web cover 108

ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി പിളര്‍ത്താന്‍ 40 എംഎല്‍എമാര്‍ക്ക് ബിജെപി 20 കോടി രൂപ വീതം വാഗ്ദാനം ചെയ്തെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍. എംഎല്‍മാരുടെ യോഗത്തില്‍ ഒമ്പതു പേര്‍ എത്തിയില്ല. 53 പേരാണു പങ്കെടുത്തത്. എംഎല്‍എമാരുടെ ഫോണ്‍ ബന്ധം വിച്ഛേദിക്കപ്പെട്ട നിലയിലാണ്. എംഎല്‍എമാരെ വിലയ്ക്കെടുക്കാന്‍ ഇത്രയും പണം ബിജെപിക്ക് എവിടെനിന്നാണെന്നു കേജരിവാള്‍ ചോദിച്ചു. ബിജെപിയുടെ കള്ളപ്പണം എന്‍ഫോഴ്സ്മെന്റ് അന്വേഷിക്കണം. മഹാത്മാ ഗാന്ധിയുടെ സമാധി സ്ഥലത്തേക്കു മാര്‍ച്ചു നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

ജാര്‍ഖണ്ഡില്‍ കോണ്‍ഗ്രസ് ജെഎംഎം സഖ്യത്തിന്റെ മുഖ്യമന്ത്രി ഹേമന്ത് സോറന്‍ രാജിവച്ചേക്കും. ഖനി അഴിമതി കേസില്‍ ഹേമന്ത് സോറന്റെ നിയമസഭാഗത്വം റദ്ദാക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഗവര്‍ണര്‍ക്കു റിപ്പോര്‍ട്ട് നല്‍കി. നിയമസഭാംഗത്വം റദ്ദാകുന്നതോടെ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കും. മുഖ്യമന്ത്രിയായിരിക്കെ ഹേമന്ത് സോറന്‍ സ്വന്തമായി ഖനി നടത്തിപ്പിനുള്ള അനുമതി നേടിയതു നിയമവിരുദ്ധമെന്ന് ആരോപിച്ച് ബിജെപി നല്‍കിയ പരാതിയിലാണു നടപടി.

കേരള സര്‍വകലാശാലയിലെ വൈസ്ചാന്‍സലര്‍ നിയമനത്തിന് ഗവര്‍ണര്‍ ആരംഭിച്ച നടപടിക്രമങ്ങളെ മറികടക്കാന്‍ സര്‍വകലാശാല നിയമ ഭേദഗതി ബില്ലിന് ഓഗസറ്റ് ഒന്നു മുതല്‍ മുന്‍കാല പ്രാബല്യം നല്‍കി. ഇന്നലെ രാത്രി ചേര്‍ന്ന സബ്ജക്ട് കമ്മിറ്റിയിലാണ് ഭേദഗതി. കേരള വിസിയെ തീരുമാനിക്കാന്‍ ഗവര്‍ണര്‍ സെര്‍ച് കമ്മിറ്റി രുപീകരിച്ചത് ഓഗസ്റ്റ് അഞ്ചിനായിരുന്നു. ഈ കമ്മിറ്റിയിലേക്ക് കേരള സര്‍വകലാശാല നോമിനിയെ നല്‍കിയിട്ടില്ല.

*_KSFE_ GOLD LOAN*

*മനുഷ്യപ്പറ്റുള്ള ഗോള്‍ഡ് ലോണ്‍*

നിങ്ങളുടെ അടിയന്തിര സാമ്പത്തിക ആവശ്യങ്ങള്‍ക്ക് *_KSFE_* നല്‍കുന്നു സ്വര്‍ണ പണയ വായ്പ. മിതമായ പലിശ നിരക്കില്‍ ലളിതമായ നടപടിക്രമങ്ങളിലൂടെ 25 ലക്ഷം രൂപ വരെ പ്രതിദിനം നിങ്ങള്‍ക്ക് നേടാം. 12 മാസത്തെ വായ്പാ കാലയളവില്‍ നിശ്ചിത പലിശ അടച്ചതിന് ശേഷം ഒരു വര്‍ഷത്തേക്ക് വായ്പ പുതുക്കാന്‍ കഴിയും, കൂടാതെ പരമാവധി 36 മാസം വരെ ഈ സൗകര്യം ഉപയോഗിക്കാം. *കൂടുതല്‍ വിവരങ്ങള്‍ക്ക് : www.ksfe.com*

മോദി സര്‍ക്കാരിന്റെ കമാണ്ടര്‍ ഇന്‍ ചീഫ് ആകാനാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ശ്രമിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഗവര്‍ണറും സര്‍ക്കാരും രണ്ട് പക്ഷത്താണ്. ഈ ഭിന്നത മോദി സര്‍ക്കാരിന്റെ ചട്ടുകമായ ഗവര്‍ണറും മതനിരപേക്ഷ സര്‍ക്കാരും തമ്മിലാണ്. പാര്‍ട്ടി മുഖപത്രത്തില്‍ എഴുതിയ ലേഖനത്തിലാണ് കോടിയരി ഗവര്‍ണറെ വിമര്‍ശിച്ചത്.

എല്ലാം സര്‍ക്കാരും ഗവര്‍ണറും തമ്മിലുളള ഒത്തുകളിയാണെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ഗവര്‍ണര്‍ സംഘപരിവാര്‍ ഏജന്റാണ്. സംഘപരിവാര്‍ അജണ്ട തന്നെയാണ് പിണറായി വിജയന്‍ സര്‍ക്കാരും നടപ്പാക്കുന്നത്. പിണറായി സര്‍ക്കാര്‍ നിയമിച്ച കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ സിലബസില്‍ സംഘപരിവാര്‍ അജണ്ട ഉള്‍പ്പെടുത്തി. ഗാന്ധിജിയേയും നെഹ്റുവിനേയും ഒഴിവാക്കി ദീനദയാല്‍ ഉപാധ്യായ, വിഡി സവര്‍ക്കര്‍, ഗോള്‍വാള്‍ക്കര്‍ എന്നിവരെ സിലബസില്‍ ഉള്‍പെടുത്തിയെന്നും സതീശന്‍ ആരോപിച്ചു.

മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതിയായുള്ള എസ്എന്‍സി ലാവലിന്‍ കേസ് സുപ്രീംകോടതി സെപ്റ്റംബര്‍ 13 ന് പരിഗണിക്കും. പിണറായി വിജയനെ കുറ്റവിമുക്തനാക്കിയതിനെതിരെ സിബിഐ സമര്‍പ്പിച്ച അപ്പീലാണ് കോടതി പരിഗണിക്കുന്നത്. കേസ് നിരന്തരം മാറ്റുന്നുവെന്നു ആക്ഷേപം ഉയര്‍ന്നതിനെത്തുടര്‍ന്ന് കേസ് ലിസ്റ്റില്‍നിന്ന് മാറ്റരുതെന്ന് ജസ്റ്റീസ് യു.യു ലളിത് അധ്യക്ഷനായുള്ള ബഞ്ച് നിര്‍ദ്ദേശിച്ചു.

*ജോയ്ആലുക്കാസ് വിശേഷങ്ങള്‍*

ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും പ്രയോജനപ്പെടുത്താവുന്നതാണ്.

ഇപോസ് മെഷീന്‍ പണിമുടക്കിയതു മൂലം റേഷന്‍, ഓണക്കിറ്റ് വിതരണം മുടങ്ങി. സര്‍വര്‍ തകരാര്‍ മൂലമാണ് ഇ പോസ് മെഷീന്‍ പ്രവര്‍ത്തനരഹിതമാകുന്നത്. ഇതുമൂലം റേഷന്‍ കടകള്‍ മുഖേനയുള്ള ഓണക്കിറ്റ് വിതരണം തടസപെട്ടു.

വിഴിഞ്ഞം സമരം പത്താം ദിവസം. ഇനി മുഖ്യമന്ത്രിയുമായി മാത്രമേ ചര്‍ച്ചയ്ക്കുള്ളൂവെന്ന് സമരസമിതി. തിങ്കളാഴ്ച വീണ്ടും കടല്‍ മാര്‍ഗവും കര മാര്‍ഗവും വിഴിഞ്ഞം തുറമുഖ പദ്ധതി പ്രദേശം ഉപരോധിക്കാനാണ് സമരക്കാരുടെ തീരുമാനം. വിഴിഞ്ഞം തുറമുഖ നിര്‍മാണം നിര്‍ത്തിവയ്ക്കാതെ സമരം നിര്‍ത്തില്ലെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

വിഴിഞ്ഞം സമരത്തിന് പുറത്തുനിന്നുള്ള ആളുകളാണെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശത്തില്‍ എന്താണു തെറ്റെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്‍. തുറമുഖത്തിനെതിരായ സമരം ഒത്തുതീര്‍ക്കാനുള്ള ചര്‍ച്ചകളില്‍ പുരോഗതിയുണ്ട്. ഉമ്മന്‍ ചാണ്ടിയാണ് തുറമുഖ പദ്ധതി ആരംഭിച്ചത്. എല്ലാ മത്സ്യത്തൊഴിലാളികളെയും സര്‍ക്കാര്‍ സംരക്ഷിക്കുമെന്നും ഇ പി ജയരാജന്‍ പറഞ്ഞു.

സംസ്ഥാനത്ത് പ്ലസ് വണ്‍, വിഎച്ച്എസ്ഇ ക്ലാസുകള്‍ തുടങ്ങി. നാല് ലക്ഷത്തി പത്തൊമ്പതിനായിരത്തോളം വിദ്യാര്‍ത്ഥികള്‍ സ്‌കൂളുകളിലെത്തി. 3.8 ലക്ഷം കുട്ടികളാണ് പ്ലസ് വണ്‍ പ്രവേശനം നേടിയത്. മുപ്പതിനായിരം വിഎച്ച്എസ്ഇ വിദ്യാര്‍ത്ഥികളും പ്രവേശനം നേടിയിട്ടുണ്ട്.

കരിപ്പൂര്‍ വിമാനത്താവളത്തില്‍ റണ്‍വേ സേഫ്റ്റി ഏരിയ വികസിപ്പിക്കാനായി ഭൂമി ഏറ്റെടുക്കലിനുള്ള സര്‍വേ വിജ്ഞാപനം ഇറങ്ങി. പതിനാലര ഏക്കര്‍ ഭൂമിയാണ് ഇതിനായി ഏറ്റെടുക്കുക. പണി പൂര്‍ത്തിയായാല്‍ വലിയ വിമാനങ്ങളുടെ സര്‍വീസ് പുനരാരംഭിക്കും.

ഉത്തരക്കടലാസുകളില്‍ ബാര്‍കോഡിംഗ് വരുന്നു. കാലിക്കട്ട് സര്‍വകലാശാല മൂല്യനിര്‍ണയ ജോലികള്‍ വേഗത്തിലാക്കാനാണു നടപടി. ഉത്തരക്കടലാസുകള്‍ പരീക്ഷാഭവനിലെത്തിച്ച് ഫാള്‍സ് നമ്പറിടേണ്ട ജോലി ഒഴിവാകും. ആദ്യഘട്ടത്തില്‍ അടുത്ത മാസം നടക്കുന്ന ബി എഡ് രണ്ടാം സെമസ്റ്റര്‍ പരീക്ഷക്കുള്ള ഉത്തരക്കടലാസിലാണ് ബാര്‍കോഡ് നടപ്പാക്കുക. പരീക്ഷാ കേന്ദ്രത്തില്‍നിന്ന് നേരിട്ട് മൂല്യനിര്‍ണയ ക്യാമ്പുകളിലേക്ക് തപാല്‍ വകുപ്പ് മുഖേന ഉത്തരക്കടലാസുകള്‍ അയക്കാനാകും.

കെട്ടിക്കിടക്കന്ന ഫയലുകള്‍ തീര്‍പ്പാക്കാനുള്ള അദാലത്ത് നടത്തുന്നതിനാല്‍ നാളെ കാലിക്കട്ട് യൂണിവേഴ്സിറ്റി പരീക്ഷാഭവന്‍ സേവനങ്ങളില്‍ നിയന്ത്രണം. അദാലത്തിനല്ലാത്ത വിദ്യാര്‍ഥികള്‍ പരീക്ഷാ ഭവന്‍ സന്ദര്‍ശിക്കരുതെന്ന് പരീക്ഷാ കണ്‍ട്രോളര്‍ അറിയിച്ചു.

പരസ്പരം കലഹിച്ച് തീര്‍ക്കേണ്ടവരല്ല ഇടതു പാര്‍ട്ടികളെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. മുന്നണിയെ ശക്തിപ്പെടുത്തുന്ന ഉത്തരവാദിത്തം സിപിഐക്കുണ്ട്. മുന്നണിയില്‍ അഭിപ്രായ വ്യത്യാസങ്ങളും ഉണ്ടാകും. പരിഹരിച്ചു മുന്നോട്ടു പോകും. ഇടതുപക്ഷ പാര്‍ട്ടികളുടെ ഐക്യം ശക്തമാക്കണം. സിപിഐ തൃശൂര്‍ ജില്ലാ പ്രതിനിധി സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു കാനം രാജേന്ദ്രന്‍.

കണ്ണൂര്‍ സര്‍വ്വകലാശാല വിസിക്കെതിരെ ഗവര്‍ണര്‍ക്കു പരാതി. ചാന്‍സലര്‍ ആയ ഗവര്‍ണറെ വിമര്‍ശിക്കാന്‍ കഴിഞ്ഞ ദിവസം യൂണിവേഴ്സിറ്റിയുടെ ചെറുശ്ശേരി ഓഡിറ്റോറിയം ഇടതുപക്ഷ സംഘടനകള്‍ക്ക് അനുവദിച്ചതിനെതിരേയാണ് പരാതി. വൈസ് ചാന്‍സലറുടെ നടപടി അപലപനീയമെന്ന് കെപിസിടിഎ കണ്ണൂര്‍ മേഖല കമ്മിറ്റി കുറ്റപ്പെടുത്തി.

കെഎസ്ആര്‍ടിസി തൊഴിലാളി യൂണിയനുകളുമായുള്ള പ്രശ്നങ്ങള്‍ രമ്യമായി പരിഹരിക്കാന്‍ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. സിംഗിള്‍ ഡ്യൂട്ടി പാറ്റേണ്‍ തൊഴിലാളികളെ ബോധ്യപ്പെടുത്തിയേ നടപ്പാക്കൂ. താന്‍ നടത്തിയ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ മുഖ്യമന്ത്രിയെ അറിയിച്ചതായും ആന്റണി രാജു പറഞ്ഞു.

കെഎസ്എഫ്ഇയുടെ തൃശൂര്‍ ആസ്ഥാനത്ത് ആദായനികുതി വകുപ്പിന്റെ ടിഡിഎസ് വിഭാഗം പരിശോധന നടത്തി. നിക്ഷേപകരില്‍ നിന്നും ടിഡിഎസ് പിടിക്കുന്നതില്‍ വീഴ്ചയുണ്ടോയെന്നാണ് പരിശോധിച്ചത്.

പി.സി ജോര്‍ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജിന്റെ വീട്ടില്‍ റെയ്ഡ്. ആക്രമിക്കപ്പെട്ട നടിക്കെതിരായ സൈബര്‍ പ്രചരണവുമായി ബന്ധപ്പെട്ടാണ് പരിശോധന. ദിലീപിന്റെ എതിര്‍ഭാഗം എന്ന് ചിന്തിപ്പിക്കാന്‍ വേണ്ടി ദിലീപിനെ പൂട്ടണം എന്ന പേരില്‍ ഉണ്ടാക്കിയ വാട്സ്ആപ് ഗ്രൂപ്പില്‍ ബി സന്ധ്യ അടക്കമുള്ള ഉന്നത ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍, മാധ്യമ പ്രവര്‍ത്തകര്‍ എന്നിവരും ഉണ്ട്.

സംസ്ഥാനത്ത് ഇന്ന് വ്യാപകമായി മഴപെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. കേരള- ലക്ഷദ്വീപ് തീരങ്ങളില്‍ 50 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യത. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ്.

കുന്നംകുളം കീഴൂരില്‍ അമ്മയെ കൊന്ന മകള്‍ ഇന്ദുലേഖ അച്ഛനേയും കൊല്ലാന്‍ ശ്രമിച്ചെന്നു പോലീസ്. അമ്മയുടേയും അച്ഛന്റേയും പേരിലുള്ള 14 സെന്റ് ഭൂമിയും വീടും കൈക്കലാക്കാനായിരുന്നു ശ്രമം. ഇരുവര്‍ക്കുമുള്ള ചായയില്‍ വിഷം ചേര്‍ത്തിരുന്നു. അമ്മ രുഗ്മിണി ചായ കുടിച്ചു. എന്നാല്‍ രുചി മാറ്റം തോന്നിയതിനാല്‍ അച്ഛന്‍ ചന്ദ്രന്‍ ചായ കുടിച്ചില്ല.

കോട്ടയം മാടപ്പളളിയില്‍ കെ റെയില്‍ വിരുദ്ധ സമരത്തിന് നേതൃത്വം നല്‍കിയതിന്റെ പേരില്‍ വീട്ടമ്മയുടെ പുരയിടത്തില്‍ കൃഷിയിറക്കാന്‍ അനുവദിക്കുന്നില്ലെന്ന് പരാതി. കൈതച്ചക്ക കൃഷി തടയാന്‍ നാട്ടുകാരില്‍ ചിലര്‍ ആസൂത്രിതമായി എതിര്‍പ്പ് ഉന്നയിച്ചെന്നാണ് ആരോപണം.

ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട പതിനാലുകാരിയെ പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍. കോഴിക്കോട് സ്വദേശി അജിത്താണ് പീഡനക്കേസില്‍ പിടിയിലായത്. മുക്കുപണ്ടം വെച്ച് താലി കെട്ടിയ ശേഷമായിരുന്നു ലോഡ്ജില്‍ കൊണ്ടുപോയി പീഡിപ്പിച്ചത്.

അട്ടപ്പാടിയില്‍ വീണ്ടും ശിശു മരണം. ഇലച്ചിവഴി ഊരിലെ ജ്യോതി മുരുകന്‍ ദമ്പതികളുടെ ഒരു വയസുള്ള ആണ്‍കുട്ടിയാണ് മരിച്ചത്. ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കോട്ടത്തറ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

തിരുവനന്തപുരം നഗരത്തില്‍ പട്ടാപ്പകല്‍ തോക്കു ചൂണ്ടി മോഷണത്തിനു ശ്രമിച്ച ഉത്തര്‍പ്രദേശ് സംഘം തലസ്ഥാനത്ത് വന്‍ മോഷണത്തിനു പദ്ധതിയിട്ടെന്നു റിപ്പോര്‍ട്ട്. ഇവര്‍ തുമ്പയിലും മോഷണം നടത്തിയിരുന്നു. പുതപ്പു വില്‍പനക്കാരായി നഗരം മുഴുവന്‍ സഞ്ചരിച്ച് ആളില്ലാത്ത വീടുകള്‍ കൊള്ളയടിക്കുകയാണ് ഇവരുടെ രീതിയെന്നും പോലീസ്.

യുവതിയെ തട്ടിക്കൊണ്ടു പോകാന്‍ വീട്ടിലെ കിടപ്പുമുറിയില്‍ ഒളിച്ചിരുന്ന പ്രതി പിടിയില്‍. കിളിമാനൂര്‍ പഴയകുന്നുമ്മേല്‍ ചെമ്പകശേരി അരുണ്‍ നിവാസില്‍ അരുണ്‍ (34) ആണ് പിടിയിലായത്. രഹസ്യ വിവരം ലഭിച്ചതിനെത്തുടര്‍ന്ന് പൊലീസ് യുവതിയുടെ വീട്ടില്‍ എത്തി ഇയാളെ പിടികൂടുകയായിരുന്നു.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ യുവാവിന് 62 വര്‍ഷം തടവ് ശിക്ഷ. ദേവികുളം ഗൂഡാറിലെ എസ്റ്റേറ്റില്‍ ആല്‍ബിനെ(27)യാണ് ഇടുക്കി ഫാസ്റ്റ് ട്രാക്ക് കോടതി ശിക്ഷിച്ചത്. 1,55,000 രൂപ പിഴ അടക്കുകയും വേണം. 2020 ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം.

വയനാട് കൃഷ്ണഗിരിയില്‍ അനധികൃതമായി മുറിച്ച ഈട്ടി മരങ്ങള്‍ റവന്യൂ വകുപ്പ് കസ്റ്റഡിയിലെടുത്തു. ബത്തേരി തഹസില്‍ദാരുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ തുടര്‍ നടപടികള്‍ ഉണ്ടാകുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

നൂറു കോടി രൂപ വിലയുള്ള എയര്‍ബസ് എച്ച് 145 എന്ന ആഡംബര ഹെലികോപ്റ്റര്‍ മലയാളി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എം.എ യൂസഫലി സ്വന്തമാക്കി. ആര്‍പി ഗ്രൂപ്പ് ഓഫ് കമ്പനികളുടെ ചെയര്‍മാന്‍ രവി പിള്ളയാണ് ഈ ആഡംബര ഹെലികോപ്റ്റര്‍ സ്വന്തമാക്കിയ ആദ്യ ഇന്ത്യക്കാരന്‍.

ഡല്‍ഹിയിലെ ആം ആദ്മി പാര്‍ട്ടി എംഎല്‍എമാരുടെ ഫോണുകള്‍ കേന്ദ്ര സര്‍ക്കാര്‍ പ്രവര്‍ത്തനരഹിതമാക്കിയെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ബിജെപി ‘ഓപ്പറേഷന്‍ താമര’യ്ക്കുള്ള നീക്കത്തിനായാണ് ഫോണ്‍ ബന്ധം വിച്ഛേദിച്ചത്. രാവിലെ നടത്താനിരുന്ന യോഗത്തിലേക്ക് എംഎല്‍എമാരെ വിളിക്കാനായില്ലെന്നും അദ്ദേഹം പറഞ്ഞു. പിളര്‍ത്തിയാല്‍ മുഖ്യമന്ത്രി പദം ബിജെപി വാഗ്ദാനംചെയ്തെന്ന് സിസോദിയ ആരോപിച്ചിരുന്നു.

രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്കു വന്നേക്കും. അദ്ധ്യക്ഷ സ്ഥാനത്തേക്കില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് രാഹുല്‍ഗാന്ധി. ചികിത്സയ്ക്കായി വിദേശത്തേക്കു പോകുന്ന സോണിയാ ഗാന്ധി ഗെഹ്ലോട്ടിനോട് അധ്യക്ഷ സ്ഥാനം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടെന്നാണ് സൂചന.

അഞ്ച് ഫോണുകളില്‍ ഇസ്രയേലിന്റെ ചാര സോഫ്റ്റ് വെയറായ പെഗാസസ് കണ്ടെത്തിയെന്ന് സുപ്രീംകോടതി നിയോഗിച്ച അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ട്. എന്നാല്‍ തെളിവില്ലെന്നും ജസ്റ്റിസ് ആര്‍ വി രവീന്ദ്രന്‍ അധ്യക്ഷനായ സമിതി സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് നല്കി. കേന്ദ്ര സര്‍ക്കാര്‍ അന്വേഷണത്തോട് സഹകരിച്ചില്ലെന്നും നിരീക്ഷണം ചെറുക്കാന്‍ നിയമനിര്‍മ്മാണം വേണമെന്നും സമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പഞ്ചാബ് സന്ദര്‍ശനത്തിനിടെ ഉണ്ടായ സുരക്ഷാ വീഴ്ച ഗുരുതരമാണെന്ന് റിപ്പോര്‍ട്ട്. സുരക്ഷാവീഴ്ച സംബന്ധിച്ച് അന്വേഷിക്കാന്‍ സുപ്രീംകോടതി നിയോഗിച്ച ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര സമിതി റിപ്പോര്‍ട്ട് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചു. ഫിറോസ്പൂര്‍ എസ്എസ്പിക്ക് ഗുരുതര വീഴ്ച സംഭവിച്ചതായും റിപ്പോര്‍ട്ടില്‍ പറഞ്ഞു.

ടീസ്റ്റ സെതല്‍വാദിന്റെ ജാമ്യാപേക്ഷ ചൊവ്വാഴ്ചത്തേക്കു മാറ്റി. ഗുജറാത്ത് സര്‍ക്കാരിന്റെ വിശദീകരണം ശനിയാഴ്ചയ്ക്കകം വേണമെന്നു സുപ്രീം കോടതി നിര്‍ദേശിച്ചു. ഗുജറാത്ത് കലാപക്കേസില്‍ വ്യാജ തെളിവുണ്ടാക്കിയെന്ന് ആരോപിച്ചാണ് ടീസ്റ്റ സെതല്‍വാദിനെ അറസ്റ്റു ചെയ്തത്.

ഗുജറാത്ത് കലാപത്തിനിടെ ബില്‍ക്കിസ് ബാനു കൂട്ട ബലാത്സംഗ- കൂട്ടക്കൊലകേസിലെ പ്രതികളെ ജയില്‍ മോചിതരാക്കിയതിനെതിരായ ഹര്‍ജികളില്‍ ഗുജറാത്ത് സര്‍ക്കാരിന് സുപ്രീം കോടതിയുടെ നോട്ടീസ്. പ്രതികളെ വിട്ടയച്ചതില്‍ വേണ്ടത്ര ആലോചനയുണ്ടായോയെന്നു പരിശോധിക്കുമെന്ന് ചീഫ് ജസ്റ്റിസ് എന്‍വി രമണ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

ഇറക്കുമതി-കയറ്റുമതി വിവരങ്ങള്‍ അനധികൃതമായി പ്രസിദ്ധീകരിക്കുന്നത് കോമ്പൗണ്ടബിള്‍ കുറ്റമാക്കി കേന്ദ്ര സര്‍ക്കാര്‍. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്ട് ടാക്‌സസ് ആന്‍ഡ് കസ്റ്റംസ് വിജ്ഞാപനമനുസരിച്ച് രാജ്യത്തെ കയറ്റുമതി ഇറക്കുമതി വിവരങ്ങള്‍ പുറത്തുവിടുന്നത് കുറ്റകൃത്യമാണ്.

കര്‍ണാടകയിലെ തുംകൂരുവില്‍ ട്രക്കുമായി വാന്‍ കൂട്ടിയിടിച്ച് മൂന്നു കുട്ടികള്‍ ഉള്‍പ്പെടെ ഒമ്പതു പേര്‍ മരിച്ചു. 13 പേര്‍ക്ക് പരിക്കേറ്റു. ദേശീയപാതയില്‍ കളംബെല്ലയ്ക്ക് സമീപം പുലര്‍ച്ചെ നാല് മണിയോടെയാണ് അപകടം. തൊഴിലാളികളും കുട്ടികളുമാണ് മരിച്ചത്.

ദൗര്‍ഭാഗ്യം നീക്കാനുള്ള പൂജകള്‍ക്കു എത്തിയ പെണ്‍കുട്ടിയെ കര്‍ണാടകത്തിലെ ആള്‍ദൈവം അഞ്ചു വര്‍ഷമായി മയക്കുമരുന്നു നല്‍കി പീഡിപ്പിച്ചെന്ന് കേസ്. കര്‍ണാടകയിലെ അവലഹള്ളി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അനന്തമൂര്‍ത്തി എന്ന ആള്‍ദൈവത്തിനും ഭാര്യ ലതയ്ക്കും എതിരെയാണ് പൊലീസ് കേസെടുത്തത്. ഭാര്യ ലത ബലാല്‍സംഗത്തിന്റെ ഫോട്ടോയും വീഡിയോയും പകര്‍ത്തി. ഇരുവരും ചേര്‍ന്ന് സ്വത്തും കൈക്കലാക്കിയെന്നാണു പരാതിയില്‍ പറയുന്നത്. പ്രതികള്‍ ഒളിവിലാണെന്നു പോലീസ്.

യുക്രൈന്‍ സ്വാതന്ത്ര്യ ദിനത്തില്‍ റെയില്‍വേ സ്റ്റേഷനില്‍ റഷ്യ മിസൈലാക്രമണം നടത്തിയെന്ന് പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കി. കിഴക്കന്‍ യുക്രെയ്നിലെ ആക്രമണത്തില്‍ 22 പേര്‍ കൊല്ലപ്പെട്ടു. ഒരു പാസഞ്ചര്‍ ട്രെയിനിന് തീപിടിച്ചു. ആക്രമണത്തില്‍ അമ്പതോളം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

ഇന്ത്യന്‍ ക്രിക്കറ്റ് താരം ശുഭ്മാന്‍ ഗില്ലും ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റ് ടീം ഗ്ലാമോര്‍ഗനിലേക്ക്. വെസ്റ്റ് ഇന്‍ഡീസിനും സിംബാബ്വേക്കും എതിരായ പരമ്പരകളിലെ മാന്‍ ഓഫ് ദ് സീരീസ് പുരസ്‌കാരത്തിന്റെ തിളക്കവുമായാണ് ഗില്‍ ഗ്ലാമോര്‍ഗനിലെത്തുന്നത്. ഈ സീസണില്‍ കൗണ്ടി ക്രിക്കറ്റിലെത്തുന്ന ഏഴാമത്തെ ഇന്ത്യന്‍ താരമാണ് ശുഭ്മാന്‍ ഗില്‍.

2016ലെ നോട്ട് അസാധുവാക്കലിന് പിന്നാലെയാണ് ഇന്ത്യയില്‍ ഡിജിറ്റല്‍ പണമിടപാടുകള്‍ക്ക് സ്വീകാര്യത ഏറിയത്. മൊബൈല്‍ഫോണ്‍ വഴി ഫീസില്ലാതെ ഉടനടി പണം കൈമാറാവുന്ന യൂണിഫൈഡ് പേമെന്റ്‌സ് ഇന്റര്‍ഫേസ് (യു.പി.ഐ) സൗകര്യം കേന്ദ്രം അവതരിപ്പിക്കുകയും ചെയ്തതോടെ ഇടപാടുകള്‍ കുതിച്ചുമുന്നേറി. ഗൂഗിള്‍ പേ, ആമസോണ്‍ പേ, പേടിഎം, ഫോണ്‍പേ തുടങ്ങിയവ പ്രവര്‍ത്തിക്കുന്ന സാങ്കേതികവിദ്യയാണ് യു.പി.ഐ. 2019 ഒക്ടോബറില്‍ പ്രതിമാസ യു.പി.ഐ ഇടപാടുകള്‍ ആദ്യമായി 100 കോടി പിന്നിട്ടു. കഴിഞ്ഞ ഏപ്രിലില്‍ ഇടപാടുകള്‍ 500 കോടിയായി. കഴിഞ്ഞമാസം നടന്നത് 630 കോടി ഇടപാടുകള്‍; കൈമാറ്റം ചെയ്യപ്പെട്ടത് 10.6 ലക്ഷം കോടി രൂപയും.

മുത്തൂറ്റ് ഫിനാന്‍സില്‍ ഉപഭോക്താക്കള്‍ക്കായി മില്ലിഗ്രാം ഗോള്‍ഡ് പദ്ധതിക്ക് തുടക്കമായി. മുത്തൂറ്റ് ഗ്രൂപ്പുമായി നടത്തുന്ന ഓരോ ഇടപാടിനും ഉപഭോക്താവിന് കുറഞ്ഞത് ഒരു മില്ലിഗ്രാം സ്വര്‍ണം ലഭിക്കും. ഗ്രൂപ്പിന്റെ 33 സേവനങ്ങള്‍ക്ക് പദ്ധതി ബാധകമാണ്. മുത്തൂറ്റുമായുള്ള എല്ലാവിധ ക്രയവിക്രയങ്ങള്‍ക്കും സ്വര്‍ണവായ്പ എടുക്കുന്നവരും പലിശ അടയ്ക്കുന്നവരും പദ്ധതിയുടെ ഗുണഭോക്താക്കളാകും. കഴിഞ്ഞ ഏപ്രില്‍ ഒന്നുമുതല്‍ പദ്ധതിക്ക് മുന്‍കാലപ്രാബല്യവുമുണ്ട്. രണ്ടുവര്‍ഷം നീളുന്ന പദ്ധതിയില്‍ 24 കാരറ്റ് സ്വര്‍ണം റിവാര്‍ഡായി നല്‍കും. 50 കോടി രൂപ മൂല്യം വരുന്ന (100 കിലോഗ്രാം) സ്വര്‍ണം ഉപഭോക്താക്കള്‍ക്ക് നല്‍കും.

പുതിയ വെബ് സിരീസ് ദ് ലോര്‍ഡ് ഓഫ് ദ് റിംഗ്സ്: ദ് റിംഗ്സ് ഓഫ് പവറിന്റെ പുതിയ ട്രെയ്ലര്‍ പുറത്തെത്തി. രണ്ട് മിനിറ്റും 36 സെക്കന്‍ഡും ദൈര്‍ഘ്യമുള്ള പുതിയ ട്രെയിലര്‍ മിഡില്‍ എര്‍ത്തിന്റെ രണ്ടാം യുഗത്തിലെ ഇതിഹാസ വ്യാപ്തി എടുത്തുകാണിക്കുന്നു. കൂടാതെ ടോള്‍കീന്റെ ഐതിഹാസികവും പ്രിയപ്പെട്ടതുമായ കഥാപാത്രങ്ങള്‍ വലിയ ദൂരങ്ങളില്‍ നിന്ന് എത്തി എല്ലാ പ്രതിബന്ധങ്ങള്‍ക്കെതിരെയും എങ്ങനെ ഒന്നിച്ചു ചേരുന്നു, മിഡില്‍ എര്‍ത്തിലെ തിന്മകള്‍ വീണ്ടും ഉയിര്‍ത്തെഴുന്നേല്‍ക്കുന്നതിനെ എങ്ങനെ പ്രതിരോധിക്കുന്നു എന്നും വെളിപ്പെടുത്തുന്നു. ലോര്‍ഡ് ഓഫ് ദ് റിംഗ്സ് ആരാധകര്‍ ദീര്‍ഘനാളായി കാത്തിരുന്ന പുതിയ സീരീസിന്റെ ഈ കാഴ്ചയില്‍, വരാനിരിക്കുന്ന തിന്മയുടെ നേരെ വ്യത്യസ്ത കഥാപാത്രങ്ങള്‍ ഏറ്റുമുട്ടുകയും തങ്ങളുടെ വിധി പരീക്ഷിക്കുകയും ചെയ്യുകയാണ്.

അക്ഷയ് കുമാര്‍ നായകനാവുന്ന കട്പുട്ലിയിലെ വീഡിയോ ഗാനം പുറത്തെത്തി. സാഥിയാ എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നതും സംഗീതം പകര്‍ന്നിരിക്കുന്നതും തനിഷ്‌ക് ബാഗ്ചി. സാറ എസ് ഖാനും നിഖില്‍ ഡിസൂസയും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. രഞ്ജിത്ത് എം തിവാരിയാണ് കട്പുട്ലിയുടെ സംവിധാനം. ഹിമാചല്‍ പ്രദേശിലെ കസൗളി കഥാ പശ്ചാത്തലമാക്കുന്ന ചിത്രം മൂന്ന് കൊലപാതകങ്ങള്‍ നടത്തിയ ഒരു സീരിയല്‍ കില്ലറിനെ തേടി ഒരു പൊലീസ് ഓഫീസര്‍ നടത്തുന്ന അന്വേഷണമാണ്. അക്ഷയ് കുമാര്‍ പൊലീസ് ഓഫീസറെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ മലയാളി നടന്‍ സുജിത്ത് ശങ്കര്‍ ആണ് ചിത്രത്തില്‍ പരമ്പര കൊലപാതകിയെ അവതരിപ്പിക്കുന്നത്. ഇതിനകം തമിഴിലും അഭിനയിച്ചിട്ടുള്ള സുജിത്തിന്റെ ബോളിവുഡ് അരങ്ങേറ്റമാണ് കട്പുട്ലി.

ജാപ്പനീസ് വാഹനബ്രാന്‍ഡായ ടൊയോട്ട ഇന്ത്യ ഏറ്റവും പുതിയ ലാന്‍ഡ് ക്രൂയിസര്‍ എല്‍സി300ന്റെ ബുക്കിംഗ് സ്വീകരിച്ചു തുടങ്ങി. 10 ലക്ഷം രൂപയാണ് വാഹനത്തിനുള്ള ബുക്കിംഗ് തുകയായി നിശ്ചയിച്ചിരിക്കുന്നത്. പുതിയ ലാന്‍ഡ്ക്രൂയിസര്‍ എല്‍സി300 ഇതിനകം തന്നെ പല വിദേശ വിപണികളിലും വില്‍പ്പനയ്ക്കുണ്ട്. മാത്രമല്ല വാഹനത്തിന് ഉയര്‍ന്ന ഡിമാന്‍ഡ് കാരണം നീണ്ട കാത്തിരിപ്പ് കാലയളവും ഉണ്ട്. ചില രാജ്യാന്തര വിപണികളില്‍ മൂന്നുമുതല്‍ വര്‍ഷം വരെയാണ് കാത്തിരിപ്പ്. അതുകൊണ്ട് തന്നെ ഇന്ത്യയിലെ ഡെലിവറികള്‍ക്ക് ഒരു വര്‍ഷത്തില്‍ കൂടുതല്‍ സമയമെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പുതിയ എല്‍സി300, അതിന്റെ മുന്‍ഗാമിയായ എല്‍സി200 പോലെ, പൂര്‍ണ്ണമായും ഇറക്കുമതി ചെയ്ത യൂണിറ്റായി ഇന്ത്യയില്‍ വില്‍ക്കും.

ഹരോള്‍ഡ് റോബിന്‍സിന്റെ ബെസ്റ്റി എന്ന നോവലിന്റെ മലയാള പരിഭാഷ അമേരിക്കന്‍ ഓട്ടോമൊബൈല്‍ രംഗത്തെ കിടമത്സരങ്ങളിലൂടെയും സ്വതന്ത്രരതിയുടെയും സ്ഫോടനാത്മക രംഗങ്ങളിലൂടെയും മുന്നേറുന്ന മനുഷ്യബന്ധങ്ങളിലെ വാത്സല്യം പ്രണയം കാമം എന്നിവയുടെ ഇഴയയടുപ്പം കൊണ്ട് വായനക്കാരെ ആവേശംകൊള്ളിക്കുന്ന കൃതി. ‘പ്രണയിനി’. എന്‍ മൂസക്കുട്ടി. ഒലീവ് പബ്ളിക്കേഷന്‍സ്. വില 560 രൂപ.

ചില അവശ്യ പോഷണങ്ങളും ഭക്ഷണങ്ങളും പതിവാക്കുന്നത് ആയുര്‍ദൈര്‍ഘ്യത്തെ ഗണ്യമായി സ്വാധീനിക്കുമെന്ന് ഗവേഷണങ്ങള്‍ പറയുന്നു. പുതിയ രക്തക്കുഴലുകള്‍ ഉണ്ടാക്കാനുള്ള ശരീരത്തിന്റെ ശേഷി മുറിവുകള്‍ ഉണക്കുന്നതിലും കോശവളര്‍ച്ച നിയന്ത്രിക്കുന്നതിലും നിര്‍ണായകമാണ്. ഇത് സംഭവിക്കാതിരിക്കുന്നത് കാന്‍സര്‍ കോശങ്ങളുടെയും മറ്റ് ഗൗരവപ്പെട്ട രോഗങ്ങളുടെയും വളര്‍ച്ചയ്ക്ക് കാരണമാകാം. അര്‍ബുദ കോശങ്ങളെ അകറ്റി നിര്‍ത്താനും ഹൃദയാരോഗ്യം നിലനിര്‍ത്താനും സോയ, ബ്ലാക് റാസ്ബെറി, തക്കാളി, ചായ പോലുള്ളവ ദിവസവും കഴിക്കുന്നതാണ് ഏഷ്യക്കാരില്‍ പൊതുവേ സ്തനാര്‍ബുദം പോലുള്ള അര്‍ബുദങ്ങളുടെ തോത് കുറഞ്ഞിരിക്കാന്‍ കാരണമെന്ന് വിദഗ്ധര്‍ പറയുന്നു. കോശസംയുക്തങ്ങളുടെ കേടുപാടുകള്‍ തീര്‍ത്ത് അവയെ പുനരുജ്ജീവിപ്പിക്കുകയെന്ന ജോലി നിര്‍വഹിക്കുന്നത് ജനിതക കോശങ്ങളാണ്. അവയവങ്ങള്‍, മജ്ജ, കരള്‍, ശ്വാസകോശം, വയര്‍ എന്നിങ്ങനെ ശരീരത്തിന്റെ പല ഭാഗത്ത് ജനിതക കോശങ്ങള്‍ കാണപ്പെടുന്നു. മീന്‍, മീനെണ്ണ, ഫ്ളവനോയ്ഡ് സമ്പന്നമായ ഡാര്‍ക്ക് ചോക്ലേറ്റ്, കട്ടന്‍ ചായ, ബിയര്‍, റെഡ് വൈന്‍, മാങ്ങ, ഒലീവ് എണ്ണ തുടങ്ങിയ ഭക്ഷണങ്ങള്‍ ജനിതക കോശങ്ങളുടെ കാര്യക്ഷമമായ പ്രവര്‍ത്തനത്തെ സഹായിക്കുന്നു. ആന്റി ഓക്സിഡന്റുകള്‍ ധാരാളം അടങ്ങിയ ഭക്ഷണവിഭവങ്ങള്‍ ഡിഎന്‍എ കളുടെ ആരോഗ്യം നിലനിര്‍ത്താനും കോശങ്ങള്‍ പ്രായമാകുന്നത് മന്ദഗതിയിലാക്കാനും സഹായിക്കുന്നു. ചീര, കെയ്ല്‍, കാരറ്റ്, ബ്രക്കോളി, ഓറഞ്ച്, ബെറി പഴങ്ങള്‍, മുട്ട, പയര്‍ വര്‍ഗങ്ങള്‍, മത്തി, ആല്‍മണ്ട്, ഫ്ളാക്സ് വിത്തുകള്‍, മത്തങ്ങ വിത്തുകള്‍, കാപ്പി, ചായ, സോയ, മഞ്ഞള്‍ എന്നിവയെല്ലാം ആന്റി ഓക്സിഡന്റ് സവിശേഷതകളുള്ള വൈറ്റമിന്‍ എ, സി, ഡി, ഇ, ബീറ്റ കരോട്ടിന്‍, ലൈകോപേന്‍, ലൂട്ടേന്‍, സെലീനിയം എന്നിവ അടങ്ങിയതാണ്. വയറും കുടലുകളുമെല്ലാം ആരോഗ്യത്തോടെ ഇരിക്കുന്നത് ദീര്‍ഘായുസ്സിന് വളരെ പ്രധാനമാണ്. റിഫൈന്‍ ചെയ്ത പഞ്ചസാര, കൃത്രിമ മധുരങ്ങള്‍ തുടങ്ങിയവ ഭക്ഷണത്തില്‍ നിന്ന് നീക്കം ചെയ്യുന്നത് വയറിലെ ഉപകാരികളായ സൂക്ഷ്മജീവികള്‍ ആരോഗ്യത്തോടെ ഇരിക്കാന്‍ സഹായിക്കും. കിവിപഴം, ഡാര്‍ക് ചോക്ലേറ്റ്, ഫൈബര്‍ സമ്പന്നമായ ബീന്‍സുകള്‍, പുളിപ്പിച്ച ഭക്ഷണമായ കിംചി, യോഗര്‍ട്ട്, കേഫിര്‍ എന്നിവയെല്ലാം ഇക്കാര്യത്തില്‍ സഹായകമാണ്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *