്കുന്നതായും കണ്ടെത്തി. ഈ എലികളില്‍ ഉത്കണ്ഠയുടെ തോത് അധികമായിരുന്നെന്നും വിഷാദരോഗലക്ഷണങ്ങള്‍ ഇവര്‍ പ്രകടിപ്പിച്ചിരുന്നതായും ഗവേഷണ റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ക്കുന്നു. അതേ സമയം കൊഴുപ്പ് കുറഞ്ഞ ഭക്ഷണം കഴിച്ച എലികളില്‍ ഫാറ്റി ലിവര്‍ രോഗമോ ഇന്‍സുലിന്‍ പ്രതിരോധമോ ഒന്നും ഉണ്ടായില്ല. ഇവരുടെ തലച്ചോറിന്റെ ആരോഗ്യവും തൃപ്തികരമായിരുന്നു. കരളില്‍ അടിയുന്ന കൊഴുപ്പ് തലച്ചോറില്‍ ഉണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ ആശങ്കാജനകമാണെന്ന് പഠനം പറയുന്നു. മിതമായ തോതില്‍ ആരംഭിക്കുന്ന തലച്ചോറിലെ തകരാര്‍ വര്‍ഷങ്ങളോളം ആരുടെയും ശ്രദ്ധയില്‍പ്പെടാതെ വളരാം. അമിതഭാരം കുറയ്ക്കാനും കരളിന്റെയും തലച്ചോറിന്റെയും ആരോഗ്യം നിലനിര്‍ത്താനും ഭക്ഷണത്തിലെ പഞ്ചസാരയുടെയും കൊഴുപ്പിന്റെയും അളവ് വെട്ടിക്കുറയ്ക്കണമെന്ന് ഗവേഷണ റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു.