അറിയാക്കഥകളുടെ കഴിഞ്ഞ ഭാഗങ്ങളിലൂടെ രാമായണത്തെക്കുറിച്ച് കുറച്ചു കാര്യങ്ങൾ എങ്കിലും മനസ്സിലാക്കി കാണുമല്ലോ. ഇനിയും നമ്മൾ അറിയാത്തതായി നിരവധി കാര്യങ്ങൾ ഉണ്ട്. രാമായണത്തെക്കുറിച്ച് കൂടുതലായി അറിയാം…..!!!!
വാല്മീകി രാമായണത്തിലെ പാഠങ്ങൾ എല്ലാം ഒരുപോലെയല്ല. ഇന്ന് വാല്മീകിരാമായണത്തിന് മൂന്ന് പാഠഭേദങ്ങൾ നിലവിലുണ്ട്. ദാക്ഷിണാത്യപാഠം അഥവാ തെക്കൻ പതിപ്പ് എന്ന പേരിലും ഇത് അറിയപ്പെടുന്നു. കൂടുതൽ പ്രചാരത്തിലുള്ള പതിപ്പാണിത്. ഗൗഡീയപാഠം, ഗോരേസിയോ (പാരീസ്) പതിപ്പും കൽക്കട്ട സംസ്കൃത സിരീസിന്റെ പതിപ്പും ലഭ്യമാണ്.പശ്ചിമോത്തരീയ പാഠം: ദയാനന്ദമഹാവിദ്യാലയ (ലാഹോർ) ത്തിന്റെ പതിപ്പ് ആയി കണക്കാക്കുന്നു.ഒരോ പാഠത്തിലും മറ്റു പാഠങ്ങളിലില്ലാത്ത ധാരാളം ശ്ലോകങ്ങൾ കാണുന്നുണ്ട്. ദാക്ഷിണാത്യപാഠവും ഗൗഡീയപാഠവും താരതമ്യപ്പെടുത്തുമ്പോൾ ശ്ലോകങ്ങളുടെ സംഖ്യയുടെ മൂന്നിലൊന്നു മാത്രമേ ഓരോ പാഠത്തിലും കാണപ്പെടുന്നുള്ളൂ. വാല്മീകി രാമായണം പ്രാരംഭകാലത്ത് വാമൊഴിയായി പ്രചരിച്ച് വിഭിന്ന തലമുറകളിലൂടെ പ്രചരിച്ച് ലേഖനവിദ്യ നടപ്പിലായ കാലത്ത് വരമൊഴിയിലായിത്തീർന്നതാവണം ഈ പാഠഭേദങ്ങൾക്ക് കാരണം എന്ന് വിശ്വസിക്കപ്പെടുന്നു .
മഹാവിജ്ഞനും ബ്രഹ്മർഷിമാരിൽ പ്രധാനിയുമായ വാല്മീകി യുടെ ആശ്രമത്തിൽ വിരുന്നു വന്ന നാരദനോട് വാല്മീകി മഹർഷി ‘ധൈര്യം, വീര്യം, ശമം, സത്യവ്രതം, വിജ്ഞാനം, കാരുണ്യം, സൗന്ദര്യം, പ്രൗഢി, ക്ഷമ, ശീലഗുണം, അജയ്യത എന്നീ ഗുണങ്ങൾ ഒത്തുചേർന്ന ഏതെങ്കിലും മനുഷ്യൻ ഭൂമുഖത്തുണ്ടോ എന്ന ചോദ്യം ചോദിക്കുകയും അതിനുത്തരമായി നാരദൻ മഹർഷിക്ക് രാമകഥ വിവരിച്ചുകൊടുക്കുകയും ചെയ്യുന്നിടത്താണ് രാമായണം ആരംഭിക്കുന്നത്. നാരദന്റെ അഭിപ്രായത്തിൽ ശ്രീരാമന് സദൃശനായി മറ്റൊരാളുണ്ടായിരുന്നില്ല. ഗാംഭീര്യത്തിൽ സമുദ്രത്തേയും സൗന്ദര്യത്തിൽ പൂർണ്ണചന്ദ്രനെയും ക്രോധത്തിൽ കാലാഗ്നിയേയും ക്ഷമയിൽ ഭൂമിദേവിയേയും രാമനു സമാനമായി അദ്ദേഹം വിവരിച്ചു.
അയോദ്ധ്യയിലെ രാജാവായിരുന്ന ദശരഥമഹാരജാവിന്റെ പട്ടമഹിഷിയായ കൗസല്യയിൽ ഉണ്ടായ ആദ്യപുത്രനാണ് രാമൻ. മറ്റു ഭാര്യമാരായ സുമിത്രയിൽ ലക്ഷ്മണനെന്നും ശത്രുഘ്നനെന്നും കൈകേയിയിൽ ഭരതനെന്നും മറ്റ് മൂന്ന് പുത്രന്മാരും അദ്ദേഹത്തിനുണ്ടായിരുന്നു. ദശരഥൻ മൂത്തപുത്രനെന്ന നിലയിൽ അനന്തരാവകാശിയായി രാമനെയാണ് കണ്ടിരുന്നത്. പ്രജകളുടെ ഹിതത്തിനനുസരിച്ച് രാമനെ യുവരാജാവായി അഭിഷേകം ചെയ്യാനൊരുങ്ങിയ വേളയിൽ ചില നാടകീയ സംഭവങ്ങൾ ഉണ്ടായി.
തന്റെ മകൻ ഭരതൻ രാജാവാകണമെന്ന് അതിയായി ആഗ്രഹിച്ച കൈകേയി പണ്ടെന്നോ രാജാവ് തനിക്ക് നൽകിയ വരത്തിന്റെ പിൻബലത്താൽ ഭരതനെ രാജാവാക്കണമെന്നും രാമനെ വാനപ്രസ്ഥത്തിനയക്കണമെന്നും ശഠിച്ചു. സത്യവ്രതനായ ദശരഥപുത്രൻ പിതാവിന്റെ മാനം രക്ഷിക്കാനായി സഹോദരനായ ലക്ഷ്മണനോടും ഭാര്യ സീതയോടും ഒപ്പം യാതൊരു പരിഭവവുമില്ലാതെ വനത്തിലേക്ക് തിരിച്ചു. നിഷാദരാജാവായ ഗുഹൻ അവരെ ഗംഗ കടത്തിവിടുകയും കാട്ടിൽ വച്ച് ഭരദ്വാജമുനിയെ കാണുകയും അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം ചിത്രകൂടത്തിൽ താമസിക്കാനാരംഭിക്കുകയും ചെയ്തു. ആ നാളുകളിൽ ദശരഥൻ ചരമമടഞ്ഞു.
യുവരാജാവായി ഭരണം തുടരാൻ ഭരതൻ വിസമ്മതിച്ചു. രാമനെ അന്വേഷിച്ച് ഭരതൻ കാട്ടിലേക്ക് പോകുകയും രാമനെ കണ്ടെത്തുകയും ചെയ്തു. എന്നാൽ ഭരതന്റെ അഭ്യർത്ഥനപ്രകാരം സിംഹാസനത്തിലേക്ക് തിരിച്ചു ചെല്ലാൻ രാമൻ വിസമ്മതിച്ചു. സാന്ത്വനങ്ങളോടെ ഭരതനെ അദ്ദേഹം തിരിച്ചയച്ചു. രാമന്റെ പാദുകങ്ങളെ സ്വീകരിച്ച് അത് മുൻനിർത്തി ഭരതൻ രാജ്യഭാരം നിർവഹിക്കുന്നു.വീണ്ടും നഗരത്തിൽ നിന്ന് ആളുകൾ എത്തിയെങ്കിലോ എന്ന ആശങ്കകൊണ്ട് രാമൻ കൂടുതൽ ദുർഗ്ഗമമായ ദണ്ഡകാരണത്തിലേക്ക് താമസം മാറ്റി. വിരാധനെന്ന് രാക്ഷസനെ അദ്ദേഹം വധിക്കുന്നു. അഗസ്ത്യമഹർഷിയുടെ ആശ്രമത്തിൽ നിന്ന് ദേവേന്ദ്രന്റെ വില്ലും ബാണങ്ങളൊഴിയാത്ത ആവനാഴിയും അദ്ദേഹം നേടുന്നു. മുനിമാർക്ക് രക്ഷക്കായി രാക്ഷസന്മാരെ വധിക്കാൻ അദ്ദേഹം സഹായിക്കാമെന്നേൽക്കുന്നു.
രാക്ഷസരാജാവായ രാവണന്റെ സഹോദരി ശൂർപ്പണഖയുടെ അംഗഛേദം വരുത്തുന്നത് ഇക്കാലത്താണ്. രാവണൻ ശൂർപ്പണഖയുടെ ആഗ്രഹപ്രകാരം പ്രതികാരത്തിനായി പതിനാലായിരം ഘോരരാക്ഷസന്മാരെ അയക്കുന്നു. എന്നാൽ ഇവരെയെല്ലാം രാമൻ എതിർത്ത് തോല്പിക്കുന്നു. മാരീചൻ എന്ന രാക്ഷസന്റെ മായകൊണ്ട് രാവണൻ സീതയെ അപഹരിച്ച് തന്റെ രാജ്യമായ ലങ്കയിലേക്ക് കൊണ്ടുപോകുന്നു. ഇതിനെ തടഞ്ഞ ജടായുവിനെ രാവണൻ വധിച്ചു.സീതയെ അന്വേഷിച്ചു നടക്കുന്ന രാമലക്ഷ്മണന്മാർ പമ്പാ തീരത്തുവച്ച് ഹനുമാനെ കാണുന്നു. ഹനുമാന്റെ ആഗ്രഹപ്രകാരം സുഗ്രീവനേയും അവർ പരിചയപ്പെടുന്നു. സുഗ്രീവനെ സ്വന്തം ജ്യേഷ്ഠനായ ബാലിയുടെ നിയന്ത്രണങ്ങളിൽ നിന്ന് മോചിപ്പിച്ച് ബാലിവധം നടത്തുന്നു. പകരമായി സീതയെ അന്വേഷിക്കുന്ന ചുമതല സുഗ്രീവൻ തന്റെ വാനരസേനയെ ഏല്പിക്കുന്നു.
വാനരപ്പടയിൽ പക്ഷിശ്രേഷ്ഠനും ജടായുവിന്റെ സഹോദരനുമായ സമ്പാതിയിൽ നിന്നും ലഭിച്ച വിവരങ്ങളനുസരിച്ച് ഹനുമാൻ നൂറുയോജന വിസ്താരമുള്ള ദക്ഷിണമഹാസമുദ്രം ലംഘിച്ച് ലങ്കയിലെത്തുന്നു. അശോകവനിയിൽ വച്ച് സീതയെ കാണുകയും രാമന്റെ വിശേഷങ്ങൾ അറിയിക്കുകയും ചെയ്തു, രാമന്റെ മുദ്രാമോതിരം കാണിച്ച് വിടവാങ്ങി വരും വഴിക്ക് രാവണനു പിടികൊടുത്ത ഹനുമാന്റെ വാലിനു തീവക്കാൻ രാവണൻ കല്പിക്കുന്നു. വാലിലെ തീയുമായി ഓടിനടന്ന ഹനുമാൻ കൊട്ടാരത്തിനു തീ കൊടുത്ത് നേരമ്പോക്ക് നടത്തുകയും ചെയ്യുന്നു. രാവണന്റെ സേനാപതികളെയും ഇളയമകനായ അക്ഷയകുമാരനെയും ഹനുമാൻ കൊന്നൊടുക്കുന്നു. രാവണനെ വെല്ലുവിളിച്ചശേഷം സമുദ്രം തിരിച്ച് ചാടിക്കടന്ന് രാമനടുത്തെത്തി വിവരം അറിയിക്കുന്നു.
രാമൻ യുദ്ധത്തിനുള്ള ഒരുക്കങ്ങൾ ചെയ്ത് സമുദ്രതീരത്തെത്തുന്നു. സേതുബന്ധനം ചെയ്ത് വാനരസേനകളോടൊത്ത് ലങ്കയിലെത്തി യുദ്ധം ചെയ്യുന്നു. യുദ്ധത്തിൽ രാവണനെ വധിക്കുകയും തുടർന്ന് സീതയെ രക്ഷപ്പെടുത്തുകയും ചെയ്യുന്നു. വിഭീഷണനെ രാജാവായി വാഴിച്ചശേഷം രാമൻ തിരിച്ചു പോരുന്നു. സീതയോട് രാമൻ ക്രൂരമായാണ് സംസാരിച്ചത്. എന്നാൽ സീത അഗ്നിയിൽ തന്റെ വിശുദ്ധി തെളിയിച്ച് രാമന്റെ മനസ്സിനെ വിജയിക്കുന്നു.ശ്രീരാമൻ അയോദ്ധ്യയിൽ വൻ വരവേല്പ് നൽകുകയും അദ്ദേഹം സിംഹാസനാവരോഹണം ചെയ്യുകയും ചെയ്തു. അദ്ദേഹത്തിന്റെ ഭരണകാലത്ത് പ്രജകൾ കൃതയുഗത്തിലെന്ന പോലെ മംഗളകരമായി കഴിഞ്ഞുകൂടി. രോഗങ്ങൾ, ബാലമരണം, വിധവകൾ, പ്രകൃതിക്ഷോഭങ്ങൾ എന്നിവയൊന്നുമില്ലാത്ത രാമരാജ്യം അവർക്ക് ലഭിച്ചു. ഒടുവിൽ തന്റെ പ്രിയപ്പെട്ടവരെയെല്ലാം ഉപേക്ഷിച്ച ശേഷം ശ്രീരാമൻ സരയൂനദിയിലിറങ്ങി സ്വർഗ്ഗാരോഹണം ചെയ്തു.
പ്രധാനമായും രണ്ടുഭാഗമായാണ് രാമായണം വികസിച്ചിരിക്കുന്നത് എന്നാണ് പാശ്ചാത്യചരിത്രകാരന്മാരുടെ അഭിപ്രായം. അഞ്ചു കാണ്ഡങ്ങൾ മാത്രമുള്ള രാമായണത്തിൽ ബാലകാണ്ഡം, ഉത്തരകാണ്ഡം എന്നിവ പിന്നീട് കൂട്ടിച്ചേർത്തവയാണ് എന്നാണ്.രാമകഥയിലെ വാനരന്മാരും ഋക്ഷന്മാരും രാക്ഷസന്മാരും വിന്ധ്യപ്രദേശത്തിലേയും മദ്ധ്യഭാരതത്തിലേയും ആദിവാസികളായ അനാര്യ(ദ്രാവിഡരും മറ്റും) ഉപജാതികളായിരുന്നു. ഇത് മിക്കവാറും എല്ലാ ചരിത്രകാരന്മാരും സമ്മതിക്കുന്നു.
വാല്മീകി രാമായണത്തിൽ ഈ ആദിവാസികളെ വാനരന്മാരെന്നും ഋഷന്മാരെന്നും പറഞ്ഞിട്ടുണ്ടെങ്കിലും പ്രാരംഭത്തിൽ ഇവരെല്ലാം തന്നെ മനുഷ്യരായി കരുതപ്പെട്ടിരുന്നു എന്ന് ആദികാവ്യത്തിലെ അനേകം സ്ഥലങ്ങളിൽ നിന്നും മനസ്സിലാക്കാം. രാമയണത്തിലെ വാനരന്മാർ മനുഷ്യരെപ്പോലെ ബുദ്ധിസമ്പന്നരാണ്, മനുഷ്യരുടെ ഭാഷ, സംസ്കാരം എന്നിവ അവർക്കുമുണ്ട്.വാനരന്മാരുടെ പേര്, അവരെ കുരങ്ങുകളുടെ പോലെ കാണപ്പെട്ടതിനാലാണെന്നൊരു കൂട്ടം ചരിത്രകാരന്മാർ വാദിക്കുമ്പോൾ ജൈനരാമായണം അനുസരിച്ച് അവരുടെ കൊടിയുടെ അടയാളം അപ്രകാരമായിരുന്നതിനാൽ കവി വാനരന്മാർ എന്ന് വിശേഷിപ്പിച്ചു എന്നാണ് മറ്റൊരു വിഭാഗം കരുതുന്നത്. കരടിയുടെ ചിഹ്നം കൊടിയിലുണ്ടായിരുന്നവരെ ഋഷന്മാരെന്നും വിളിച്ചിരുന്നതിക്കാരണത്താലാണ്.
മറ്റൊരനുമാനം ഇക്കാലത്തെ ആദിവാസികളേയും പോലെ തന്നെ ഈ ജാതികൾ വിഭിന്നമായ മൃഗങ്ങളേയും സസ്യങ്ങളേയും ആരാധിച്ചിരുന്നുവെന്നും ഏത് മൃഗത്തേയും സസ്യത്തേയും ആരാധിച്ചിരുന്നുവോ അതേ പേരിൽ തന്നെ വിളിക്കപ്പെടുകയും അതേ രീതിയിൽ വസ്ത്രധാരണം നടത്തുവാൻ ഇവർ ശ്രമിക്കുകയും ചെയ്തിരുന്നു . ഇതിനെ ടോട്ടം എന്ന ഗോത്രവിഭാഗത്തിൽ പെടുത്തിയാണ് ആധുനിക ചരിത്രകാരന്മാർ കാണുന്നത്. ജടായു, സമ്പാതി,(ഗരുഡൻ) ജാംബവാൻ(കരടി) സുഗ്രീവൻ (വാനരൻ) രാവണൻ(രാക്ഷസൻ) എന്നീ ടോട്ടങ്ങളെ രാമയണത്തിൽ പ്രസ്താവിച്ചിരിക്കുന്നു.
വാല്മീകിക്ക് ദക്ഷിണഭാരതത്തിലേയും, മദ്ധ്യഭാരതത്തിലേയും ഭൂമിശാസ്ത്രവുമായി പരിചയമില്ലായിരുന്നു എന്ന് രാമായണത്തിൽ നിന്ന് തെളിവുകൾ ലഭിക്കുന്നുണ്ട്. അദ്ദേഹം കൂടുതലായും അനുമാനത്തേയും കല്പനയേയുമാണ് ആശ്രയിച്ചത്. രാമായണം എഴുതപ്പെട്ടതിനും വളരെ മുൻപേ തന്നെ വിവിധ ദേശങ്ങളുമായി സമുദ്രമാർഗ്ഗം ഭാരതം ബന്ധപ്പെട്ടിരുന്നെങ്കിലും അതിനെക്കുറിച്ചൊന്നും പരാമർശമില്ലാത്തതും വാല്മീകിക്ക് ഭൂമിശാസ്ത്രത്തിലുണ്ടായിരുന്ന പരിചയക്കുറവ് വ്യക്തമാക്കുന്നു.
രാമായണം വിശകലനം ചെയ്തിട്ടുള്ള പണ്ഡിതന്മാരുടെ അഭിപ്രായത്തിൽ രാവണന്റെ ലങ്ക, ഇന്നത്തെ ശ്രീലങ്കയല്ല മറിച്ച് ചോട്ടാ നാഗ്പൂർ സമതലങ്ങളിൽ (മധ്യപ്രദേശ്-ഒറിസ) എവിടെയോ ആണ് എന്ന് പറയപ്പെടുന്നു. രാമായണത്തിന്റെ രചയിതാവിന് അക്കാലത്തെ ഭൂമിശാസ്ത്രത്തെക്കുറിച്ച് വലിയ അറിവില്ലാത്തതാണിതിനു കാരണം എന്ന് പറയപ്പെടുന്നു. ഏഴായിരത്തോളം വർഷത്തെ പഴക്കം കണക്കാക്കുന്ന ഭാരതത്തിൽ നിന്നും ശ്രീലങ്ക യിലേക്ക് കാണപ്പെടുന്ന രാമസേതു എന്ന രാമായണത്തിൽ സൂചിപ്പിച്ചിരിക്കുന്ന പാലം സ്വയം രൂപപ്പെട്ടതല്ലെന്നും BCE 5000-ൽ രചിക്കപ്പെട്ട രാമായണത്തിൽ പറയപ്പെടുന്ന രാമസേതു ഇതുതന്നെയായിരിക്കണമെന്നും ആധുനികതയുടെ വെളിച്ചത്തിൽ ഗവേഷകർ പറയുന്നു.
അയോദ്ധ്യയിലെ രാജാവായിരുന്ന ശ്രീരാമന്റെ ജീവിത കഥയെ അനാവരണം ചെയ്യുന്ന മനോഹരമായ കൃതിയാണ് രാമായണം. ബിംബങ്ങളും പ്രതിബിംബങ്ങളും വർണ്ണനയും ഇതിനെ മനോഹരമാക്കുന്നു. കഥാപാത്രബിംബങ്ങളെ അടിസ്ഥാനമാക്കി രാമായണത്തെ രണ്ടു ഭാഗമായി തിരിക്കാം. മകന്റെ ഉന്നതി ആഗ്രഹിക്കുകയും അതിനായി എന്തും ചെയ്യുകയും ചെയ്യുന്ന മാനുഷികവികാരങ്ങളുടെ അതിപ്രസരമുള്ള അയോദ്ധ്യാകാണ്ഡം മുതലായവയും, ദൈവികഭാവങ്ങളും അമാനുഷിക തലങ്ങളും നിറഞ്ഞു നിൽക്കുന്ന ആരണ്യകാണ്ഡം എന്നിങ്ങനെ.
പാശ്ചാത്യചിന്തകന്മാരുടെ അഭിപ്രായപ്രകാരം ദക്ഷിണഭാരതത്തിൽ ജീവിച്ചിരുന്ന ദ്രാവിഡർക്കു മേൽ ആര്യന്മാർക്കുണ്ടായ വിജയമത്രെ രാമായണം.ഈ വാദം പൗരസ്ത്യ ചരിത്രകാരന്മാർ അംഗീകരിക്കുന്നില്ല. രാമൻ ഹിന്ദുവാണെന്നതിനും ആര്യവംശസ്ഥാപകൻ ആണെന്നുള്ളതിനും യാതൊരു തെളിവും ലഭിച്ചിട്ടില്ല, കൂടാതെ താൻ പിടിച്ചടക്കിയ കിഷ്കിന്ധയും ലങ്കയും മറ്റും രാമൻ അർഹരായവർക്കു തന്നെ തിരിച്ചുനൽകുകയും ചെയ്തു എന്നതും ഇതിനൊരു കാരണം കൂടിയാകുന്നു
രാമയണത്തെ വാല്മീകി സമീപിക്കുന്നത് തികച്ചും മാനുഷിക കഥാപാത്രങ്ങളുമായാണ്. എന്നാൽ പിന്നീടുണ്ടായ കൈകടത്തലുകൾ രാമന് ദൈവികപരിവേഷം നൽകുകയും വിഷ്ണുവിന്റെ അവതാരമാക്കിമാറ്റുകയും ചെയ്തു. ഇത് രാജഭരണത്തിനു പ്രാധാന്യം വന്നു ചേർന്നകാലത്തായിരിക്കണം. രാമായണത്തിന്റെ താത്വികമായ അവസ്ഥ രാമന്റെ കിരീടധാരണത്തിൽ തീരുന്നു. അതുകൊണ്ട് ഉത്തരകാണ്ഡം എന്ന അതിനുശേഷമുള്ള ഭാഗം പിന്നീട് കൂട്ടിച്ചേർത്തതാകണം. കൂടാതെ ഭാരതീയ കവികൾ തങ്ങളുടെ കൃതികൾ എപ്പോഴും ശുഭപര്യവസായി ആയാണ് നിലനിർത്തുക. എന്നാൽ ഇന്നത്തെ അവസ്ഥയിൽ രാമായണം തികച്ചും ദുഃഖപര്യവസായി ആണ്. ശ്രീരാമപട്ടാഭിഷേകം വരെ എടുക്കുകയാണെങ്കിൽ കഥ തികച്ചും ശുഭപര്യവസായി ആണ്. ഇതും മേൽപറഞ്ഞ വാദത്തിന് ബലം പകരുന്നു.
ബാലകാണ്ഡത്തിലും ഉത്തരകാണ്ഡത്തിലും രാമൻ മഹാവിഷ്ണുവിന്റെ അവതാരമാണ്. എന്നാൽ മറ്റു കാണ്ഡങ്ങളിൽ രാമൻ സാധാരണ മനുഷ്യനാണ്.ബാലകാണ്ഡത്തിന്റെ ഒന്നാം സർഗത്തിൽ നാരദമുനി വാല്മീകിക്ക് രാമായണ കഥ ചുരുക്കത്തിൽ പറഞ്ഞുകൊടുക്കുന്നുണ്ട്. അതിൽ ഉത്തരകാണ്ഡത്തിലേയും ബാലകാണ്ഡത്തിലേയും ഭാഗങ്ങൾ ഒന്നും തന്നെ ഇല്ല.വാല്മീകി പദപ്രയോഗങ്ങളിൽ അദ്വിതീയനായിരുന്നു. കരുണാരസത്തെ അടിസ്ഥാനമാക്കി രചിക്കപ്പെട്ട രാമായണമാകട്ടെ കാവ്യങ്ങളിൽ വച്ച് ഉന്നതസ്ഥാനം വഹിക്കുന്നു. കാളിദാസൻ, ഭവഭൂതി മുതലായവർ തുടങ്ങി അനേകർക്ക് പ്രചോദനമാകാൻ കവിക്ക് കഴിഞ്ഞു. അതുകൊണ്ടാണ് കവിയെ ആദികവിയെന്നും, കാവ്യത്തെ ആദികാവ്യം എന്നും വിളിച്ച് നിരൂപകർ ആദരിക്കുന്നതും.
മഹാഭാരതത്തിലെ ദ്രോണപർവ്വത്തിലും ശാന്തിപർവ്വത്തിലും മാത്രമാണ് വാല്മീകി കവിയാണെന്ന വ്യക്തമായ സൂചനകൾ ലഭിക്കുന്നത്. ശാന്തിപർവ്വത്തിൽ ഒരു ഭാർഗ്ഗവകവിയെപ്പറ്റിയും അനുശാസനപർവ്വത്തിൽ യശോധനനായ ഒരു വാല്മീകിയെപ്പറ്റിയും രേഖപ്പെടുത്തിയിരിക്കുന്നു. മഹാഭാരതത്തിലെ മറ്റു പർവ്വങ്ങളിൽ വാല്മീകിയെപ്പറ്റിയുള്ള പരമാർശങ്ങൾ ഉണ്ടെങ്കിലും കവിയാണെന്ന സൂചന ഇല്ല.
രാമായണത്തെക്കുറിച്ച് ഇനിയും ഏറെ അറിയാനുണ്ട്. അവ ഓരോന്നായി അറിയാ കഥകളുടെ ഓരോ ഭാഗങ്ങളിലൂടെയും നിങ്ങൾ കരിക്കിലേക്കെത്തും. അറിയാകഥകളുടെ ഒരു ഭാഗവും വിട്ടുപോകാതെ വായിക്കാൻ ശ്രമിക്കുക.