web cover 56

◼️സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ‘ഹര്‍ ഘര്‍ തിരംഗ’യുമായി രാജ്യത്തെ അനേകായിരം വീടുകളില്‍ ദേശീയ പതാക ഉയര്‍ത്തി. 20 കോടിയിലധികം വീടുകള്‍ക്ക് മുകളില്‍ ത്രിവര്‍ണ പതാക ഉയര്‍ത്തും. മന്ത്രിമാരും സാംസ്‌കാരിക, രാഷ്ട്രീയ നായകരും മുതല്‍ സാധാരണക്കാര്‍ വരെ വീട്ടിലുയര്‍ത്തിയ പതാകയുമൊത്ത് സെല്‍ഫിയെടുത്ത് സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നുമുണ്ട്.

◼️പ്ലസ് വണ്‍ പ്രവേശനത്തിനുള്ള രണ്ടാംഘട്ട അലോട്ട്മെന്റ് നാളെ. 16, 17 തീയതികളില്‍ പ്രവേശനം. അവസാന അലോട്ട്മെന്റ് 22 ന് പ്രസിദ്ധീകരിക്കും. 22, 23, 24 തീയതികളിലായി പ്ലസ് വണ്‍ പ്രവേശനം പൂര്‍ത്തിയാക്കും. ഈ മാസം 25ന് പ്ലസ് വണ്‍ ക്ലാസുകള്‍ ആരംഭിക്കും. ആദ്യഘട്ടത്തില്‍ പ്രവേശനം നേടിയത് 2,13,532 വിദ്യാര്‍ത്ഥികളാണ്. ഇതില്‍ സ്ഥിരം പ്രവേശനം നേടിയത് 1,19,475 പേരും താത്കാലിക പ്രവേശനം നേടിയത് 94,057 പേരുമാണ്.

◼️

മുഖ്യമന്ത്രിയുടെ പൊലീസ് മെഡല്‍ 261 പൊലീസ് ഉദ്യോഗസ്ഥര്‍ക്ക്. വ്യവസായ മന്ത്രി പി രാജീവിനെ വട്ടംചുറ്റിച്ചെന്ന് ആരോപിച്ച് സസ്പെന്‍ഡ് ചെയ്ത ഗ്രേഡ് എസ്ഐ എസ്.എസ് സാബു രാജനും മെഡലിന് അര്‍ഹനായി. വാഹനത്തിരക്കും കുഴികളുമുള്ള റോഡിനുപകരം നല്ല റോഡിലൂടെ മന്ത്രിയെ കൊണ്ടുപോയതിനാണ് റൂട്ടു മാറ്റിയെന്ന് ആരോപിച്ച് ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തതെന്ന് പോലീസില്‍ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

*_KSFE_ GOLD LOAN*

*മനുഷ്യപ്പറ്റുള്ള ഗോള്‍ഡ് ലോണ്‍*

നിങ്ങളുടെ അടിയന്തിര സാമ്പത്തിക ആവശ്യങ്ങള്‍ക്ക് *_KSFE_* നല്‍കുന്നു സ്വര്‍ണ പണയ വായ്പ. മിതമായ പലിശ നിരക്കില്‍ ലളിതമായ നടപടിക്രമങ്ങളിലൂടെ 25 ലക്ഷം രൂപ വരെ പ്രതിദിനം നിങ്ങള്‍ക്ക് നേടാം. 12 മാസത്തെ വായ്പാ കാലയളവില്‍ നിശ്ചിത പലിശ അടച്ചതിന് ശേഷം ഒരു വര്‍ഷത്തേക്ക് വായ്പ പുതുക്കാന്‍ കഴിയും, കൂടാതെ പരമാവധി 36 മാസം വരെ ഈ സൗകര്യം ഉപയോഗിക്കാം. *കൂടുതല്‍ വിവരങ്ങള്‍ക്ക് : www.ksfe.com*

◼️കോണ്‍ഗ്രസും ബിജെപിയും എതിര്‍ത്താലും ജനങ്ങളോടുള്ള പ്രതിബദ്ധതയുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബഹുജനങ്ങള്‍ സിപിഎമ്മിന്റെ മേന്മ മനസിലാക്കി പിന്തുണയ്ക്കുന്നുണ്ട്. കിഫ്ബിയെ തകര്‍ത്ത് കേരളത്തിലെ വികസനം തടയാനാണ് എന്‍ഫോഴ്സ്മെന്റിന്റെ ശ്രമമെന്നും അദ്ദേഹം കൊല്ലത്ത് ആരോപിച്ചു.

◼️പണം തന്നാല്‍ ദേശീയപാതകളിലെ കുഴിയടയ്ക്കാന്‍ സംസ്ഥാനത്തെ പൊതുമരാമത്ത് വകുപ്പു തയാറാണെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. പിഡബ്ല്യുഡിക്കു കീഴിലെ ദേശീയപാത വിഭാഗം കുഴിയടയ്ക്കാന്‍ സന്നദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു.

◼️കെ.ടി. ജലീലിന്റെ ‘ആസാദ് കാഷ്മീര്‍’ പരാമര്‍ശം രാജ്യദ്രോഹപരമാണെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി. ‘ആസാദ് കാഷ്മീര്‍’എന്ന് ഡബിള്‍ ഇന്‍വെര്‍ട്ടഡ് കോമയിലാണ് എഴുതിയതെന്ന് കെ.ടി. ജലീല്‍. ഇന്‍വെര്‍ട്ടഡ് കോമയുടെ അര്‍ത്ഥം മനസിലാക്കാന്‍ കഴിയാത്തവരോട് സഹതാപമെന്നും ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

◼️കോഴിക്കോട് കോര്‍പറേഷന്‍ നടപ്പാക്കുന്ന മലിനജല സംസ്‌കരണ പദ്ധതിയില്‍ ക്രമക്കേടുണ്ടെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട്. ആവിക്കല്‍തോടിലും കോതിയിലും മലിനജല സംസ്‌കരണ പദ്ധതിക്കായി 25 ലക്ഷം രൂപ അധികതുക ക്വോട്ടു ചെയ്ത റാംബയോളജിക്കല്‍സ് എന്ന കണ്‍സള്‍ട്ടന്‍സിയെ തെരഞ്ഞെടുത്തത് ചട്ടവിരുദ്ധമെന്നാണ് കണ്ടെത്തല്‍.

*ജോയ്ആലുക്കാസ് വിശേഷങ്ങള്‍*

ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും പ്രയോജനപ്പെടുത്താവുന്നതാണ്.

◼️ലിംഗ സമത്വ യൂണിഫോമിനെതിരേ പ്രചാരണം ശക്തമാക്കുമെന്നു സമസ്ത. നിരീശ്വര വാദം വളര്‍ത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു എന്ന രീതിയിലാണു പ്രചാരണം. ഇതിനായി ഖതീബുമാര്‍ക്ക് പ്രത്യേക പഠന ക്ളാസ് നല്‍കാനും തീരുമാനിച്ചു.

◼️ലിംഗസമത്വ യൂണിഫോം അടിച്ചേല്പിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഇതു സംബന്ധിച്ച സമരത്തില്‍ നിന്ന് പിന്തിരിയണം. സര്‍ക്കാര്‍ നിലപാട് സംശയങ്ങള്‍ക്ക് ഇടയില്ലാത്തതാണെന്നും മന്ത്രി പറഞ്ഞു.

◼️വിഴിഞ്ഞം തുറമുഖ നിര്‍മാണംമൂലം പ്രതിസന്ധിയിലായെന്ന് ആരോപിച്ച് സംസ്ഥാന സര്‍ക്കാരിനെതിരെ തിരുവന്തപുരത്ത് ലത്തീന്‍ സഭ പ്രതിഷേധിക്കുന്നതിനിടെ കൊല്ലത്ത് കേന്ദ്ര സര്‍ക്കാരിനെതിരേ മത്സ്യത്തൊഴിലാളികളെ അണിനിരത്തുന്ന പ്രക്ഷോഭവുമായി സിഐടിയു. ഇന്ന് വൈകിട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്ന പരിപാടിയില്‍ കാല്‍ ലക്ഷത്തോളം മത്സ്യത്തൊഴിലാളികളെ പങ്കെടുപ്പിക്കും.

◼️ഐ.ടി.ഐകളെ നൈപുണ്യ വികസന കേന്ദ്രങ്ങളാക്കി മാറ്റുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം ധനുവച്ചപുരം ഗവണ്‍മെന്റ് ഐ.ടി.ഐയെ അന്തര്‍ദേശീയ നിലവാരത്തിലുള്ള സംസ്ഥാനത്തെ ആദ്യ ഐ.ടി.ഐ ആക്കി ഉയര്‍ത്തുന്നതിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

◼️സീറോ മലബാര്‍ സഭ അങ്കമാലി അതിരൂപതാ കാര്യാലയത്തില്‍ വിമതര്‍ അതിക്രമിച്ചു കയറി ആര്‍ച്ച് ബിഷപ്പ് ആന്‍ഡ്രൂസ് താഴത്തിന്റെ കാലു തല്ലിയൊടിക്കുമെന്ന് ഭീഷണിപ്പെടുത്തി. ബിഷപ്പിനെ വളഞ്ഞുവച്ച് ഏറെസമയം അധിക്ഷേപിച്ചതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍. ആര്‍ച്ച്ബിഷപ് സമചിത്തതയോടെ അധിക്ഷേപങ്ങളെല്ലാം ശ്രവിക്കുന്നതും വീഡിയോയില്‍ കാണാം. വിമത മെത്രാന്‍ ആന്റണി കരിയിലിനെ മാറ്റിയാണ് മാര്‍പാപ്പ മാര്‍ ആന്‍ഡ്രൂസ് താഴത്തിനെ അഡ്മിനിസ്ട്രേറ്ററായി നിയമിച്ചത്. ഇതിനെതിരേ വിമത വൈദികര്‍ കഴിഞ്ഞ ദിവസം ജാഥ നടത്തിയിരുന്നു.

◼️സ്വര്‍ണക്കടത്തിലെ കള്ളപ്പണ കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സ്ഥലം മാറ്റി. ജോയിന്റ് ഡയറക്ടര്‍ രാധാകൃഷ്ണനെ ചെന്നൈയിലേക്കാണു മാറ്റിയത്. പകരം ഉദ്യോഗസ്ഥനെ നിയമിച്ചിട്ടില്ല. സ്വപ്ന സുരേഷിന്റെ രഹസ്യ മൊഴിയില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് മാറ്റം.

◼️ആലപ്പുഴ അര്‍ത്തുങ്കലില്‍ കടലില്‍ കുളിക്കാനിറങ്ങി കാണാതായ വിദ്യാര്‍ത്ഥികളില്‍ രണ്ടാമത്തെയാളുടെ മൃതദേഹവും കിട്ടി. ചേര്‍ത്തല കടക്കരപ്പള്ളി നികര്‍ത്തില്‍ മുരളീധരന്റെ മകന്‍ ശ്രീഹരിയാണ് മരിച്ചത്. കാണാതായ കടക്കരപ്പള്ളി കൊച്ചുകരിയില്‍ കണ്ണന്റെ മകന്‍ വൈശാഖിന്റെ മൃതദേഹം ഇന്നലെ വൈകിട്ട് കണ്ടെത്തിയിരുന്നു.

◼️കോണ്‍ക്രീറ്റ് മിശ്രിതം നിറച്ച റെഡിമിക്സ് ലോറി കയറ്റത്തില്‍നിന്ന് പിന്നോട്ടു പോയി റോഡരികിലെ വീടിനു മുകളിലേക്കു മറിഞ്ഞു. വീട്ടിലുണ്ടായിരുന്ന വീട്ടമ്മ ഓടി മാറിയതിനാല്‍ രക്ഷപ്പെട്ടു. കോണ്‍ക്രീറ്റ് മിശ്രതം വീട്ടില്‍ നിറഞ്ഞു. വീടിന്റെ നടുത്തളം തകര്‍ന്നു.

◼️എറണാകുളം കലൂരില്‍ കെഎസ്ആര്‍ടിസി ബസ് സ്വകാര്യ ബസ് ജീവനക്കാര്‍ തല്ലിത്തകര്‍ത്തു. സംഭവത്തില്‍ മൂന്നു പേരെ പോലീസ് അറസ്റ്റു ചെയ്തു. കെഎസ്ആര്‍ടിസി ബസിന്റെ ഇടതുവശത്തുകൂടി ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ ഉരഞ്ഞതാണ് അക്രമത്തിനു കാരണം.

◼️തിരുവനന്തപുരം കാട്ടാക്കടയില്‍ യുവമോര്‍ച്ച പ്രാദേശിക നേതാവ് സിദ്ധാര്‍ത്ഥിന്റെ വീട്ടില്‍ നിര്‍ത്തിയിട്ട നാലു വാഹനങ്ങള്‍ക്ക് തീയിട്ടു. നാട്ടുകാര്‍ ചേര്‍ന്ന് തീ അണച്ചു. ഈയിടെ തൃശൂരില്‍നിന്ന് മോഷണം പോയ ബൈക്ക് തീപിടുത്തം നടന്ന സ്ഥലത്തിനടുത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. കാട്ടാക്കട പൂവച്ചലിലാണ് സംഭവം.

◼️വടകരയില്‍ ജയില്‍ ചാടിയ പ്രതി തിരികേ ജയിലിലെത്തി കീഴടങ്ങി. താമരശേരി നെരോത്ത് എരവത്ത് കണ്ടി മീത്തല്‍ വീട്ടില്‍ എന്‍ ഫഹദ് ആണ് കീഴടങ്ങിയത്. ജയില്‍ അധികൃതര്‍ അറിയിച്ചതിനെത്തുടര്‍ന്ന് പൊലീസ് എത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. ഇക്കഴിഞ്ഞ പത്തിനാണ് ഇയാള്‍ ജയിലിലെ ശുചിമുറിയുടെ വെന്റിലേറ്ററിലൂടെ ജയില്‍ ചാടിയത്. ജൂണ്‍ ഏഴിന് അഴിയൂര്‍ എക്സൈസ് ചെക്ക് പോസ്റ്റില്‍ ആറു കിലോ കഞ്ചാവുമായി പിടിയിലായാണ് ജയിലില്‍ എത്തിയത്.

◼️കഴക്കൂട്ടം കുളത്തൂര്‍ ദേശീയപാതയില്‍ പൊലീസ് ജീപ്പ് ഡിവൈഡറില്‍ ഇടിച്ചു തലകീഴായി മറിഞ്ഞു. മൂന്നു പൊലീസുകാര്‍ക്ക് പരിക്കേറ്റു. ഇവരെ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

◼️കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് വീണ്ടും കൊവിഡ്. കൊവിഡാനന്തര ശാരീരിക പ്രശ്നങ്ങള്‍ തുടരുന്നതിനിടെയാണ് വീണ്ടും രോഗം സ്ഥിരീകരിച്ചത്. സോണിയ ഗാന്ധി വീട്ടില്‍ ഐസൊലേഷനിലായി. എഐസിസി ജനറല്‍ സെക്രട്ടറി ജയറാം രമേശാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. മകള്‍ പ്രിയങ്ക ഗാന്ധിക്ക് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു. രാഹുല്‍ ഗാന്ധിയും വീട്ടില്‍ നിരീക്ഷണത്തിലായി.

◼️ജനപ്രിയ വീഡിയോ പ്ലെയറായ വിഎല്‍സിക്ക് ഇന്ത്യയില്‍ നിരോധനം. സൈബര്‍ ആക്രമണത്തിന് ചൈനയുടെ പിന്തുണയുള്ള ഹാക്കിംഗ് ഗ്രൂപ്പായ സിക്കാഡ ഉപയോഗിക്കുന്ന പ്ലാറ്റ്‌ഫോമാണ് വിഎല്‍സി മീഡിയ പ്ലെയര്‍ എന്നാണ് ആരോപണം.

◼️ന്യൂയോര്‍ക്കില്‍ കുത്തേറ്റ പ്രശസ്ത ബ്രിട്ടീഷ് ഇന്ത്യന്‍ എഴുത്തുകാരന്‍ സല്‍മാന്‍ റഷ്ദിയുടെ ആരോഗ്യനില ഗുരുതരം. കരളിനു സാരമായി പരിക്കേറ്റ റഷ്ദി വെന്റിലേറ്ററിലാണ്. ഒരു കണ്ണിനു കാഴ്ച നഷ്ടപ്പെട്ടേക്കാമെന്നും റിപ്പോര്‍ട്ടുണ്ട്.

◼️സിംബാബ്വെയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ വി.വി.എസ് ലക്ഷ്മണ്‍ ഇന്ത്യയുടെ മുഖ്യ പരിശീലകനാകും. ഇന്ത്യന്‍ ടീമിന്റെ പരിശീലകനായ രാഹുല്‍ ദ്രാവിഡ് ഏഷ്യാ കപ്പിനുള്ള ടീമിനെ പരിശീലിപ്പിക്കുന്നതുകൊണ്ടാണ് പകരക്കാരനായി ലക്ഷ്മണിനെ തിരഞ്ഞെടുത്തത്.

◼️ഇന്ത്യയുടെ സ്റ്റാര്‍ ബൗളര്‍ ജസ്പ്രീത് ബുംറക്ക് ട്വന്റി 20 ലോകകപ്പ് നഷ്ടമായേക്കും. ബുംറയുടെ പുറം ഭാഗത്തേറ്റ പരിക്ക് ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.

◼️സെര്‍ബിയയുടെ ഇതിഹാസ താരം നൊവാക് ജോക്കോവിച്ചിന് വീണ്ടും തിരിച്ചടി. ഓഗസ്റ്റ് 29 ന് ആരംഭിക്കുന്ന യു.എസ്.ഓപ്പണ്‍ വാക്സിനെടുക്കാത്ത ജോക്കോക്ക് നഷ്ടമായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവിലെ സാഹചര്യത്തില്‍ അമേരിക്കയിലേക്ക് വാക്‌സിനെടുക്കാത്ത വിദേശികള്‍ക്ക് പ്രവേശനം നിഷേധിച്ചിരിക്കുകയാണ്.

◼️സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില ഉയര്‍ന്നു. ഇന്നലെയും സ്വര്‍ണവിലയില്‍ വര്‍ദ്ധനവുണ്ടായിരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന് 320 രൂപയാണ് ഇന്ന് ഉയര്‍ന്നത്. ഇന്നലെയും 320 രൂപ ഉയര്‍ന്നിരുന്നു. ഇതോടെ രണ്ട് ദിവസംകൊണ്ട് ആകെ ഉയര്‍ന്നത് 640 രൂപയാണ്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 38,520 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 40 രൂപ വര്‍ദ്ധിച്ചു. ഇന്നലെയും 40 രൂപ വര്‍ദ്ധിച്ചിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 4815 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 35 രൂപ വര്‍ദ്ധിച്ചു. ഇന്നലെയും 35 രൂപ വര്‍ദ്ധിച്ചിരുന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 3,985 രൂപയാണ്.

◼️നടപ്പുവര്‍ഷത്തെ ആദ്യപാദമായ ഏപ്രില്‍-ജൂണില്‍ എല്‍.ഐ.സി 682.88 കോടി രൂപ ലാഭം രേഖപ്പെടുത്തി. 2021ലെ സമാനപാദലാഭം 24.36 കോടി രൂപയായിരുന്നു. മൊത്തം പ്രീമിയം വരുമാനം 81,721 കോടി രൂപയില്‍ നിന്ന് 98,352 കോടി രൂപയിലെത്തി. മൊത്തം 36.81 ലക്ഷം വ്യക്തിഗത പോളിസികളാണ് കഴിഞ്ഞപാദത്തില്‍ എല്‍.ഐ.സി വിതരണം ചെയ്തത്. കഴിഞ്ഞവര്‍ഷത്തെ സമാനപാദത്തിലെ 23.07 ലക്ഷത്തേക്കാള്‍ 59.56 ശതമാനമാണ് വര്‍ദ്ധന. എല്‍.ഐ.സി കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തി (എ.യു.എം) 41.02 ലക്ഷം കോടി രൂപയാണ്. 2021 ജൂണ്‍പാദത്തില്‍ 38.13 ലക്ഷം കോടി രൂപയായിരുന്നു. എല്‍.ഐ.സിയുടെ ആദ്യവര്‍ഷ പ്രീമിയം വിപണിവിഹിതം 63.25 ശതമാനത്തില്‍ നിന്ന് 65.42 ശതമാനത്തിലേക്കും ഉയര്‍ന്നിട്ടുണ്ട്.

◼️ത്രില്ലര്‍ വിഭാഗത്തിലൊരുങ്ങുന്ന ഒരു മൈക്രോ വെബ് സീരീസാണ് ‘മി മൈസെല്‍ഫ് ആന്‍ഡ് ഐ’. അഹാന തന്റെ ഇന്‍സ്റ്റാഗ്രാം പേജിലൂടെ പുറത്തിറക്കിയ ഫസ്റ്റ് ലുക്ക് പോസ്റ്ററിനും നടന്‍ പൃഥ്വിരാജ് ഫേസ്ബുക്കിലൂടെ പ്രേക്ഷകരിലേക്ക് എത്തിച്ച ട്രെയിലറിനും ലഭിച്ചത് മികച്ച പ്രതികരണമാണ്. ആകെ ഏഴ് എപ്പിസോഡുകളുള്ള വെബ് സീരിസ്, എല്ലാ രാത്രിയും ഒരു കോഫി ഷോപ്പില്‍ കണ്ടുമുട്ടുന്ന മൂന്നുപേരുടെ കഥയാണ് സീരീസ് പറയുന്നത്. അവര്‍ക്കിടയില്‍ പ്രണയവും ജീവിതവും ഭാവിയും എല്ലാം ചര്‍ച്ചയാകുന്നുണ്ട്. ചെറിയ തമാശകളും, പ്രണയവുമെല്ലാം ചേര്‍ത്തൊരുങ്ങുന്ന ഒരു ത്രില്ലറാണ് ‘മി മൈസെല്‍ഫ് ആന്‍ഡ് ഐ’. സംവിധായകന്‍-അഭിലാഷ് സുധീഷ്. മീരാ നായരും നവാഗതയായ കാര്‍ത്തി വിഎസും സഹകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഒപ്പം യൂട്യൂബര്‍ അരുണ്‍ പ്രദീപും, സംസ്ഥാന അവാര്‍ഡ് ലഭിച്ച ‘ആവാസവ്യൂഹം’ എന്ന ചിത്രത്തിത്തിലൂടെ ശ്രദ്ധേയനായ രാഹുല്‍ രാജഗോപാലും മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നു.

◼️രജനികാന്ത് നായകനാകുന്ന പുതിയ സിനിമയാണ് ‘ജയിലര്‍’. നെല്‍സണ്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അടുത്തിടെ ‘ജയിലറു’ടെ ചിത്രീകരണത്തിന് ചെന്നൈയില്‍ തുടക്കമായിരുന്നു. തമന്ന ‘ജയിലറി’ല്‍ നായികയായേക്കുമെന്നാണ് വാര്‍ത്തകള്‍. രമ്യാ കൃഷ്ണനും ചിത്രത്തില്‍ കരുത്തുറ്റ കഥാപാത്രമായി എത്തും. എന്നാല്‍ ഓഗസ്റ്റ് 15ന് ആവും രജനീകാന്ത് എത്തുക. ആക്ഷന്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍, പേര് സൂചിപ്പിക്കുന്നതുപോലെ ഒരു ജയിലറുടെ വേഷത്തിലാണ് രജനി എത്തുക. അനിരുദ്ധ് രവിചന്ദര്‍ സംഗീതം പകരുന്ന ചിത്രത്തിന് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് വിജയ് കാര്‍ത്തിക് കണ്ണന്‍ ആണ്.

◼️രാജ്യത്തിന്റെ 75-ാമത് സ്വാതന്ത്ര്യ ദിനത്തില്‍ ആഗോളതലത്തില്‍ ഒലയുടെ ആദ്യ ഇലക്ട്രിക് കാര്‍ അവതരിപ്പിക്കും. ചുവന്ന നിറത്തിലെ കാറിന്റെ മുന്‍ചക്രം മാത്രം കാണിച്ചുള്ള ഒരു ഷോര്‍ട്ട് വിഡിയോ പങ്കുവച്ച് ഒല സിഇഒ ഭവീഷ് അഗര്‍വാളാണ് പ്രഖ്യാപനം നടത്തിയത്. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് ഒല ഇലക്ട്രിക് കാര്‍ എത്തും. കുറച്ച് മാസങ്ങള്‍ക്ക് മുമ്പ്, ബ്രാന്‍ഡ് അതിന്റെ വരാനിരിക്കുന്ന ഇലക്ട്രിക് കാറിന്റെ മുന്‍ഭാഗവും പിന്‍ഭാഗവും കാണിക്കുന്ന ഒരു വിഡിയോ പുറത്തുവിട്ടിരുന്നു. ഇലക്ട്രിക് സ്‌പോര്‍ട്‌സ് കാര്‍ വികസിപ്പിക്കുന്നതിനെക്കുറിച്ചും മുമ്പ് തന്നെ ഒല ഇലക്ട്രിക് സൂചന നല്‍കിയിരുന്നു.

◼️സ്വതന്ത്ര്യത്തിനു വേണ്ടിയുള്ള ചെറുത്തു നില്പുകളില്‍ ഏറ്റവും പഴക്കമവകാശപ്പെടാവുന്ന കേരളം ദേശീയ നേതാക്കന്മാരുടെ കീഴില്‍ ദേശീയ പ്രസ്ഥാനങ്ങളോട് അണി ചേര്‍ന്നു പ്രവര്‍ത്തിച്ചതിന്റെ കഥ. ‘ഇന്ത്യന്‍ സ്വാതന്ത്ര്യസമരവും കേരളവും’. പി എ വാര്യര്‍. ഡിസി ബുക്സ്. വില 117 രൂപ.

◼️നമ്മുടെ പല വീടുകളിലും പല വീട്ടുപകരണങ്ങളിലും കണ്ടുവരുന്ന ഒന്നാണ് സിന്തറ്റിക് രാസവസ്തുക്കള്‍. പെട്ടെന്നൊന്നും എങ്ങും ലയിച്ച് ഇല്ലാതായിപ്പോകാത്ത ഈ രാസപദാര്‍ത്ഥങ്ങള്‍ ‘ഫോറെവര്‍ കെമിക്കല്‍സ്’ എന്നാണറിയപ്പെടുന്നത്. എന്നാല്‍ സിന്തറ്റിക് രാസവസ്തുക്കളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നവര്‍ക്ക് കരള്‍ കാന്‍സര്‍ സാധ്യത കൂടുതലാണെന്ന് ഗവേഷകര്‍ പറയുന്നു. അടുക്കളയില്‍ നമ്മളുപയോഗിക്കുന്ന നോണ്‍സ്റ്റിക് പാത്രങ്ങള്‍ മുതല്‍ ടാപ്പിലൂടെ വാട്ടര്‍, ഷാംപൂ, ക്ലീനിങ് ഉത്പന്നങ്ങള്‍ എന്നിവയില്‍ വരെ സിന്തറ്റിക്ക് രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ട്. ഈ കെമിക്കലുകള്‍ പതിവായി ഉപയോഗിക്കുന്നവരില്‍ മറ്റുള്ളവരെ അപേക്ഷിച്ച് 4.5 മടങ്ങ് കരള്‍ ക്യാന്‍സറിന് സാധ്യത കൂടുമെന്നാണ് ലോസാഞ്ചലസിലെ സത്തേണ്‍ കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ഗവേഷകര്‍ പറയുന്നത്. കരള്‍ രോഗങ്ങളില്‍ തന്നെ ഏറ്റവും ഗുരുതരമായിട്ടുള്ളതാണ് കരള്‍ കാന്‍സര്‍. കെമിക്കലുകള്‍ കരളിലെത്തിയ ശേഷം കരളിന്റെ പ്രവര്‍ത്തനം തടസപ്പെടുകയും പിന്നീട് ഇത് കരള്‍വീക്കത്തിലേക്ക് പോവുകയും ഇത് കാന്‍സറസായി മാറുകയും ചെയ്യുമെന്ന് പഠനം വിശദീകരിക്കുന്നു. നമ്മള്‍ നിത്യജീവിതത്തിലുപയോഗിക്കുന്ന പല സാധനങ്ങളും ക്രമേണ ഈ രോഗത്തിലേക്ക് നമ്മെ നയിക്കാമെന്ന വിവരം പങ്കുവയ്ക്കുന്ന ആദ്യ പഠനമായിരിക്കും ഇതെന്ന് പഠനത്തിന് നേതൃത്വം നല്‍കിയവര്‍ പറഞ്ഞു.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 79.63, പൗണ്ട് – 96.68, യൂറോ – 81.72, സ്വിസ് ഫ്രാങ്ക് – 84.57, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 56.75, ബഹറിന്‍ ദിനാര്‍ – 211.29, കുവൈത്ത് ദിനാര്‍ -259.73, ഒമാനി റിയാല്‍ – 206.92, സൗദി റിയാല്‍ – 21.21, യു.എ.ഇ ദിര്‍ഹം – 21.68, ഖത്തര്‍ റിയാല്‍ – 21.87, കനേഡിയന്‍ ഡോളര്‍ – 62.33.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *