ഫേസ് ബുക്കില്‍ അക്കൗണ്ടുള്ള വിദ്യാസമ്പന്നര്‍ പോലും കുത്തും കോമയും ലൈക്കും കമന്റും ഇരന്നു വാങ്ങിക്കൊണ്ടിരിക്കുകയാണ്. ഫേസ് ബുക്കിന്റെ അല്‍ഗോരിത സംവിധാനംമൂലം ഓരോരുത്തരുടേയും ഫേസ് ബുക്ക് പോസ്റ്റുകള്‍ 25 ലേറെ പേരെ കാണിക്കില്ലെന്നു പറഞ്ഞുകൊണ്ടാണ് കുത്തും കമന്റുമെല്ലാം അഭ്യര്‍ത്ഥിക്കുന്നത്.
യഥാര്‍ത്ഥത്തില്‍ എന്താണ് ഇതിനു പിറകിലെ സത്യം? ഫേസ് ബുക്കിന്റെ മാര്‍ക്കറ്റിംഗ് തന്ത്രമാണ് അല്‍ഗോരിതത്തിനു പിറകില്‍. ഓരോരുത്തരുടേയും പോസ്റ്റു കാണുന്നവരുടെ എണ്ണം നിയന്ത്രിക്കുന്നതിനു മാനദണ്ഡം രൂപപ്പെടുത്തിയിരിക്കുകയാണ്. കൂടുതല്‍ പേരെ കാണിക്കാന്‍ ഫേസ് ബുക്കു തയാറാണ്. അതിനു പണം അടയ്ക്കണം. ബൂസ്റ്റ് പോസ്റ്റ് എന്ന ഓപ്ഷന്‍കൂടി ഉള്‍പെടുത്തിയാണ് കൂടുതല്‍ പേരെ കാണിക്കാന്‍ കാശു തരണമെന്ന് മാര്‍ക്ക് സക്കര്‍ബര്‍ഗ് ആവശ്യപ്പെടുന്നത്. 90 മുതല്‍ ആയിരങ്ങള്‍ വരെയാണ് ഫീസ് ആവശ്യപ്പെടുന്നത്.
ഭാരത് ജോഡോ യാത്രയുടെ ദൃശ്യങ്ങള്‍ കൂടുതല്‍ പേരെ കാണിക്കാന്‍ ഫേസ് ബുക്ക് പണം ഈടാക്കിയെന്ന വിവാദം ഈയിടെ ആളിക്കത്തുകയും കെട്ടടങ്ങുകയും ചെയ്തതാണ്. ഓരോ പോസ്റ്റിും എത്രത്തോളം പേര്‍ കണ്ടിട്ടുണ്ടോ അതിന് ആനുപാതികമായി കൂടുതല്‍ പേരെ കാണിക്കാമെന്നാണ് ഫേസ് ബുക്കിന്റെ ഓഫര്‍. ഉദാഹരണത്തിന് 1543 പേര്‍ കണ്ട പോസ്റ്റ് 1,685 പേരെകൂടികാണിക്കാന്‍ 581 രൂപയാണ് ഫീസായി ആവശ്യപ്പെടുന്നത്. കൃത്യമായി പറഞ്ഞാല്‍ 581.42 രൂപ. ടാക്‌സ് വേറെയും. 104 66 രൂപയാണു ടാക്‌സ്. മൊത്തം 686.08 രൂപ വരും. പത്തോ ഇരുപതോ പേരെ കൂടുതല്‍ കാണിക്കാന്‍ 90 രൂപയാണു മിനിമം നിരക്ക്. ടാക്‌സ് അടക്കം 106.20 രൂപ.
പോസ്റ്റുകള്‍ കൂടുതല്‍ പേരെ കാണിക്കാതിരുന്നാലേ ഇങ്ങനെ ഫീസ് പിരിച്ചുള്ളു കച്ചവടം ഉഷാറാക്കാന്‍ സാധിക്കൂവെന്ന് ഫേസ് ബുക്കിനറിയാം. പലരും ബിസിനസ് ഇടപാടുകള്‍പോലും ഫേസ് ബുക്കിലൂടെ പ്രചരിപ്പിച്ചു നേട്ടമുണ്ടാക്കാറുണ്ട്. ഇത്തരം ഇടപാടുകളില്‍നിന്നും വരുമാനമുണ്ടാക്കുകയാണു ഫേസ് ബുക്കിന്റെ ലക്ഷ്യം.
ഫേസ് ബുക്ക് അക്കൗണ്ടുടമയുടെ ഓരോ പോസ്റ്റും ഓരോ ഇവന്റായാണ് ഫേസ് ബുക്ക് പരിഗണിക്കുന്നത്. ഒരു പോസ്റ്റിന് കുറേ കുത്തും കോമയും കമന്റും വാങ്ങിയതുകൊണ്ട് ആ പോസ്റ്റിനു മാത്രമേ അക്ടിവിറ്റിയും വ്യൂവര്‍ഷിപും വര്‍ധിക്കൂ. തുടര്‍ന്നുള്ള പോസ്റ്റുകള്‍ കൂടുതല്‍ കാണാനുള്ള കുറുക്കുഴി ആകില്ല.
പ്രധാനമായും ചില ഘടകങ്ങളെ ആധാരമാക്കിയാണ് ഫേസ് ബുക്ക് ഓരോരുത്തരുടേയും പോസ്റ്റുകള്‍ ആളുകളെ കാണിക്കുന്നത്. സ്വന്തം ചിത്രങ്ങളും അനുഭവങ്ങളുമാണെങ്കില്‍ മുന്തിയ സ്ഥാനം. ഫേസ്ബുക്ക് സുഹൃത്തുക്കളുടെ വിശേഷങ്ങളോ ഫോട്ടോയോ ആണെങ്കിലും കൂടുതല്‍ പേരെ കാണിക്കും. ആളുകള്‍ക്കു താല്‍പര്യമുള്ള വിഷയമാണെങ്കിലും ഫേസ് ബുക്ക് തടയില്ല. കാലികവും സത്യസന്ധവുമായ പോസ്റ്റാണെങ്കിലും കയറിപ്പോകും.
നിങ്ങള്‍ കൂടുതല്‍ ഇടപെടുന്ന ആളുകളുടെ പോസ്റ്റുകളാണ് കൂടുതലായി നിങ്ങളിലേക്കെത്തുക. സ്ഥിരം ചാറ്റ് ചെയ്യുന്ന, സ്ഥിരം ലൈക്ക് നല്‍കുന്ന, സ്ഥിരം കമന്റ് ചെയ്യുന്ന ഒരു സുഹൃത്തുണ്ടെങ്കില്‍ ആ പോസ്റ്റുകള്‍ സ്വാഭാവികമായും നിങ്ങളിലേക്ക് കൂടുതലെത്തും. നിങ്ങളുടെ ഇഷ്ടാനിഷ്ടങ്ങളെ അപഗ്രഥിച്ചു കഴിഞ്ഞിട്ടുള്ള അല്‍ഗോരിതം അതനുസരിച്ചാണു നിങ്ങളെ പോസ്റ്റുകള്‍ കാണിക്കുക. സിനിമ ഇഷ്ടപ്പെടുന്നവര്‍ക്കു സിനിമാ വിശേഷങ്ങളുടെ പോസ്റ്റുകള്‍ കൂടുതല്‍ ലഭിക്കും. ഇതിനെയെല്ലാം കുത്തിട്ടുകൊണ്ടു മറികടക്കാനാവില്ല.
ഓരോ പോസ്റ്റിനും കൂടുതല്‍ ലൈക്കും കമന്റ്‌സും ലഭിക്കുന്നുണ്ടെങ്കില്‍ അവയെ പൂഴ്ത്തിവയ്ക്കാന്‍ ഫേസ് ബുക്ക് അല്‍ഗോരിതം തയാറാകില്ല. കമന്റ്‌സ് അടക്കമുള്ള അക്ടിവിറ്റി വര്‍ധിപ്പിക്കാന്‍ ഓരോ കമന്റിനും റിപ്ലെ നല്‍കി പോസ്റ്റിനെ കൂടുതല്‍ മുന്നിലേക്കെത്തിക്കാന്‍ കഴിയും. ഓരോ പോസ്റ്റിനേയും ശരിയായി മാനേജു ചെയ്താലേ കൂടുതല്‍ പേരിലേക്ക് എത്തിക്കാനാവൂവെന്നു സാരം. അല്ലെങ്കില്‍ പണം മുടക്കണം. അത്രതന്നെ.