◼️ഇന്നും ശക്തമായ മഴ. ആറു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി. കോട്ടയം, ആലപ്പുഴ, ഇടുക്കി, പത്തനംതിട്ട, തൃശൂര്‍, എറണാകുളം ജില്ലകളിലാണ് ഇന്ന് അവധി. തൃശൂര്‍, എറണാകുളം ജില്ലകളില്‍ ഇന്നു രാവിലെയാണ് അവധി പ്രഖ്യാപിച്ചത്. 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്. കേരളത്തിന് മുകളില്‍ അന്തരീക്ഷചുഴിയും മധ്യ ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതച്ചുഴിയും നിലനില്‍ക്കുന്നതിനാലാണ് മഴ തുടരുന്നത്. ഉരുള്‍പൊട്ടലിനും മലവെള്ളപ്പാച്ചിലിനും സാധ്യത. ഉയര്‍ന്ന തിരമാലകളും ശക്തമായ കാറ്റും ഉണ്ടാകും.
◼️ചാലക്കുടി പുഴയോരത്തു താമസിക്കുന്നവര്‍ എത്രയും വേഗം വീട് ഒഴിഞ്ഞുപോകണമെന്ന് തൃശൂര്‍ ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. പെരിങ്ങല്‍ക്കുത്ത് ഡാമിന്റെ നാലാമത്തെ ഷട്ടര്‍കൂടി തുറന്നു. തമിഴ്‌നാട്ടിലെ പറമ്പിക്കുളം, തൂണക്കടവ് ഡാമുകളിലെ വെള്ളം തുറന്നുവിട്ടതിനാല്‍ നിറഞ്ഞുകൊണ്ടിരിക്കുന്ന കേരളത്തിലെ പെരിങ്ങല്‍ക്കുത്ത് ഡാമിലെ വെള്ളം പരമാവധി തുറന്നുവിടുകയാണ്. ചാലക്കുടി പുഴയില്‍ ആറടിയോളം വെള്ളം ഉയരുമെന്നാണു മുന്നറിയിപ്പ്. കടലില്‍ വേലിയേറ്റമുണ്ടെങ്കില്‍ പുഴവെള്ളം കടലെടുക്കില്ല. ഇങ്ങനെയൊരു പ്രതിഭാസമുണ്ടായാല്‍ പ്രളയാന്തരീക്ഷം ഉണ്ടാകും.
◼️നാഷണല്‍ ഹെറാള്‍ഡിന്റെ ഡല്‍ഹി ആസ്ഥാനത്ത് ബ്രിട്ടീഷുകാര്‍പോലും ചെയ്യാത്ത പ്രവൃത്തിയാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ ചെയ്തതെന്ന് എഐസിസി അധ്യക്ഷ സോണിയാഗാന്ധി. പാര്‍ലമെന്റില്‍ പാര്‍ട്ടി എംപിമാരെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍. സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായിരുന്ന പത്രമാണിത്. ജവഹര്‍ലാല്‍ നെഹ്റു സ്ഥാപിച്ചതാണ്. അങ്ങനെയൊരു ഓഫീസാണ് എന്‍ഫോഴ്സ്മെന്റ് പൂട്ടി സീല്‍ ചെയ്ത് താക്കോലുമായി പോയത്. ഇതിനു പിറകേ, എഐസിസി ഓഫീസും തന്റെ വസതിയും പോലീസ് വളഞ്ഞെന്നും സോണിയ പരാതിപ്പെട്ടു. രാത്രി എട്ടോടെയാണ് വീടിനു മുന്നിലെ ബാരിക്കേഡുകള്‍ നീക്കം ചെയ്തത്.
*_KSFE_ GOLD LOAN*
*മനുഷ്യപ്പറ്റുള്ള ഗോള്‍ഡ് ലോണ്‍*
നിങ്ങളുടെ അടിയന്തിര സാമ്പത്തിക ആവശ്യങ്ങള്‍ക്ക് *_KSFE_* നല്‍കുന്നു സ്വര്‍ണ പണയ വായ്പ. മിതമായ പലിശ നിരക്കില്‍ ലളിതമായ നടപടിക്രമങ്ങളിലൂടെ 25 ലക്ഷം രൂപ വരെ പ്രതിദിനം നിങ്ങള്‍ക്ക് നേടാം. 12 മാസത്തെ വായ്പാ കാലയളവില്‍ നിശ്ചിത പലിശ അടച്ചതിന് ശേഷം ഒരു വര്‍ഷത്തേക്ക് വായ്പ പുതുക്കാന്‍ കഴിയും, കൂടാതെ പരമാവധി 36 മാസം വരെ ഈ സൗകര്യം ഉപയോഗിക്കാം. *കൂടുതല്‍ വിവരങ്ങള്‍ക്ക് : www.ksfe.com*
◼️പൊലീസ് വകുപ്പിനെ ആധുനികവത്കരിക്കാന്‍ അനുവദിച്ച ഫണ്ട് ഉപയോഗിച്ച് ഉന്നത പൊലീസുദ്യോഗസ്ഥര്‍ക്ക് കൂറ്റന്‍ വില്ലകളും ഓഫീസും പണിത മുന്‍ ഡിജിപി ലോക്നാഥ് ബെഹ്റയുടെ നടപടിക്ക് സര്‍ക്കാര്‍ അംഗീകാരം. മേലില്‍ ഇത്തരം ക്രമക്കേടുകള്‍ അരുതെന്ന താക്കീതോടെയാണ് ബെഹ്റയുടെ നടപടി ആഭ്യന്തര വകുപ്പ് അംഗീകരിച്ചത്. പൊലീസ് സ്റ്റാഫ് ക്വാട്ടേഴ്സിന് അനുവദിച്ച നാലരക്കോടി രൂപയാണ് ഉന്നതര്‍ക്കായി ആധുനിക വില്ലകള്‍ പണിതത്. ഇതില്‍ ഒരു വില്ലയിലാണ് ബെഹ്‌റ താമസിച്ചിരുന്നത്.
◼️നിലവിലുള്ള വനിത ജഡ്ജിയുടെ കീഴിലുള്ള വിചാരണയില്‍ തനിക്ക് തൃപ്തിയില്ലെന്നും നീതി കിട്ടില്ലെന്നും ആരോപിച്ച് അതിജീവിത ഹൈക്കോടതി രജിസ്ട്രാര്‍ക്കു കത്തു നല്‍കി. സിബിഐ പ്രത്യേക കോടതിയോ മറ്റേതെങ്കിലും വനിതാ ജഡ്ജിയോ വിചാരണ നടത്തണമെന്നാണ് ആവശ്യം. വിചാരണ നടത്തിയിരുന്ന സിബിഐ പ്രത്യേക കോടതി ജഡ്ജ് ഹണി എം വര്‍ഗീസിനു സ്ഥാനക്കയറ്റം ലഭിച്ച് ജില്ലാ സെഷന്‍സ് ജഡ്ജിയപ്പോള്‍ കേസും ഇതേ കോടതിയിലേക്കു മാറ്റിയതിനെതിരേയാണ് ഹര്‍ജി.
◼️അട്ടപ്പാടി മധുകൊലക്കേസില്‍ രണ്ടു സാക്ഷികള്‍കൂടി കൂറുമാറി. ഇരുപത്തിനാലാം സാക്ഷി മരുതനാണ് ഒടുവില്‍ കൂറുമാറിയത്. ഇതോടെ കേസില്‍ കൂറുമാറിയ സാക്ഷികളുടെ എണ്ണം പതിമൂന്നായി. ഇരുപത്തിമൂന്നാം സാക്ഷി ഗോകുല്‍ മാത്രമാണ് പൊലീസിന് നല്‍കിയ മൊഴിയില്‍ ഉറച്ചുനിന്നത്.
◼️
*ജോയ്ആലുക്കാസ് വിശേഷങ്ങള്‍*
ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും പ്രയോജനപ്പെടുത്താവുന്നതാണ്.
➖➖➖➖➖➖➖➖
◼️ജനവികാരം കണക്കിലെടുത്താണ് ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടര്‍ സ്ഥാനത്തുനിന്നു മാറ്റിയതെന്ന് സിപിഎം പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പാര്‍ട്ടിയിലും മുന്നണിയിലും എതിര്‍പ്പുണ്ടായി. ജനാധിപത്യപരമായ വിയോജിപ്പുകളെ കണ്ടില്ലെന്ന് വയ്ക്കുന്ന പാര്‍ട്ടിയല്ല സിപിഎമ്മെന്നും അദ്ദേഹം പറഞ്ഞു.
◼️എറണാകുളം ജില്ലയില്‍ അവധി പ്രഖ്യാപനം വൈകിയതുമൂലം ആശയക്കുഴപ്പം. മിക്ക വിദ്യാലയങ്ങളിലും വിദ്യാര്‍ത്ഥികള്‍ എത്തിയശേഷമാണ് അവധിക്കാര്യം അറിഞ്ഞത്. രാവിലെ എട്ടരയോടെയാണ് കളക്ടര്‍ അവധി പ്രഖ്യാപിച്ചത്. മഴ ശക്തമായി തുടരുന്നത് അപകരമായ സാഹചര്യങ്ങള്‍ക്ക് ഇടയാക്കുമെന്നു ബോധ്യപ്പെട്ടതിനാലാണു രാവിലെ അവധി പ്രഖ്യാപിച്ചതെന്നു കളക്ടര്‍ രേണുരാജ്.
◼️മോഷണക്കുറ്റം ചുമത്തി പിങ്ക് പൊലീസ് എട്ടു വയസുകാരിയെയും പിതാവിനെയും അപമാനിച്ച സംഭവത്തില്‍ സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്ന സിംഗിള്‍ ബഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് പരിഗണിക്കുന്നു. പൊലീസ് ഉദ്യോഗസ്ഥയായ രജിതയില്‍നിന്ന് ഒന്നരലക്ഷം രൂപയും കോടതി ചെലവുകള്‍ക്കായി 25000 രൂപയും ഈടാക്കാനാണ് ആഭ്യന്തര വകുപ്പ് ഉത്തരവിറക്കിയത്.
◼️കിഫ്ബി ഇടപാടില്‍ 11 നു ഹാജരാകണമെന്ന് ആവശ്യപ്പെട്ട എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു മുന്നില്‍ ഹാജരാകുന്ന കാര്യം തീരുമാനിച്ചില്ലെന്ന് സിപിഎം നേതാവും മുന്‍ ധനമന്ത്രിയുമായ തോമസ് ഐസക്. നിയമോപദേശം തേടിയശേഷം തീരുമാനമെടുക്കും.
◼️എല്‍ഡിഎഫ് ഭരിക്കുന്ന ചേര്‍ത്തല നഗരസഭയില്‍ കൊവിഡ് പ്രതിരോധ ഫണ്ട് വിനിയോഗത്തില്‍ സിപിഎം ക്രമക്കേടു നടത്തിയെന്ന് സിപിഐ. കൊവിഡ് രോഗികള്‍ക്കായുള്ള സിഫ്എല്‍ടിസിക്കായി അനുവദിച്ച 83 ലക്ഷം രൂപയില്‍ 36 ലക്ഷത്തിന്റെ കണക്കു മാത്രമേയുള്ളൂവെന്നും ബാക്കി പണം എവിടെയെന്നും കൗണ്‍സില്‍ യോഗത്തില്‍ സിപിഐ ചോദിച്ചു.
◼️കോഴിക്കോട് പന്തിരിക്കരയില്‍ ഇര്‍ഷാദിനെ സ്വര്‍ണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ രണ്ടു പേര്‍ കൂടി അറസ്റ്റില്‍. വയനാട് സ്വദേശികളായ ഷെഹീല്‍, ജിനാഫ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഒരാളെ കൂടി കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
◼️മരിച്ച മലയാളി വ്ളോഗര്‍ റിഫ മെഹ്നുവിന്റെ ഭര്‍ത്താവ് മെഹ്നാസ് മൊയ്തുവിനെതിരെ പോക്സോ കേസ് കൂടി ചുമത്തി കസ്റ്റഡിയിലെടുത്തു. വിവാഹം കഴിക്കുമ്പോള്‍ റിഫ മെഹ്നുവിന് പ്രായപൂര്‍ത്തിയായിരുന്നില്ലെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടി.
◼️കോഴിക്കോട് വെള്ളിമാടുകുന്നിലെ ചില്‍ഡ്രന്‍ ഹോമില്‍നിന്ന് ഇറങ്ങിപ്പോയ രണ്ടു പെണ്‍കുട്ടികളേയും കണ്ടെത്തി. കോഴിക്കോട് ടാഗോര്‍ സെന്റിനറി ഹാളിനു സമീപത്തുനിന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് പെണ്‍കുട്ടികളെ കണ്ടെത്തിയത്. പോക്സോ കേസിലെ ഇരകളായ കുട്ടികള്‍ ഇന്നു രാവിലെയാണ് ചാടിപ്പോയത്.
◼️യാത്രക്കാരന്‍ കടത്തിയ സ്വര്‍ണം അപഹരിച്ചെന്ന പരാതിയില്‍ കരിപ്പൂരില്‍ രണ്ടു കസ്റ്റംസ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡു ചെയ്തു. സൂപ്രണ്ട് പ്രമോദ് കുമാര്‍ സബിത, ഹവീല്‍ദാര്‍ സനിത് കുമാര്‍ എന്നിവര്‍ക്കെതിരെയാണ് നടപടി.
◼️ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ലൈംഗികാരോപണം ഉന്നയിച്ച കന്യാസ്ത്രീയുടെ ചിത്രവും വിവരങ്ങളും വെളിപ്പെടുത്തിയെന്നാരോപിച്ചുള്ള കേസ് റദ്ദാക്കിയ ഹൈക്കോടതി നടപടിക്കെതിരേ സംസ്ഥാനം സുപ്രീം കോടതിയില്‍. മാധ്യമപ്രവര്‍ത്തകര്‍ക്ക് കന്യാസ്ത്രീകള്‍ അയച്ച ഇ മെയില്‍ സന്ദേശം സ്വകാര്യ ആശയവിനിമയമാണെന്ന് വിലയിരുത്തിയാണ് സിസ്റ്റര്‍ അമല, സിസ്റ്റര്‍ ആനി റോസ് എന്നിവര്‍ക്കെതിരെയുള്ള കേസ് ഹൈക്കോടതി റദ്ദാക്കിയത്.
◼️എറണാകുളം കാക്കനാട് മുഖ്യമന്ത്രിയുടെ കാറിനു നേരെ കരിങ്കൊടിയുമായെത്തി ചില്ലില്‍ അടിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവ് സോണി ജോര്‍ജിന് എറണാകുളം സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചു.
◼️കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങേണ്ടിയിരുന്ന ആറു വിമാനങ്ങള്‍ കാലാവസ്ഥ മോശമായതിനാല്‍ കൊച്ചിയിലെ നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറക്കി. ഗള്‍ഫ് എയറിന്റെ ഷാര്‍ജയില്‍ നിന്നുള്ള വിമാനവും ബഹറൈനില്‍ നിന്നുള്ള വിമാനവും ഖത്തര്‍ എയര്‍വേയ്സിന്റെ ദോഹയില്‍ നിന്നുള്ള വിമാനവും എയര്‍ ഇന്ത്യാ എക്സ്പ്രസിന്റെ അബുദാബിയില്‍ നിന്നുള്ള വിമാനവും എയര്‍ അറേബ്യയുടെ ഷാര്‍ജയില്‍ നിന്നുള്ള വിമാനവുമാണ് നെടുമ്പാശേരിയിലിറങ്ങിയത്.
◼️നവോത്ഥാന സംരക്ഷണ സമിതിയെ സജീവമാക്കുന്നു. സമിതിയുടെ നിയമാവലി അംഗീകരിക്കണമെന്ന് മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ അദ്ദേഹം നിര്‍ദേശിച്ചു.
◼️നിലമ്പൂര്‍ അരുവാക്കോട് സെന്റ്രല്‍ വനം ഡിപ്പോയില്‍ ഈ മാസം 10 ന് മെഗാ ഈട്ടി ലേലം. ഡിപ്പോയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഈട്ടി ലേലമാണിത്. 129 ഘനമീറ്റര്‍ ഈട്ടി തടികളാണ് 113 ലോട്ടുകളിലായി ലേലം ചെയ്യുന്നത്.
◼️നടി മാലാ പാര്‍വതിയുടെ അമ്മയും പ്രമുഖ ഗൈനക്കോളജിസ്റ്റുമായ ഡോ. കെ. ലളിത അന്തരിച്ചു. 85 വയസായിരുന്നു. അര്‍ബുദബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.
◼️നാഷണല്‍ ഹെറാള്‍ഡ് മന്ദിരത്തിലെ യംഗ് ഇന്ത്യന്‍ ഓഫീസ് എന്‍ഫോഴ്സ്മെന്റ് മുദ്രവച്ചതിനെതിരെ ലോകസഭയിലും രാജ്യസഭയിലും കോണ്‍ഗ്രസ് പ്രതിഷേധം. എംപിമാരുടെ ബഹളംമൂലം ഇരു സഭകളും ഉച്ചയ്ക്കു രണ്ടുവരെ നിര്‍ത്തിവച്ചു. നരേന്ദ്രമോദിയെ ഭയക്കുന്നില്ലെന്നും ഭീഷണിക്ക് വഴങ്ങില്ലെന്നും രാഹുല്‍ ഗാന്ധി പ്രതികരിച്ചു. സഭ ചേരുന്നതിനിടെ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്റ് തനിക്കു നോട്ടീസ് തന്നിരിക്കുകയാണെന്ന് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ രാജ്യസഭയില്‍ പറഞ്ഞു. എന്‍ഫോഴ്സ്മെന്റിനെ ദുരുപയോഗിക്കുകയാണെന്ന് ആരോപിച്ചതോടെ ഭരണപക്ഷവും ബഹളമുണ്ടാക്കി.
◼️നാഷണല്‍ ഹെറാള്‍ഡ് ദിനപ്പത്രം പ്രവര്‍ത്തിക്കുന്ന ഡല്‍ഹിയിലെ കെട്ടിടത്തിലെ ‘യങ് ഇന്ത്യന്‍’ ഓഫീസ് അടച്ചു പൂട്ടിയ നടപടി താത്കാലികമെന്ന് എന്‍ഫോഴ്സ്മെന്റ് വിഭാഗം. ഓഫീസിലെ പരിശോധന പൂര്‍ത്തിയായ ശേഷം തുറന്നുകൊടുക്കുമെന്നും എന്‍ഫോഴ്സ്മെന്റ് അറിയിച്ചു.
◼️സുപ്രീംകോടതിയുടെ അടുത്ത ചീഫ് ജസ്റ്റീസായി ജസ്റ്റിസ് യു.യു. ലളിതിനെ ചീഫ് ജസ്റ്റിസ് എന്‍.വി. രമണ ശുപാര്‍ശ ചെയ്തു. ചീഫ് ജസ്റ്റിസ് എന്‍.വി.രമണ ഓഗസ്റ്റ് 26 ന് വിരമിക്കും.
◼️പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു ദേശീയപതാകയുമായി നില്‍ക്കുന്ന ചിത്രം ട്വിറ്ററില്‍ പ്രൊഫൈല്‍ ചിത്രമാക്കി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. സോഷ്യല്‍ മീഡിയകളില്‍ ദേശീയപതാക പ്രൊഫൈല്‍ ചിത്രമാക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭ്യര്‍ത്ഥനയ്ക്ക് പിന്നാലെയാണ് ഫോട്ടോ മാറ്റിയത്. നെഹ്റു ദേശീയപതാകയുമായി നില്‍ക്കുന്ന ചിത്രം അനേകായിരങ്ങളാണ് പ്രൊഫൈല്‍ ചിത്രമാക്കിയത്.
◼️തായ്വാന്‍ ദ്വീപിനു ചുറ്റും സൈനികാഭ്യാസവുമായി ചൈന. അമേരിക്കന്‍ പാര്‍ലമെന്റ് സ്പീക്കര്‍ നാന്‍സി പെലോസിയുടെ തായ്വാന്‍ സന്ദര്‍ശനത്തിനെതിരേയാണ് സൈനികാഭ്യാസം. തായ്വാന് 16 കിലോമീറ്റര്‍ അകലെ ആറു കേന്ദ്രങ്ങളിലായാണു സൈനികാഭ്യാസം. യുദ്ധവിമാനങ്ങളും മുങ്ങിക്കപ്പലുകളും അണിചേരുന്നതിനാല്‍ വ്യോമ, ചരക്കു ഗതാഗതത്തെ ബാധിച്ചു. അമേരിക്കയും ജി ഏഴ് രാജ്യങ്ങളും ചൈനയുടെ സൈനികാഭ്യാസത്തെ അപലപിച്ചു.
◼️കോമണ്‍വെല്‍ത്ത് ഗെയിംസ് ക്രിക്കറ്റില്‍ ഇന്ത്യന്‍ വനിതകള്‍ സെമിയില്‍. ബാര്‍ബഡോസിനെതിരെ ഇന്ത്യക്കു നൂറു റണ്‍സിന്റെ തകര്‍പ്പന്‍ ജയം. ഇന്ത്യ ഉയര്‍ത്തിയ 163 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ബാര്‍ബഡോസിന് എട്ട് വിക്കറ്റിന് 62 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. രേണുക സിംഗ് നാല് ഓവറില്‍ 10 റണ്‍സ് മാത്രം വിട്ടുകൊടുത്ത് നാലു വിക്കറ്റ് വീഴ്ത്തി. ബാറ്റിംഗില്‍ ഷെഫാലി വര്‍മ്മയും ജെമീമ റൊഡ്രിഗസും ദീപ്തി ശര്‍മ്മയും തിളങ്ങി.
◼️കോമണ്‍വെല്‍ത്ത് ഗെയിംസിലെ ഏറ്റവും വേഗമേറിയ പുരുഷതാരമായി കെനിയയുടെ ഫെര്‍ഡിനാഡ് ഒമാനിയാല. ദക്ഷിണാഫ്രിക്കയുടെ അക്കാനി സിംബെനിയക്ക വെള്ളിയും ശ്രീലങ്കയുടെ യുപ്പുന്‍ വെങ്കലവും സ്വന്തമാക്കി. അതേസമയം ജമൈക്കയുടെ എലൈന്‍ തോംപ്‌സണ്‍ കോമണ്‍വെല്‍ത്ത് ഗെയിംസിലെ വേഗമേറിയ വനിതാ താരമായി. സൈന്റ് ലൂസിയയുടെ ജൂലിയന്‍ ആല്‍ഫ്രഡ് വെള്ളിയും ഇംഗ്ലണ്ടിന്റെ ഡാരില്‍ നൈറ്റ വെങ്കലവും നേടി.
◼️സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില ഉയര്‍ന്നു. ഇന്നലെ ഇടിഞ്ഞ സ്വര്‍ണവിലയാണ് ഇന്ന് ഉയര്‍ന്നത്. ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന് 160 രൂപയുടെ ഇടിവാണ് ഉണ്ടായത്. ഇന്ന് 280 രൂപ ഉയര്‍ന്നു. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 38,000 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഇന്നലെ 20 രൂപ കുറഞ്ഞിരുന്നു. ഇന്ന് 35 രൂപ ഉയര്‍ന്നു. വെള്ളിയാഴ്ച 10 രൂപ ഉയര്‍ന്നിരുന്നു. കൂടാതെ, വ്യാഴാഴ്ച രണ്ട് തവണ സ്വര്‍ണവില ഉയര്‍ന്നിരുന്നു. രാവിലെ 35 രൂപയും ഉച്ചയ്ക്ക് 30 രൂപയും ഉയര്‍ന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 4715 രൂപയാണ്. 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും ഉയര്‍ന്നു. വെള്ളിയാഴ്ച 10 രൂപ ഉയര്‍ന്നിരുന്നു. ഇന്ന് 30 രൂപ ഉയര്‍ന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 3925 രൂപയാണ്.
◼️നടപ്പു സാമ്പത്തികവര്‍ഷത്തെ ആദ്യപാദമായ ഏപ്രില്‍-ജൂണില്‍ ബാങ്ക് ഒഫ് ഇന്ത്യ 561 കോടി രൂപ ലാഭം രേഖപ്പെടുത്തി. 2,183 കോടി രൂപയാണ് പ്രവര്‍ത്തനലാഭം. അറ്റ പലിശവരുമാനം 29.51 ശതമാനം വര്‍ദ്ധിച്ച് 4,072 കോടി രൂപയായി. മൊത്തം നിഷ്‌ക്രിയ ആസ്തി (ജി.എന്‍.പി.എ) 13.5 ശതമാനത്തില്‍ നിന്ന് 9.3 ശതമാനത്തിലേക്കും അറ്റ നിഷ്‌ക്രിയ ആസ്തി (എന്‍.എന്‍.പി.എ) 3.35 ശതമാനത്തില്‍ നിന്ന് 2.21 ശതമാനത്തിലേക്കും കുറഞ്ഞത് ബാങ്കിന് നേട്ടമായി. റീട്ടെയില്‍ വായ്പകള്‍ 22.45 ശതമാനവും കാര്‍ഷിക വായ്പകള്‍ 16.40 ശതമാനവും എം.എസ്.എം.ഇ വായ്പകള്‍ 7.96 ശതമാനവും ഉയര്‍ന്നു. ബാങ്കിന്റെ ആഗോള ബിസിനസ് 7.74 ശതമാനം വര്‍ദ്ധിച്ച് 11.18 ലക്ഷം കോടി രൂപയിലുമെത്തി.
◼️ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന ആക്ഷന്‍ ചിത്രം ‘കിംഗ് ഓഫ് കൊത്ത’യില്‍ ഐശ്വര്യ ലക്ഷ്മി ഭാഗമാകുമെന്ന് റിപ്പോര്‍ട്ട്. അണിയറ പ്രവര്‍ത്തകര്‍ നായികാ കഥാപാത്രത്തിലേക്ക് നടിയെ പരിഗണിക്കുന്നു. ഇതാദ്യമായാണ് ദുല്‍ഖറും ഐശ്വര്യയും ഒന്നിച്ച് അഭിനയിക്കുന്നത്. സംവിധായകന്‍ ജോഷിയുടെ മകന്‍ അഭിലാഷ് ജോഷിയാണ് ചിത്രത്തിന്റെ സംവിധാനം. അഭിലാഷ് സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാണ് ‘കിംഗ് ഓഫ് കൊത്ത’. ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്. അഭിലാഷ് എന്‍ ചന്ദ്രനാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിക്കുന്നത്.
◼️കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് ബാലകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ന്നാ താന്‍ കേസ് കൊട്’. മമ്മൂട്ടി നായകനായ ‘കാതോട് കാതോരം’ എന്ന ചിത്രത്തിന് വേണ്ടി യേശുദാസ് പാടിയ ‘ദേവദൂതര്‍ പാടി’ എന്ന ഗാനം ‘ന്നാ താന്‍ കേസ് കൊടി’ന് വേണ്ടി റിപ്രൊഡ്യൂസ് ചെയ്ത് പുറത്തിറക്കിയിരുന്നു. ചാക്കോച്ചന്റെ കിടിലന്‍ ഡാന്‍സോടെ പുറത്തെത്തിയ ഗാനം സ്റ്റാറ്റസുകളിലും സോഷ്യല്‍മീഡിയയിലും തരംഗം സൃഷ്ടിച്ചു. ഇപ്പോഴിതാ പുതിയ റെക്കോര്‍ഡ് ഇട്ടിയിരിക്കുകയാണ് ചാക്കോച്ചന്റെ ‘ദേവദൂതര്‍ പാടി’. 10 മില്യണ്‍ കാഴ്ച്ചക്കരെയാണ് ഗാനം ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട് നേടിയത്. മലയാളത്തില്‍ ആദ്യമായി ഏറ്റവും വേഗത്തില്‍ 10 മില്യണ്‍ കാഴ്ച്ചക്കാരെ സ്വന്തമാക്കിയ ഗാനം എന്ന പ്രത്യേകതയും ഈ പാട്ടിന് സ്വന്തമാണ്.
◼️ജാപ്പനീസ് ഇരുചക്ര വാഹന ബ്രാന്‍ഡായ ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ പുതിയ ലിമിറ്റഡ് എഡിഷന്‍ ഡിയോ സ്പോര്‍ട്സിനെ വിപണിയില്‍ അവതരിപ്പിച്ചു. 68,317 രൂപ പ്രാരംഭ വിലയില്‍ (എക്സ്-ഷോറൂം, ന്യൂഡല്‍ഹി) വിലയിലാണ് വാഹനത്തെ അവതരിപ്പിച്ചത്. ഉപഭോക്താക്കള്‍ക്ക് അവരുടെ അടുത്തുള്ള റെഡ് വിംഗ് ഡീലര്‍ഷിപ്പില്‍ നിന്നോ അല്ലെങ്കില്‍ ബ്രാന്‍ഡിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴിയോ വാഹനത്തെ അടുത്തറിയാം. സ്ട്രോണ്‍ഷ്യം സില്‍വര്‍ മെറ്റാലിക് വിത്ത് ബ്ലാക്ക്, സ്‌പോര്‍ട്‌സ് റെഡ് വിത്ത് ബ്ലാക്ക് എന്നിങ്ങനെ പുതിയ ഹോണ്ട ഡിയോ സ്‌പോര്‍ട്‌സ് രണ്ട് കളര്‍ ഓപ്ഷനുകളില്‍ ലഭ്യമാണ്. സ്റ്റാന്‍ഡേര്‍ഡ്, ഡീലക്സ് എന്നീ രണ്ട് വേരിയന്റുകളില്‍ സ്‌കൂട്ടര്‍ വാഗ്ദാനം ചെയ്യുന്നു. യഥാക്രമം 68,317 രൂപയും 73,317 രൂപയുമാണ് സ്‌കൂട്ടറിന്റെ ദില്ലി എക്സ്-ഷോറൂം വില.
◼️അടുക്കളയുടെ ചതുരത്തിനപ്പുറം അതിരുകള്‍ ദേദിക്കാനും എന്നാല്‍ സ്നേഹനിര്‍ഭയമായ നിയന്ത്രണങ്ങള്‍ക്ക് വിധേയമാകുവാനും സ്വയം സജ്ഞ്ജയായ ലളിതലാവണ്യമാണ് ഒരു സ്ത്രീരൂപത്തില്‍ ഈ കവിതകളെ ആസ്വാദ്യമാക്കുന്നുണ്ട്. ‘നോവുകളുടഞ്ഞ ശംഖുകള്‍’. ജസിയാ ഷാജഹാന്‍. കേരള ബുക് സ്റ്റോര്‍ പബ്ളിഷേഴ്സ്. വില 114 രൂപ.
◼️രോഗലക്ഷണങ്ങള്‍ പ്രകടമാകുന്നതിന് 17 വര്‍ഷങ്ങള്‍ക്ക് മുന്‍പുതന്നെ അല്‍സ്ഹൈമേഴ്സിന്റെ സൂചനകള്‍ നല്‍കാന്‍ സഹായിക്കുന്ന രക്തപരിശോധന വികസിപ്പിച്ച് ജര്‍മനിയിലെ ഗവേഷകര്‍. ബോഹം റൂര്‍ സര്‍വകലാശാലയിലെ സെന്റര്‍ ഫോര്‍ പ്രോട്ടീന്‍ ഡയഗണസ്റ്റിക്സും ഹൈഡല്‍ബര്‍ഗിലെ ജര്‍മന്‍ കാന്‍സര്‍ റിസര്‍ച്ച് സെന്ററും ചേര്‍ന്നാണ് ഇതു സംബന്ധിച്ച പഠനം നടത്തിയത്. ഒരു ഇമ്മ്യൂണോ-ഇന്‍ഫ്രാറെഡ് സെന്‍സര്‍ ഉപയോഗിച്ച് രക്തത്തിലെ അമിലോയ്ഡ്-ബീറ്റ പ്രോട്ടീന്‍ ബയോമാര്‍ക്കറിന്റെ മടക്കുകളില്‍ ഉണ്ടാകുന്ന വ്യതിയാനം തിരിച്ചറിഞ്ഞാണ് ഗവേഷകര്‍ അല്‍സ്ഹൈമേഴ്സ് പ്രവചിക്കുന്നത്. രോഗം പുരോഗമിക്കുന്നതോടെ പ്രോട്ടീന്‍ മടക്കുകളില്‍ ഉണ്ടാകുന്ന ഈ വ്യതിയാനം തലച്ചോറില്‍ പ്ലാക്കുകള്‍ അടിഞ്ഞ് കൂടാന്‍ കാരണമാകുന്നു. അല്‍സ്ഹൈമേഴ്സ് രോഗത്തിന്റെ ലക്ഷണങ്ങള്‍ ആദ്യ 15-20 വര്‍ഷത്തേക്ക് പുറമേക്ക് ദൃശ്യമാകില്ല. ഈ ഘട്ടത്തില്‍ വച്ചുതന്നെ മറവിരോഗ സാധ്യതകള്‍ നിര്‍ണയിക്കാന്‍ സാധിക്കുന്നത് മെച്ചപ്പെട്ട ചികിത്സകള്‍ വികസിപ്പിക്കാന്‍ സഹായിക്കും. അല്‍സ്ഹൈമേഴ്സ് ആന്‍ഡ് ഡിമന്‍ഷ്യ ജേണലിലാണ് ഇത് സംബന്ധിച്ച ഗവേഷണപഠനം പ്രസിദ്ധീകരിച്ചത്. അല്‍സ്ഹൈമേഴ്സ് മാത്രമല്ല പാര്‍ക്കിന്‍സണ്‍സ് ഡിസീസ്, ഹണ്ടിങ്ടണ്‍സ് ഡിസീസ് പോലുള്ള മറവി രോഗങ്ങളുടെ പ്രവചനത്തിലും ഈ പുതിയ കണ്ടെത്തല്‍ സഹായകമാകുമെന്ന് കരുതപ്പെടുന്നു.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ – 79.76, പൗണ്ട് – 97.06, യൂറോ – 80.49, സ്വിസ് ഫ്രാങ്ക് – 81.19, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 55.60, ബഹറിന്‍ ദിനാര്‍ – 211.46, കുവൈത്ത് ദിനാര്‍ -259.86, ഒമാനി റിയാല്‍ – 207.40, സൗദി റിയാല്‍ – 21.22, യു.എ.ഇ ദിര്‍ഹം – 21.71, ഖത്തര്‍ റിയാല്‍ – 21.90, കനേഡിയന്‍ ഡോളര്‍ – 62.07.