◼️ഓര്‍ഡിനന്‍സുകളില്‍ ഒപ്പിടാതെ ഗവര്‍ണര്‍. ലോകയുക്തയുടെ അധികാരം വെട്ടിക്കുറച്ച ഓര്‍ഡിനന്‍സ് അടക്കം 11 ഓര്‍ഡിനന്‍സുകളാണ് ഗവര്‍ണര്‍ മാറ്റിവച്ചിരിക്കുന്നത്. ഈ ഓര്‍ഡിനന്‍സുകളുടെ കാലാവധി നാളെ തീരും. ഡല്‍ഹിയിലുള്ള ഗവര്‍ണര്‍ ഇനി 12 നേ തിരിച്ചെത്തൂ. ലോകയുക്ത ഓര്‍ഡിനന്‍സില്‍ ഒരിക്കല്‍ ഗവര്‍ണര്‍ ഒപ്പിട്ടതാണ്. നിയമസഭാ സമ്മേളനം തുടങ്ങി 42 ദിവസത്തിനകം ഓര്‍ഡിനന്‍സ് നിയമസഭയില്‍ പാസാക്കാത്തതിനാലാണ് വീണ്ടും ഓര്‍ഡിനന്‍സാക്കേണ്ടി വരുന്നത്.
◼️തൃശൂര്‍ മുതല്‍ വടക്കോട്ടുള്ള കെഎസ്ആര്‍ടിസി സര്‍വീസുകള്‍ ഭാഗികമായി നിലച്ചു. ഇന്ധന പ്രതിസന്ധിയാണു കാരണം. മഴക്കെടുതികള്‍മൂലം യാത്രക്കാരും കുറവാണ്. വരുമാനം കുറവുള്ള സര്‍വീസുകള്‍ നിര്‍ത്തിയിടാനാണു തീരുമാനം.
◼️പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിലുള്ള നീതി ആയോഗ് യോഗം ബിഹാര്‍, തെലങ്കാന മുഖ്യമന്ത്രിമാര്‍ ബഹിഷ്‌കരിച്ചു. മുഖ്യമന്ത്രിമാര്‍, കേന്ദ്രഭരണ പ്രദേശങ്ങളിലെ ലഫ്. ഗവര്‍ണര്‍മാര്‍ എന്നിവര്‍ പങ്കെടുക്കുന്നുണ്ട്. സാമ്പത്തിക വിഷയങ്ങള്‍, കാര്‍ഷിക മേഖലയിലെ പ്രശ്നങ്ങള്‍, കൊവിഡ്, മങ്കിപോക്സ് വ്യാപനം അടക്കമുള്ള വിഷയങ്ങളിലാണ് ചര്‍ച്ച. കേന്ദ്രം അവഗണിക്കുന്നുവെന്ന് ആരോപിച്ചാണ് തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖരറാവു ബഹിഷ്‌കരിച്ചത്. ബിജെപിയോടുള്ള ഭിന്നത പ്രകടിപ്പിച്ചുകൊണ്ടാണ് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ യോഗം ബഹിഷ്‌കരിച്ചത്.
◼️മുല്ലപ്പെരിയാര്‍ ഡാമിന്റെ മൂന്നു ഷട്ടറുകള്‍ കൂറേക്കൂടി ഉയര്‍ത്തി. നിലവില്‍ 10 ഷട്ടറുകള്‍ തുറന്നിട്ടുണ്ട്. പെരിയാറിന്റെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം. ഇടുക്കി ചെറുതോണി അണക്കെട്ടിന്റെ ഒരു ഷട്ടര്‍ 70 സെന്റീമീറ്റര്‍ ഉയര്‍ത്തി. അന്‍പത് ഘനമീറ്റര്‍ വെള്ളം പെരിയാറിലേക്ക് ഒഴുക്കുന്നുണ്ട്. പത്തനംതിട്ടയിലെ കക്കി ആനത്തോട് അണക്കെട്ടില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.
◼️ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം 48 മണിക്കൂറിനകം തീവ്ര ന്യൂനമര്‍ദമാകും. വടക്കന്‍ കേരളത്തില്‍ മഴ തുടരും. മലയോര മേഖലകളില്‍ കൂടുതല്‍ മഴയ്ക്കു സാധ്യത. കടലില്‍ മത്സ്യബന്ധനത്തിന് വിലക്ക്. ഇന്ന് കോട്ടയം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. നാളെ കോട്ടയം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്.
◼️ശമ്പളവും ആനുകൂല്യങ്ങളും നല്‍കാന്‍ 123 കോടി രൂപ വേണമെന്ന് കെഎസ്ആര്‍ടിസി. കഴിഞ്ഞ മാസത്തെ ശമ്പളം നല്‍കാനാണ് കൂടുതല്‍ തുക സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്.
◼️പന്തിരിക്കരയില്‍നിന്ന് സ്വര്‍ണ്ണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ ഇര്‍ഷാദിന്റെ മൃതദേഹ അവശിഷ്ടങ്ങള്‍ ബന്ധുക്കള്‍ക്കു കൈമാറി. കാണാതായ ദീപക്കിന്റേതെന്ന് കരുതി ഇര്‍ഷാദിന്റെ മൃതദേഹം ബന്ധുക്കള്‍ സംസ്‌കരിച്ചിരുന്നു. എന്നാല്‍ ഡിഎന്‍എ പരിശോധനയില്‍ മൃതദേഹം ദീപക്കിന്റേതല്ലെന്നും ഇര്‍ഷാദിന്റേതാണെന്നും വ്യക്തമായി. പിന്നാലെയാണ് വടകര ആര്‍ഡിഒയുടെ നേൃത്വത്തില്‍ ഇര്‍ഷാദിന്റെ മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറിയത്.
KSFE GOLD LOAN
മനുഷ്യപ്പറ്റുള്ള ഗോള്‍ഡ് ലോണ്‍
നിങ്ങളുടെ അടിയന്തിര സാമ്പത്തിക ആവശ്യങ്ങള്‍ക്ക് KSFE നല്‍കുന്നു സ്വര്‍ണ പണയ വായ്പ. മിതമായ പലിശ നിരക്കില്‍ ലളിതമായ നടപടിക്രമങ്ങളിലൂടെ 25 ലക്ഷം രൂപ വരെ പ്രതിദിനം നിങ്ങള്‍ക്ക് നേടാം. 12 മാസത്തെ വായ്പാ കാലയളവില്‍ നിശ്ചിത പലിശ അടച്ചതിന് ശേഷം ഒരു വര്‍ഷത്തേക്ക് വായ്പ പുതുക്കാന്‍ കഴിയും, കൂടാതെ പരമാവധി 36 മാസം വരെ ഈ സൗകര്യം ഉപയോഗിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് : www.ksfe.com
◼️ഇര്‍ഷാദിനെ ബന്ദിയാക്കി മര്‍ദിച്ച് മരിച്ച സംഭവത്തില്‍ സ്വര്‍ണ്ണക്കടത്തു സംഘം ദുബായിലെ ഇടനിലക്കാരനെ തട്ടിക്കൊണ്ടുപോയി. കണ്ണൂര്‍ സ്വദേശിയായ ജസീലിനെയാണ് സ്വര്‍ണ്ണക്കടത്തു സംഘം ബന്ദിയാക്കിയത്. ഇര്‍ഷാദിനെ തട്ടിക്കൊണ്ടുപോയതിനു പോലീസ് തെരയുന്ന നാസര്‍ എന്ന സ്വാലിഹിന്റെ സംഘമാണ് ജസീലിനെ ബന്ദിയാക്കിയതെന്നാണ് സൂചന.
◼️പത്തനംതിട്ട ശബരിഗിരി വൈദ്യുതി പദ്ധതിയിലെ ഒരു ജനറേറ്റര്‍ കൂടി തകരാറിലായി. ജനറേറ്ററിന്റെ കോയില്‍ കത്തി നശിച്ചതോടെ വൈദ്യുതോപാദ്നം 340 മെഗാവാട്ടില്‍ നിന്നും 225 ആയി കുറഞ്ഞു.
◼️സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം സത്യപാലന്‍ പ്രസിഡന്റായ ഹരിപ്പാട് കുമാരപുരം സര്‍വീസ് സഹകരണ ബാങ്കിലെ വെട്ടിപ്പിനെക്കുറിച്ച് പാര്‍ട്ടിയുടെ അന്വേഷണം. പണയ പണ്ടങ്ങളില്ലാതെ 32 പേര്‍ക്ക് ഒരു കോടിയോളം രൂപ വായപ നല്‍കിയിട്ടുണ്ട്. മരിച്ചവരുടെ അക്കൗണ്ടിലൂടെ ലക്ഷങ്ങളുടെ പണമിടപാടുകളും നടത്തിയിട്ടുണ്ട്.
◼️സിപിഐ പത്തനംതിട്ട ജില്ലാ സമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും മന്ത്രി വീണാ ജോര്‍ജിനും എതിരെ രൂക്ഷ വിമര്‍ശനം. കാനം പിണറായിയുടെ അടിമയായെന്നും തെറ്റുകള്‍ ന്യായീകരിക്കുകയാണെന്നുമാണ് കാനത്തിനെതിരായ ആരോപണം. മന്ത്രി വീണ ജോര്‍ജ് ഫോണെടുക്കാറില്ല. എല്‍ഡിഎഫ് നേതാക്കളെപോലും ഗൗനിക്കുന്നില്ല. ഇടതുപക്ഷ മുന്നണിക്കു ചേരുന്ന പ്രവര്‍ത്തനരീതിയല്ല മന്ത്രി വീണാ ജോര്‍ജിന്റേതെന്നും ആരോപണം.
ജോയ്ആലുക്കാസ് വിശേഷങ്ങള്‍
ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും പ്രയോജനപ്പെടുത്താവുന്നതാണ്.
➖➖➖➖➖➖➖➖
◼️വഴിനീളെ സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ആലുവയില്‍ ദേശീയ പാതയിലെ അപകടത്തില്‍ മരിച്ച ഹാഷിമിനെ ഇടിച്ച വാഹനം കണ്ടെത്താനാകാതെ പൊലീസ്. കിട്ടിയ ചിത്രങ്ങളില്‍ വ്യക്തത ഇല്ലെന്നാണ് നെടുമ്പാശേരി പൊലീസ് പറയുന്നത്.
◼️നെടുമ്പാശേരി വിമാനത്താവളത്തില്‍ കസ്റ്റംസിനെ വെട്ടിച്ച് സ്വര്‍ണ്ണം കടത്തിയ സംഘം പിടിയില്‍. ഒന്നരക്കിലോ സ്വര്‍ണ്ണവുമായുള്ള ബാഗുമായി കടന്ന തൃശ്ശൂര്‍ വെന്നുര്‍ സ്വദേശി അഫ്സലിനെയാണ് തലശ്ശേരിയിലെ ഹോട്ടലില്‍ പോലീസ് പിടികൂടിയത്. ഹോട്ടല്‍ മുറിയിലുണ്ടായിരുന്ന 13 പേരെയും കസ്റ്റഡിയിലെടുത്തു.
◼️കാസര്‍കോട് വോര്‍ക്കാടി സുങ്കതകട്ടയില്‍ ബഹുനില കെട്ടിടം തകര്‍ന്നു വീണു. ആര്‍ക്കും പരിക്കില്ല. കെട്ടിടത്തിനു താഴെയുള്ള ഭാഗത്തെ മണ്ണു നീക്കം ചെയ്തതിനാല്‍ കെട്ടിടത്തിനു വിള്ളലുണ്ടായിരന്നു. രണ്ടു ദിവസം മുമ്പേ താമസക്കാരേയും കെട്ടിടത്തിലെ കടകളും ഓഫീസുകളും ഒഴിപ്പിച്ചിരുന്നു. വോര്‍ക്കാടി സ്വദേശി സുരേന്ദ്ര പൂജാരിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടമാണ് തകര്‍ന്നത്. മൂന്നുനില കെട്ടിടം 10 വര്‍ഷം മുമ്പ് നിര്‍മ്മിച്ചതാണ്.
◼️പ്രശസ്ത കഥകളി ഗായകന്‍ മുദാക്കല്‍ ഗോപിനാഥന്‍ നായര്‍ അന്തരിച്ചു. 87 വയസായിരുന്നു.
◼️രാത്രിയും പകലും ഒന്നിച്ചിരുന്നു മദ്യപിച്ച സുഹൃത്തുക്കള്‍ തമ്മില്‍ വാക്കേറ്റം, കത്തിക്കുത്ത്. കൊടുങ്ങല്ലൂര്‍ ശ്രീനാരായണപുരം കുടിലങ്ങ ബസാറില്‍ കരനാട്ട് വേലായുധന്റെ മകന്‍ ശക്തിധരനാണ് (48) കുത്തേറ്റത്. സുഹൃത്ത് പവനനെ പോലീസ് കസ്റ്റഡിയിലെടുത്തു.
◼️സ്‌കൂട്ടറപകടത്തില്‍ പരിക്കേറ്റ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന നഴ്സിംഗ് കോളജ് അസി. പ്രഫസര്‍ മരിച്ചത് ചികിത്സാ പിഴവു മൂലമെന്ന് ആരോപിച്ച് പരാതി. നന്ദാവനം എ.ആര്‍.ക്യാമ്പിലെ എ.എസ്.ഐ കെ. റെജിയുടെ ഭാര്യ വിഴിഞ്ഞം മുല്ലൂര്‍ കടയ്ക്കുളം കപ്പവിള നന്ദനം നിവാസില്‍ വി.ആര്‍. രാഖി (41) ആണ് മരിച്ചത്.
◼️കാസര്‍കോട്ട് യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ ഗാര്‍ഹിക പീഡനത്തിന് കേസ്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി നോയല്‍ ടോമിന്‍ ജോസഫിനെതിരെ ഭാര്യ നല്‍കിയ പരാതിയിലാണ് കേസെടുത്തത്.
◼️അഞ്ഞൂറു കിലോഗ്രാംവരെ ഭാരമുള്ള ചെറു ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തില്‍ എത്തിക്കാനുള്ള എസ്എസ്എല്‍വി ഇന്ത്യ വിക്ഷേപിച്ചു. വിക്ഷേപിച്ച ഉപഗ്രഹങ്ങളുമായി ബന്ധം സ്ഥാപിക്കാനായില്ലെന്ന് ഐഎസ്ആര്‍ഒ. രണ്ട് ഉപഗ്രഹങ്ങളാണ് ഭ്രമണപഥത്തില്‍ എത്തിച്ചത്. ഐഎസ്ആര്‍ഒയുടെ അഭിമാന വാഹനമായ പിഎസ്എല്‍വിയുടെ ഒരു ചെറു പതിപ്പാണ് ഈ റോക്കറ്റ്.
◼️ടോള്‍ പ്ലാസകളില്‍ ഫാസ്ടാഗ് ഏര്‍പ്പെടുത്തിയതുമൂലം കഴിഞ്ഞ വര്‍ഷം 35 കോടി ലിറ്റര്‍ പെട്രോളും ഡീസലും ലാഭിച്ചെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. ടോള്‍ പ്ലാസകളില്‍ ഏറെ സമയം വാഹനം നിര്‍ത്തിയിടേണ്ടി വരാത്തതിനാല്‍ 2,800 കോടി രൂപയുടെ നേട്ടമുണ്ടായെന്ന് ശശി തരൂരിനു ലോക്സഭയില്‍ നല്‍കിയ മറുപടിയില്‍ മന്ത്രി പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഫാസ്ടാഗിലൂടെ 33,274 കോടി രൂപ ടോള്‍ പിരിച്ചെന്നും മന്ത്രി വ്യക്തമാക്കി.
◼️തമിഴ് സിനിമാ നിര്‍മ്മാതാക്കളുടെയും വിതരണക്കാരുടെയും ഓഫീസുകളിലും വീടുകളിലും ആദായനികുതി റെയ്ഡ്. ചെന്നൈ, മധുര, കോയമ്പത്തൂര്‍, വെല്ലൂര്‍ എന്നിവിടങ്ങളിലെ 40 സ്ഥാപനങ്ങളിലാണ് റെയ്ഡ് നടന്നത്. 26 കോടി രൂപയുടെ പണവും മൂന്നു കോടി രൂപയുടെ സ്വര്‍ണാഭരണങ്ങളും ഉള്‍പ്പെടെ 200 കോടിയിലധികം വരുന്ന വെളിപ്പെടുത്താത്ത വരുമാനം കണ്ടെത്തിയെന്നാണ് വിവരം.
◼️അവധി നല്‍കാത്ത മേലുദ്യോഗസ്ഥനെ കൊല്‍ക്കത്തയിലെ ചരിത്രപ്രസിദ്ധമായ ഇന്ത്യന്‍ മ്യൂസിയത്തിലെ സിഐഎസ്എഫ് ജവാന്‍ വെടിവച്ചുകൊന്നു. രണ്ടു ജവാന്മാര്‍ക്കു പരിക്ക്. അസിസ്റ്റന്റ് കമാന്‍ഡന്റ് രഞ്ജിത് സാരംഗിയാണു കൊല്ലപ്പെട്ടത്. വെടിവച്ച ഹെഡ് കോണ്‍സ്റ്റബിള്‍ അക്ഷയ് മിശ്രയെ അറസ്റ്റു ചെയ്തു.
◼️ദുര്‍മന്ത്രവാദത്തിന്റെ ഭാഗമായി അഞ്ചു വയസുള്ള മകളെ രക്ഷിതാക്കള്‍ അടിച്ചുകൊന്നു. നാഗ്പൂരിലാണ് സംഭവം. പൂജയുടെ ഭാഗമായി അടിയേറ്റ കുട്ടി തല്‍ക്ഷണം മരിച്ചു. സംഭവത്തില്‍ കുട്ടിയുടെ പിതാവ് സിദ്ധാര്‍ത്ഥ് ചിംനെ (45), അമ്മ രഞ്ജന (42), അമ്മായി പ്രിയ ബന്‍സോദ് (32) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
◼️ഇന്ത്യന്‍ വംശജയായ അഭിഭാഷക രൂപാലി എച്ച് ദേശായിയെ അമേരിക്കയില്‍ ജഡ്ജിയായി നിയമിച്ചു. ഒമ്പതാം സര്‍ക്യൂട്ട് കോടതിയിലെ ജഡ്ജിയായാണ് ഈ നാല്‍പത്തിനാലുകാരിയെ നിയമിച്ചത്.
◼️ഗാസയില്‍ ഇസ്രായേല്‍ വ്യോമാക്രമണം. കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെയുള്ള 12 പേര്‍ കൊല്ലപ്പെട്ടു. റഫയിലും ജബലിയായിലുമാണ് പ്രധാനമായി ആക്രമണം നടന്നത്.
◼️രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്.ബി.ഐ നടപ്പുവര്‍ഷത്തെ ആദ്യപാദമായ ഏപ്രില്‍-ജൂണില്‍ 6,068 കോടി രൂപ ലാഭം രേഖപ്പെടുത്തി. കഴിഞ്ഞവര്‍ഷത്തെ സമാനപാദത്തിലെ 6,504 കോടി രൂപയേക്കാള്‍ 6.7 ശതമാനം കുറവാണിത്. ബാങ്കിന്റെ അറ്റ പലിശ വരുമാനം 13 ശതമാനം ഉയര്‍ന്ന് 31,196 കോടി രൂപയായി. മൊത്തം നിഷ്‌ക്രിയ ആസ്തി 3.97 ശതമാനത്തില്‍ നിന്ന് കുറഞ്ഞ് 3.91 ശതമാനത്തിലെത്തിയത് ബാങ്കിന് ആശ്വാസമായി. അറ്റ നിഷ്‌ക്രിയ ആസ്തി 2.47 ശതമാനത്തില്‍ നിന്ന് 1.38 ശതമാനത്തിലേക്കും കുറഞ്ഞു. മൊത്തം വായ്പകള്‍ 15 ശതമാനവും നിക്ഷേപം 8.73 ശതമാനവും വര്‍ദ്ധിച്ചു.
◼️പ്രഖ്യാപന സമയം മുതല്‍ വലിയ ശ്രദ്ധനേടിയ ചിത്രമാണ് ‘വോയ്‌സ് ഓഫ് സത്യനാഥന്‍’. പഞ്ചാബി ഹൗസ്, പാണ്ടിപ്പട, ചൈനാടൗണ്‍, തെങ്കാശിപ്പട്ടണം, റിങ്ങ്മാസ്റ്റര്‍ എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം ദിലീപും റാഫിയും ഒന്നിക്കുന്നുവെന്നതായിരുന്നു അതിന് കാരണം. ഇപ്പോഴിതാ ഒരിടവേളക്ക് ശേഷം ചിത്രത്തിന്റെ ഷൂട്ടിംഗ് വീണ്ടും ആരംഭിച്ചു. ചിത്രത്തില്‍ ജോജു ജോര്‍ജും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സിദ്ധിഖ്, ജോണി ആന്റണി, വീണ നന്ദകുമാര്‍ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ സ്‌ക്രീനില്‍ എത്തിക്കുന്നത്. റാഫി തന്നെയാണ് ചിത്രത്തിന്റെ കഥ തിരക്കഥ സംഭാഷണം സംവിധാനം എന്നിവ നിര്‍വഹിച്ചിരിക്കുന്നത്.
◼️മലയാള സിനിമയെ ഫാന്റസിയുടെയും ടൈം ട്രാവലിന്റെയും മറ്റൊരു തലത്തില്‍ എത്തിച്ച ചിത്രമാണ് എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത ‘മഹാവീര്യര്‍’. ആസിഫ് അലി, നിവിന്‍ പോളി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം മികച്ച പ്രതികരങ്ങള്‍ നേടി പ്രദര്‍ശനം തുടരുകയാണ്. ഈ അവസരത്തില്‍ ചിത്രത്തിലെ മനോഹരമായൊരു ഗാനത്തിന്റെ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ‘അനുരാഗ മനം’ എന്ന ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. ആസിഫ് അലി അവതരിപ്പിക്കുന്ന വീരഭദ്രന്‍ എന്ന കഥാപാത്രത്തിന്റെ പ്രണയമാണ് ഗാനരംഗത്ത് ചിത്രീകരിച്ചിരിക്കുന്നത്.
◼️അഡ്വഞ്ചര്‍ വിഭാഗത്തില്‍ സ്വന്തം സ്ഥാനം ഉറപ്പിച്ചവരില്‍ മുന്‍പന്തിയിലാണ് ഹീറോ എക്സ് പള്‍സ്. സിറ്റി ടൂറര്‍ വിഭാഗത്തില്‍ സ്ഥാനം ഉറപ്പിക്കാന്‍ പുതുക്കിയ എക്സ് പള്‍സ് 200ടി ഉടനെത്തുമെന്ന സൂചനകളാണ് ഇപ്പോള്‍ ലഭിക്കുന്നത്. മെക്കാനിക്കലായി വാഹനത്തിന് പുതിയ 4 വാല്‍വ് എന്‍ജിന്‍ ഉണ്ടാകുമെന്ന് വേണം കരുതാന്‍. കൂടുതല്‍ വലുപ്പമുള്ള ഓയില്‍ കൂളര്‍ സംവിധാനവും ഇത് വ്യക്തമാക്കുന്നു. പുതിയ പെയിന്റ് സ്‌കീമുകള്‍, നിരപ്പും സൗകര്യപ്രദവുമായ സീറ്റ് എന്നിവയും വാഹനത്തിലുണ്ട്. 200സിസി ബിഎസ് 6, 4 വാല്‍വ് ഓയില്‍ കൂള്‍ഡ് എന്‍ജിന്‍ ഉയര്‍ന്ന വേഗതയിലും ആയാസമില്ലാത്ത സമ്മര്‍ദ രഹിത യാത്ര സമ്മാനിക്കും. 19.1 എച്ച്പി പരമാവധി കരുത്തും 17.35 എന്‍എം ടോര്‍ക്കുമാണ് ഈ എന്‍ജിന്റെ പ്രത്യേകത.
◼️മനുഷ്യോത്പത്തിയോളം പഴക്കമുള്ള നാട്ടുപാരമ്പര്യ വൈദ്യത്തിന്റെ അറിവുകള്‍ സമാഹരിക്കുന്ന ഗ്രന്ഥം. വൈദ്യവിദ്യാര്‍ത്ഥികള്‍ക്കും ഗവേഷകര്‍ക്കും സാധാരണക്കാര്‍ക്കും ഒരുപോലെ ഉപകാരപ്രദം. പ്രതിരോധവാക്സിനുകളാല്‍ മാത്രം പ്രതിരോധശേഷി എന്ന സമ്പ്രദായത്തെ മറികടന്ന്, സ്വയം പ്രതിരോധശേഷിയാര്‍ജിക്കുവാനുള്ള ജീവിത രീതിയാണ് ലളിതമായ ഭാഷയില്‍ ഈ പുസ്തകം പറയുന്നത്. ‘പാരമ്പര്യവൈദ്യം’. കെ. ഗോപാലന്‍ വൈദ്യര്‍. മാതൃഭൂമി ബുക്സ്. വില 190 രൂപ.
◼️അടുത്ത കാലത്തായി ഇന്ത്യയില്‍ പുകവലിക്കാത്തവരിലും ശ്വാസകോശാര്‍ബുദ കേസുകള്‍ ഉയരുകയാണെന്ന് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. പുകവലിക്കാരുമായുള്ള സഹവാസത്തിന്റെ ഭാഗമായ സെക്കന്‍ഡ് ഹാന്‍ഡ് ടുബാക്കോ സ്മോക്ക്, വായു മലിനീകരണം, റാഡണ്‍ ഗ്യാസ് ശ്വസിക്കുന്നത്, ചില ജനിതക കാരണങ്ങള്‍ എന്നിവയാകാം ഇതിനു പിന്നിലെ കാരണങ്ങള്‍. വൈറ്റമിന്‍ ബി6, ബി12 എന്നിവയുടെ അമിത തോതും പുരുഷന്മാരിലെ ശ്വാകോശ അര്‍ബുദ സാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നതായി ജേണല്‍ ഓഫ് ക്ലിനിക്കല്‍ ഓങ്കോളജിയില്‍ പ്രസിദ്ധീകരിച്ച ഒരു പഠനം ചൂണ്ടിക്കാണിച്ചിരുന്നു. എന്നാല്‍ വൈറ്റമിന്‍ ബി12 ന്റെ അമിത തോത് അര്‍ബുദം ഉണ്ടാക്കുന്നതിനോ, അര്‍ബുദ രോഗികളില്‍ വൈറ്റമിന്‍ ബി12 തോത് ഉയരുന്നതിനോ തെളിവുകള്‍ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. പ്രമേഹം, വൃക്കരോഗം, കരള്‍ രോഗം, മറ്റ് ചില ഓട്ടോ ഇമ്മ്യൂണ്‍ രോഗങ്ങള്‍ എന്നിവ മൂലവും വൈറ്റമിന്‍ ബി12 തോത് ഉയരാറുണ്ട്. ഏത് തരം വൈറ്റമിന്‍ സപ്ലിമെന്റുകളുടെയും അമിത ഉപയോഗം ഹാനികരമാണെന്ന് ഡോക്ടര്‍മാരും പറയുന്നു. പുകവലിക്കാത്തവരില്‍ മാത്രമല്ല ഇന്ത്യയിലെ സ്ത്രീകളിലും ശ്വാസകോശ അര്‍ബുദ കേസുകളില്‍ വര്‍ധന കാണപ്പെടുന്നുണ്ടെന്ന് മറ്റു ചില പഠനങ്ങളും മുന്നറിയിപ്പ് നല്‍കുന്നു. പലപ്പോഴും ശ്വാസകോശാര്‍ബുദങ്ങള്‍ വളരെ വൈകിയ വേളയിലാണ് ഇന്ത്യയില്‍ നിര്‍ണയിക്കപ്പെടാറുള്ളത്. ശ്വാസകോശാര്‍ബുദത്തിന്റെ ലക്ഷണങ്ങള്‍ ക്ഷയം പോലുള്ള മറ്റ് രോഗങ്ങളുടെ ലക്ഷണങ്ങളായി തെറ്റിദ്ധരിക്കുന്നതാണ് ഇതിനു കാരണം.