ശബരിമല തീർത്ഥാടനത്തിന്റെ ഭാഗമായി താളമേളവാദ്യ അകമ്പടിയോടുകൂടിയ അനുഷ്ഠാന ആനന്ദനൃത്തമാണ് എരുമേലി പേട്ടതുള്ളൽ……!!!!
വൃശ്ചിക-ധനു മാസക്കാലങ്ങളിലെ (ഡിസംബർ-ജനുവരി മാസങ്ങളിൽ) മണ്ഡലമകരവിളക്കു കാലത്ത് കോട്ടയം ജില്ലയിലെ എരുമേലി പട്ടണത്തിലാണ് ഈ അനുഷ്ഠാനം നടക്കുന്നത്. ശബരിമലയിൽ ആദ്യമായി വരുന്ന ഭക്തർ (ഇവർ കന്നിസ്വാമിമാർ എന്ന് അറിയപ്പെടുന്നു) ആണ് പേട്ടതുള്ളുക. മുഖത്ത് ചായം തേച്ച് തടികൊണ്ടുള്ള ആയുധങ്ങളും ആയി നൃത്തം ചവിട്ടുന്ന ചടങ്ങാണ് പേട്ടതുള്ളൽ. ഈ പ്രാർത്ഥനയുടെ അർത്ഥം ഒരുവന്റെ അഹന്തയെ വെടിഞ്ഞ് അയ്യപ്പന് സ്വയമായി അടിയറവു വയ്ക്കുക എന്നതാണ്.
പേട്ടതുള്ളുന്നവർ അയ്യപ്പക്ഷേത്രത്തിനും വാവരുടെ മോസ്കിനും ചുറ്റും പ്രദക്ഷിണം വയ്ക്കുന്നു. പിന്നീട് ഇവർ നദിയിൽ പോയി കുളിക്കുന്നു.കുളികഴിഞ്ഞ ശേഷം ഭക്തർ വീണ്ടും ക്ഷേത്രം സന്ദർശിച്ച് അയ്യപ്പനിൽ നിന്ന് ശബരിമല കയറുവാനുള്ള അനുവാദം വാങ്ങുന്നു. പിന്നീട് ഭക്തർ തങ്ങളുടെ ഗുരുവിന്റെ നിർദ്ദേശമനുസരിച്ച് “അത്തലെന്യേ ധരണിയിലുള്ളൊരു മർത്ത്യരൊക്കെയുമയ്യനെ കൂപ്പുവാൻ കൂട്ടമോടെ എരുമേലിയിൽ ചെന്നിട്ടു പേട്ട” കൊണ്ടാടുകയായിരുന്നു മുൻകാലങ്ങളിലെ പതിവ്.
വ്രതാനുഷ്ഠാനകഅലത്ത് അറിഞ്ഞോ അറിയാതെയോ ചെയ്ത തെറ്റുകൾ പൊറുക്കണമെന്നപേക്ഷിച്ചു കൊണ്ട് ഒരു നാണയം വെറ്റിലപാക്കോടെ പുണ്യപാപച്ചുമടായ ഇരുമുടിക്കെട്ടിൽ വെച്ചു നമസ്കരിക്കുന്ന “പ്രായശ്ചിത്ത”മാണ് പേട്ടകെട്ടിലെ ആദ്യ ചടങ്ങ്.പെരിയസ്വാമിക്കു “പേട്ടപ്പണം കെട്ടൽ” ആണടുത്തത്. ദക്ഷിണ എന്നാണതിനു പേർ. എട്ടടിയോളം നീളമുള്ള ബലമുള്ള ഒരു കമ്പിൽ കമ്പിളിപ്പുതപ്പിനുള്ളിൽ പച്ചക്കറികളൂം കിഴങ്ങുകളും കെട്ടിത്തൂക്കുന്നു.
രണ്ടു കന്നി അയ്യപ്പന്മാർ (ആദ്യം മല ചവിട്ടുന്നവർ) കമ്പിൻറെ അഗ്രങ്ങൾ തോളിൽ വഹിക്കുന്നു. കന്നിക്കാരുടേ എന്നമനുസ്സരിച്ച് ഇത്തരം ജോഡികളുടെ എണ്ണം കൂടും. ബാക്കിയുള്ളവർ ശരക്കോൽ, പച്ചിലക്കമ്പുകൾ, എന്നിവ കയ്യിലേന്തും. എല്ലാവരും കുങ്കുമം, ഭസ്മം, കരി എന്നിവ് അദേഹം മുഴുവൻ വാരി പൂശും.പേട്ടയിലുള്ള കൊച്ചമ്പലത്തിൻറെ മുന്നിൽനിന്നാണ് പേട്ടതുള്ളൽ തുടങ്ങുക. ആദ്യം കോട്ടപ്പടിയിൽ നാളികേരം ഉരുട്ടും. അതിനു ശേഷം കൊച്ചമ്പലത്തിൽ കയറി ദർശനം നടത്തും. അവിടെ നിന്നും വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ എതിരെയുള്ള വാവർപള്ളിയിലേക്കു നീങ്ങുന്നു. ആനന്ദനൃത്തലഹരിയിൽ “അയ്യപ്പൻ തിന്തകത്തോം,സ്വാമി തിന്തകത്തോം” എന്നാർത്തുവിളിച്ചാണ് സംഘനൃത്തം.
അയ്യപ്പന്മാർ വാവരുസ്വാമിയെ സന്ദർശിക്കയും അവിടെ കാണിക്കയിടുകയും ചെയ്യുന്നു.അവിറ്റെ നിന്നു കിട്ടുന്ന കുരുമുളക് പ്രസാദവും വാങ്ങി വലിയമ്പലത്തേക്കു തുള്ളി നീങ്ങുന്നു.വലിയമ്പലത്തിലെത്താൻ അര മണിക്കൂർ എടുക്കും. വലിയമ്പലത്തിലെത്തിയാൽ പ്രദക്ഷിണം വച്ച് പച്ചിലക്കമ്പുകൾ ക്ഷേത്രത്തിനു മുകളിൽ നിക്ഷേപിക്കുന്നു.വലം വച്ചു കർപ്പൂരം കത്തിച്ചു തുള്ളൽ അവസാനിപ്പിക്കുന്നു.വലിയമ്പലത്തിനു സമീപം ഒഴുകുന്ന തോട്ടിൽ ഇറങ്ങിക്കുളിക്കുന്നു.
വീണ്ടും ക്ഷേത്ര ദർശ്നം നടത്തി ഇരുമുടിക്കെട്ടു വച്ചിരിക്കുന്ന വിരിയിൽ പോയി വിശ്രമിക്കുന്നു. അടുത്ത ദിവസം കുളിച്ച് അമ്പലത്തിൽ തൊഴുത് വാവരുസ്വാമിയേയും കൊച്ചമ്പലത്തിൽ അയ്യപ്പനേയും വന്ദിച്ച് ” കോട്ടപ്പടിയാസ്ഥാനവും കടന്ന് ,പേരൂത്തോട്ടിൽ നീരാടി കനിവിനോടു കാളകെട്ടി, അഴകിനൊടു അഴുതാനദിയിൽ പുക്ക് ,അഴുതയിൽ കുളിച്ച് കല്ലുമെടുത്ത് കല്ലൊരു ചുമടുമേന്തി കല്ലിടും കുന്നു കേറി കല്ലിട്ടു വലം തിരുഞ്ഞ് ,കരിമല മുകളില് പുക്കു ,വില്ലും ശരവും കുത്തി കിണറും കുളവും തോണ്ടി, പമ്പയിൽ തീർഥമാടി ,വലിയോരു ദാനവും കഴിച്ച്, ബ്രാഹ്മിണദക്ഷിണയും ചെയ്തു സദ്യയും കഴിച്ചു,ഗുരുക്കന്മാരെ വന്ദിച്ചുകൊണ്ടു, നീലിമല ചവിട്ടിക്കേറി ശബരിപീഠത്തിലധിവസിച്ച് ,ശരംകുത്തി വലം തിരിഞ്ഞു സത്യമായ പൊന്നു പതിനെട്ടാമ്പടിയും ചവിട്ടിക്കേറി ഹരിഹരസുതനെ ” ദർശിക്കയായിരുന്നു പഴയകാലത്തെ രീതി.
ചാലക്കയം വഴിയുള്ള യാത്ര പ്രചാരമായതോടെ പരമ്പരാരീതിയിൽ മല ചവിട്ടുന്നവർ കുറഞ്ഞു.എങ്കിലും തമിഴ്നാട്ടിൽ നിന്നെത്തുന്ന ഭക്തരിൽ നല്ല പങ്കും ഈ മാർഗ്ഗമാണ് സ്വീകരിക്കാറ്.അധർമ്മത്തിനും അനീതിക്കും അക്രമത്തിനും എതിരെ ഉയർന്ന ജനശക്തിയുടെ വിശ്വരൂപമാണ് എരുമേലി പേട്ടതുള്ളൽ. മഹിഷിയെ നിഗ്രഹിച്ച് ധർമ്മ സംസ്ഥാപനം നടത്തിയ അയ്യൻ അയ്യപ്പൻ എന്ന വെള്ളാലകുലജാതനായ മലയാളി ശേവുകൻ, ജനങ്ങളിൽ വൈകാരിക ഐക്യവും മുന്നേറ്റവും ഉണ്ടാക്കി.ജനശക്തി ആണ് സാമൂഹ്യപരിവർത്തനത്തിന്രെ ആണിക്കല്ല് എന്ന തിരിച്ചറിവാണ് പേട്ടതുള്ളൽ നൽകുന്ന സന്ദേശം.